Thursday of week 1 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

12 Jan 2023

Thursday of week 1 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന
സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 3:7-14
ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍.

സഹോദരരേ, പരിശുദ്ധാത്മാവു പറയുന്നതുപോലെ, ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെ നിങ്ങളുടെ പിതാക്കന്മാര്‍ നാല്‍പതുവര്‍ഷം എന്നെ പരീക്ഷിക്കുകയും എന്റെ പ്രവൃത്തികള്‍ കാണുകയും ചെയ്തു. അതിനാല്‍, ആ തലമുറയോടു ഞാന്‍ കോപിച്ചു പറഞ്ഞു: അവര്‍ സദാ തങ്ങളുടെ ഹൃദയത്തില്‍ തെറ്റു ചെയ്യുന്നു. എന്റെ വഴികള്‍ അവര്‍ മനസ്സിലാക്കിയിട്ടില്ല. എന്റെ ക്രോധത്തില്‍ ഞാന്‍ ശപഥം ചെയ്തു പറഞ്ഞതുപോലെ, അവര്‍ ഒരിക്കലും എന്റെ വിശ്രമത്തിലേക്കു പ്രവേശിക്കുകയില്ല.
എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍ നിന്നു നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ പരസ്പരം ഉപദേശിക്കുവിന്‍; ഇതു നിങ്ങള്‍ പാപത്തിന്റെ വഞ്ചനയാല്‍ കഠിനഹൃദയരാകാതിരിക്കുവാനാണ്. എന്തെന്നാല്‍, നമ്മുടെ ആദ്യ വിശ്വാസത്തെ അവസാനം വരെ മുറുകെപ്പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളു.

പ്രതിവചനസങ്കീർത്തനം

സങ്കീ 95:6-7c,8-9,10-11

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം;
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം.
എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം.
നാം അവിടുന്നു മേയ്ക്കുന്ന ജനവും;
അവിടുന്നു പാലിക്കുന്ന അജഗണം.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!
മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതുപോലെ
നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.
അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു;
എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

നാല്‍പതു സംവത്സരം ആ തലമുറയോട് എനിക്കു നീരസം തോന്നി,
വഴിപിഴയ്ക്കുന്ന ഹൃദയത്തോടുകൂടിയ ജനമാണിത്;
എന്റെ വഴികളെ അവര്‍ ആദരിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞു.
അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുകയില്ലെന്നു
കോപത്തോടെ ഞാന്‍ ശപഥം ചെയ്തു.

നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 1:40-45
തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു.

അക്കാലത്ത് ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. അവന്‍ കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചുകൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ യേശുവിനു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ജനങ്ങളാകട്ടെ, എല്ലായിടങ്ങളിലും നിന്ന് അവന്റെ അടുത്തു വന്നുകൊണ്ടിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം
അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s