Friday of week 1 in Ordinary Time / Saint Hilary

🌹 🔥 🌹 🔥 🌹 🔥 🌹

13 Jan 2023

Friday of week 1 in Ordinary Time 
or Saint Hilary, Bishop, Doctor 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന
സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 4:1-5,11
നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം.

സഹോദരരേ, അവിടുന്നു നല്‍കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്‍ക്കുമ്പോള്‍ത്തന്നെ, അതില്‍ പ്രവേശിക്കാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കിലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം. അവര്‍ക്കെന്നതുപോലെ തന്നെയാണ് നമുക്കും സുവിശേഷം ലഭിച്ചത്. എന്നാല്‍, അവര്‍ കേട്ട വചനം അവര്‍ക്കു പ്രയോജനപ്പെട്ടില്ല; കാരണം, അവര്‍ അതു വിശ്വസിച്ചില്ല. എന്നാല്‍, വിശ്വസിച്ചവരായ നാം വിശ്രമത്തിലേക്കു പ്രവേശിക്കുന്നു. ലോകത്തെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ത്തന്നെ അവിടുത്തെ ജോലി പൂര്‍ത്തീകരിക്കപ്പെട്ടു. എങ്കിലും അവിടുന്നു പറഞ്ഞിരിക്കുന്നു: എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തതുപോലെ, അവരൊരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല. ഏഴാം ദിവസത്തെപ്പറ്റി ഒരിടത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നു: തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചു. വീണ്ടും ഇങ്ങനെ പറഞ്ഞിരിക്കുന്നു: അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
അതുപോലുള്ള അനുസരണക്കേടുമൂലം അധഃപതിക്കാതിരിക്കുന്നതിനു നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 78:3,4bc,6c-7,8

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

പുരാതന ചരിത്രത്തിന്റെ പൊരുള്‍ ഞാന്‍ വ്യക്തമാക്കാം.
നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്;
പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്.
അവരുടെ മക്കളില്‍ നിന്നു നാം അതു മറച്ചുവയ്ക്കരുത്;
കര്‍ത്താവു പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങളും
അവിടുത്തെ ശക്തിപ്രഭാവവും അദ്ഭുതകൃത്യങ്ങളും
വരുംതലമുറയ്ക്കു വിവരിച്ചുകൊടുക്കണം.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും
അവിടുത്തെ പ്രവൃത്തികളെ വിസ്മരിക്കാതെ
കല്‍പനകള്‍ പാലിക്കുകയും ചെയ്യും.
അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ
ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ചഞ്ചലഹൃദയരും
ദൈവത്തോട് അവിശ്വസ്തരും ആകരുത്.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കള്‍,
അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക്
അവ പറഞ്ഞുകൊടുക്കുകയും ചെയ്യും.

കര്‍ത്താവിന്റെ പ്രവൃത്തികള്‍ വിസ്മരിക്കരുത്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 2:1-12
ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്.

കുറെ ദിവസങ്ങള്‍ കഴിഞ്ഞ്, യേശു കഫര്‍ണാമില്‍ തിരിച്ചെത്തിയപ്പോള്‍, അവന്‍ വീട്ടിലുണ്ട് എന്ന വാര്‍ത്ത പ്രചരിച്ചു. വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ സ്ഥലം തികയാത്തവിധം നിരവധിയാളുകള്‍ അവിടെക്കൂടി. അവന്‍ അവരോടു വചനം പ്രസംഗിച്ചുകൊണ്ടിരുന്നു. അപ്പോള്‍, നാലുപേര്‍ ഒരു തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവന്നു. ജനക്കൂട്ടം നിമിത്തം അവന്റെ അടുത്തെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍, അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്‍ക്കൂര പൊളിച്ച്, തളര്‍വാതരോഗിയെ അവര്‍ കിടക്കയോടെ താഴോട്ടിറക്കി. അവരുടെ വിശ്വാസം കണ്ട് യേശു തളര്‍വാതരോഗിയോടു പറഞ്ഞു: മകനേ, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. നിയമജ്ഞരില്‍ ചിലര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. അവര്‍ ചിന്തിച്ചു: എന്തുകൊണ്ടാണ് ഇവന്‍ ഇപ്രകാരം സംസാരിക്കുന്നത്? ഇവന്‍ ദൈവദൂഷണം പറയുന്നു. ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ് പാപം ക്ഷമിക്കാന്‍ സാധിക്കുക? അവര്‍ ഇപ്രകാരം വിചാരിക്കുന്നുവെന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു. എന്തുകൊണ്ടാണു നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത്? ഏതാണ് എളുപ്പം? തളര്‍വാതരോഗിയോട് നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നുപറയുന്നതോ എഴുന്നേറ്റു നിന്റെ കിടക്കയുമെടുത്തു നടക്കുക എന്നു പറയുന്നതോ? എന്നാല്‍, ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് – അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു – ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക. തത്ക്ഷണം അവന്‍ എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്‍കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ല എന്നുപറഞ്ഞ് അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം
അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s