Saint Joseph Vaz on Monday of week 2 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

16 Jan 2023

Saint Joseph Vaz 
on Monday of week 2 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ ജോസഫ് വാസിന്‍റെ
മാതൃകയിലൂടെയും വൈദികശുശ്രൂഷയിലൂടെയും
ഏഷ്യയിലെ സഭയെ അങ്ങ് സമ്പന്നമാക്കിയല്ലോ.
അങ്ങേ ദാസന്‍ സത്യത്തിന്‍റെ വചനത്താല്‍ സജീവമാക്കിയവരും
ജീവന്‍റെ കൂദാശയാല്‍ പരിപോഷിപ്പിച്ചവരുമായ
അങ്ങേ ജനത്തെ കടാക്ഷിക്കണമേ.
അദ്ദേഹത്തിന്‍റെ മാധ്യസ്ഥ്യത്താല്‍,
അവര്‍ നിരന്തരം വിശ്വാസത്തില്‍ വളരാനും
സുവിശേഷത്തിന് ഫലപ്രദമായ സാക്ഷികളായിത്തീരാനും
കാരുണ്യപൂര്‍വം അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 5:1-10
പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു.

ജനങ്ങളില്‍ നിന്നു ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനപുരോഹിതന്‍, ദൈവികകാര്യങ്ങള്‍ക്കു നിയമിക്കപ്പെടുന്നതു പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്. അവന്‍ തന്നെ ബലഹീനനായതുകൊണ്ട്, അജ്ഞരോടും വഴിതെറ്റിയവരോടും വേണ്ടത്ര സഹതാപത്തോടെ പെരുമാറാന്‍ അവനു കഴിയും. ഇക്കാരണത്താല്‍, അവന്‍ ജനങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി എന്നപോലെ, സ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും ബലി സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു. അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല. അതുപോലെ തന്നെ, ക്രിസ്തുവും പ്രധാനപുരോഹിതനാകുന്നതിനു തന്നെത്തന്നെ മഹത്വപ്പെടുത്തിയില്ല. നീ എന്റെ പ്രിയപുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മമേകി എന്ന് അവനോടു പറഞ്ഞവന്‍ തന്നെയാണ് അവനെ മഹത്വപ്പെടുത്തിയത്. അവിടുന്ന് വീണ്ടും പറയുന്നു: മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും പുരോഹിതനാണ്.
തന്റെ ഐഹിക ജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍ നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടും കൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയം മൂലം അവന്റെ പ്രാര്‍ഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി. എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 110:1,2,3,4

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു:
ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം
നീ എന്റെ വലത്തുഭാഗത്തിരിക്കുക.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവു സീയോനില്‍ നിന്നു
നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും;
ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം
നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും;
ഉഷസ്സിന്റെ ഉദരത്തില്‍ നിന്നു മഞ്ഞെന്നപോലെ
യുവാക്കള്‍ നിന്റെ അടുത്തേക്കുവരും.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

കര്‍ത്താവു ശപഥംചെയ്തു:
മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു
നീ എന്നേക്കും പുരോഹിതനാകുന്നു,
അതിനു മാറ്റമുണ്ടാവുകയില്ല.

മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ച് നീ എന്നേക്കും പുരോഹിതനാകുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 2:18-22
മണവാളന്‍ അവരോടുകൂടെ ഉണ്ട്.

അക്കാലത്ത്, യോഹന്നാന്റെ ശിഷ്യന്മാരും ഫരിസേയരും ഉപവസിക്കുകയായിരുന്നു. ആളുകള്‍ വന്ന് യേശുവിനോടു ചോദിച്ചു: യോഹന്നാന്റെയും ഫരിസേയരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുകയും നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? യേശു പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴര്‍ക്ക് ഉപവസിക്കാന്‍ സാധിക്കുമോ? മണവാളന്‍ കൂടെയുള്ളിടത്തോളം കാലം അവര്‍ക്ക് ഉപവസിക്കാനാവില്ല. മണവാളന്‍ അവരില്‍ നിന്ന് അകറ്റപ്പെടുന്ന കാലം വരും; അന്ന് അവര്‍ ഉപവസിക്കും. ആരും പഴയ വസ്ത്രത്തില്‍ പുതിയ കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താല്‍ തുന്നിച്ചേര്‍ത്ത കഷണം അതില്‍ നിന്നു കീറിപ്പോരുകയും കീറല്‍ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞു പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താല്‍ തോല്‍ക്കുടങ്ങള്‍ പിളരുകയും വീഞ്ഞും തോല്‍ക്കുടങ്ങളും നഷ്ടപ്പെടുകയും ചെയ്യും. പുതിയ വീഞ്ഞിനു പുതിയ തോല്‍ക്കുടങ്ങള്‍ വേണം.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാളില്‍,
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ തൃക്കണ്‍പാര്‍ക്കണമേ.
കര്‍ത്താവിന്റെ പീഡാസഹനരഹസ്യം കൊണ്ടാടുന്ന ഞങ്ങള്‍,
അനുഷ്ഠിക്കുന്നത് അനുകരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

എസെ 34:15

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനെന്റെ ആടുകളെ മേയിക്കുകയും
ഞാനവര്‍ക്ക് വിശ്രമസ്ഥലം നല്കുകയുംചെയ്യും.

Or:
മത്താ 10:27

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അന്ധകാരത്തില്‍ നിങ്ങളോടു പറയുന്നവ
പ്രകാശത്തില്‍ പറയുവിന്‍;
ചെവിയില്‍ മന്ത്രിച്ചത്
പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ രഹസ്യങ്ങളുടെ ശക്തിയാല്‍,
അങ്ങേ ദാസരെ സത്യവിശ്വാസത്തില്‍ സ്ഥിരീകരിക്കണമേ.
അങ്ങനെ, വിശുദ്ധ N അവിരാമം പ്രയത്‌നിച്ചതും
തന്റെ ജീവിതം സമര്‍പ്പിച്ചതുമായ ആ വിശ്വാസം,
വാക്കാലും പ്രവൃത്തിയാലും എല്ലായിടത്തും
അങ്ങേ ദാസര്‍ ഏറ്റുപറയുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment