Wednesday of week 1 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

11 Jan 2023

Wednesday of week 1 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന
സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 2:14-18
അവന്‍ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.

മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതു പോലെ യേശുവും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് ദൈവദൂതന്മാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്. ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 105:1-2,3-4,6-7,8-9

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍;
അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍;
അവിടുത്തെ പ്രവൃത്തികള്‍ ജനതകളുടെ ഇടയില്‍ ഉദ്‌ഘോഷിക്കുവിന്‍.
അവിടുത്തേക്കു ഗാനമാലപിക്കുവിന്‍;
സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍;
അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍;
കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്‌ളാദിക്കട്ടെ!
കര്‍ത്താവിനെയും അവിടുത്തെ ബലത്തെയും അന്വേഷിക്കുവിന്‍;
നിരന്തരം അവിടുത്തെ സാന്നിധ്യം തേടുവിന്‍.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

അവിടുത്തെ ദാസനായ അബ്രാഹത്തിന്റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ,
ഓര്‍മിക്കുവിന്‍. അവിടുന്നാണു നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍ ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

അവിടുന്നു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും;
തന്റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി,
ഇസഹാക്കിനു ശപഥപൂര്‍വം നല്‍കിയ വാഗ്ദാനം തന്നെ.

കര്‍ത്താവു തന്റെ ഉടമ്പടി എന്നേക്കും അനുസ്മരിക്കും.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ നന്നായി അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 1:29-39
വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി.

അക്കാലത്ത്, യേശു സിനഗോഗില്‍ നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി. ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. അവന്‍ അടുത്തുചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു.
അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല.
അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം
അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s