Saint John Bosco on Tuesday of week 4 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

*31 Jan 2023*

*Saint John Bosco, Priest* 
*on Tuesday of week 4 in Ordinary Time*

*Liturgical Colour: White.*

*സമിതിപ്രാര്‍ത്ഥന*

ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി
വൈദികനായ വിശുദ്ധ ജോണ്‍ ബോസ്‌കോയെ അങ്ങ് നിയോഗിച്ചുവല്ലോ.
ഈ വിശുദ്ധന്റെ സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്,
ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും
ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*

ഹെബ്രാ 12:1a-4
ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം.

സഹോദരരേ, നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയില്‍ എത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാല്‍, മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി, അവന്‍, തന്നെ എതിര്‍ത്ത പാപികളില്‍ നിന്ന് എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിന്‍. പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 22:25b-26ab,27,29,30-31

കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.

കര്‍ത്താവിന്റെ ഭക്തരുടെ മുന്‍പില്‍
ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും.
ദരിദ്രര്‍ ഭക്ഷിച്ചു തൃപ്തരാകും;
കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍
അവിടുത്തെ പ്രകീര്‍ത്തിക്കും.

കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.

ഭൂമിയുടെ അതിര്‍ത്തികള്‍ കര്‍ത്താവിനെ അനുസ്മരിക്കുകയും
അവിടുത്തെ അടുത്തേക്കു തിരിയുകയും ചെയ്യും;
എല്ലാ ജനതകളും അവിടുത്തെ സന്നിധിയില്‍ ആരാധനയര്‍പ്പിക്കും.
ഭൂമിയിലെ അഹങ്കാരികള്‍ അവിടുത്തെ മുന്‍പില്‍ കുമ്പിടും,
ജീവന്‍ പിടിച്ചുനിറുത്താനാവാതെ പൊടിയിലേക്കു മടങ്ങുന്നവര്‍
അവിടുത്തെ മുന്‍പില്‍ പ്രണമിക്കും.

കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.

പുരുഷാന്തരങ്ങള്‍ അവിടുത്തെ സേവിക്കും;
അവര്‍ ഭാവിതലമുറയോടു കര്‍ത്താവിനെപ്പറ്റി പറയും.
ജനിക്കാനിരിക്കുന്ന തലമുറയോടു
കര്‍ത്താവാണു മോചനം നേടിത്തന്നത്
എന്ന് അവര്‍ ഉദ്‌ഘോഷിക്കും.

കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും.

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ! അല്ലേലൂയ!

യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു വരുന്നില്ല.

അല്ലേലൂയ!

*സുവിശേഷം*

മാര്‍ക്കോ 5:21-43
ബാലികേ, എഴുന്നേല്‍ക്കൂ, എന്ന് യേശു പറഞ്ഞു.

അക്കാലത്ത്, യേശു വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനു ചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍ കൈകള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!
യേശു അവന്റെ കൂടെപോയി. വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു. പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. പല വൈദ്യന്മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.
യേശുവാകട്ടെ, തന്നില്‍ നിന്നു ശക്തി പുറപ്പെട്ടെന്ന് അറി ഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? ശിഷ്യന്മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി. ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു. അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍ നിന്നു വിമുക്തയായിരിക്കുക.
യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ചിലര്‍ വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക. പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.
അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആ ളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു. അകത്തു പ്രവേശിച്ച് അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുക യാണ്. അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവന്‍ ചെന്നു. അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താകും എന്നുപറഞ്ഞു. തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു. ആരും ഈ വിവരം അറിയരുത് എന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.


Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

*ദിവ്യഭോജനപ്രാര്‍ത്ഥന*

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s