1862, ജൂൺ 7ന് പീയൂസ് ഒൻപതാം പാപ്പ ജപ്പാനിലെ ആദ്യ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചു .ആ 26 പേരിൽ 6 ഫ്രാൻസിസ്കൻ മിഷനറിമാരും 3 ജാപ്പനീസ് ജെസ്യൂട്ടുകളും 17 ജാപ്പനീസ് അൽമായരുമുണ്ടായിരുന്നു. കത്തോലിക്കസഭയിൽ നാമകരണം ചെയ്യപ്പെട്ടവരിൽ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധനും രക്തസാക്ഷിയുമായ വിശുദ്ധ ഗോൺസാലോ ഗാർസിയ എന്ന ഫ്രാൻസിസ്കൻ തുണസഹോദരനും, ജെസ്യൂട്ട് വൈദികൻ വിശുദ്ധ പോൾ മിക്കിക്കൊപ്പം അവരിൽ ഉൾപ്പെട്ടിരുന്നു.
1556ൽ മഹാരാഷ്ട്രയിലെ വാസായ് ൽ ഗോൺസാലോ ഗാർസിയ ജനിച്ചു. വാസായ് ഫോർട്ടിലുള്ള, ഈശോയുടെ തിരുനാമത്തിന്റെ പള്ളിയോടു ചേർന്ന ജെസ്യൂട്ട് സ്‌കൂളിലാണ് ഗോൺസാലോ പഠിച്ചത്. ഇപ്പോൾ ആ പള്ളി അറിയപ്പെടുന്നത് സെന്റ് ഗോൺസാലോ ഗാർസിയ പള്ളി എന്നാണ്. വിദ്യാഭ്യാസത്തിനൊപ്പം നന്നായി പാടാനും നൃത്തം ചെയ്യാനും കൂടെ അവൻ പഠിച്ചു.
1572ൽ, മിഷനറിയായ സെബാസ്റ്റ്യൻ ഗോൺസാൽവസിന്റെ കൂടെ അവൻ ജപ്പാനിലേക്ക് പോയി, കൃത്യം ഇരുപത് കൊല്ലങ്ങൾക്ക് മുൻപ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ ചൈനയിലേക്ക് പോവാൻ തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ. ഫ്രാൻസിസ് സേവ്യറിനെ പോലെ, ഗോൺസാലോ ഗാർസിയക്കും ഇന്ത്യൻ മണ്ണിലേക്ക് പിന്നൊരിക്കലും തിരിച്ചുവരാൻ കഴിഞ്ഞില്ല. എട്ടുകൊല്ലത്തോളം ഫാദർ സെബാസ്റ്റ്യന്റെ കൂടെ മതബോധനക്‌ളാസുകളുമായി കൂടി. അപ്പസ്തോലികതീക്ഷ്‌ണതയിൽ മുങ്ങി, ഈശോസഭയിൽ ചേരാൻ വേണ്ടി പലവട്ടം അപേക്ഷിച്ചെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അത് സ്വീകരിക്കപ്പെട്ടില്ല.
ജെസ്യൂട്ട് സഭയിൽ ചേരാനായി വാതിലുകളിൽ മുട്ടിയതെല്ലാം വെറുതെയായപ്പോൾ ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ അവൻ ആഗ്രഹിച്ചു. ജപ്പാനിൽ അതുവരെ ഫ്രാൻസിസ്കൻസ് വന്നെത്തിയിട്ടില്ലായിരുന്നതുകൊണ്ട് മക്കാവുവിലെ പോർച്ചുഗീസ് കോളനിയിലേക്ക് ഗോൺസാലോ പോയി.അവിടെ ചെന്നപ്പോൾ ദൈവവിളിയെ പറ്റിയെല്ലാം മറന്ന് കുറച്ചു കൊല്ലങ്ങൾ ഒരു കച്ചവടക്കാരനായി ജീവിച്ചു.
1586ൽ ഫിലിപ്പീൻസിലെ മനിലയിലേക്ക് കച്ചവടസംബന്ധമായി ഒരു യാത്ര പോയി. മനിലയിൽ ചില ഫ്രാൻസിസ്കൻ വൈദികരെ കണ്ടത്, ദൈവത്തിനായി ജീവിതം നൽകാനുള്ള ആഗ്രഹത്തെ ഉജ്ജീവിപ്പിച്ചു. തന്നെ ഫ്രാൻസിസ്കൻ സഭയിലെ ഒരംഗമായി സ്വീകരിക്കണമെന്നുള്ള ഗോൺസാലോയുടെ അപേക്ഷ മാനിച്ച് 1586ൽ നോവിസ് ബ്രദറായി അവർ കൂടെ കൂട്ടി. നല്ലവണ്ണം എളിമപ്പെടുത്തും വിധം അടുക്കളജോലിക്കും ഊണുമുറിയിലും ചന്തയിൽ പോകാനുമൊക്കെ അവനെ ഉപയോഗിച്ചു. പട്ടണത്തിൽ കറങ്ങുമ്പോൾ കുറേ ജാപ്പനീസ് ആളുകളെ പരിചയപ്പെട്ടു. അവരുടെ ഭാഷ പഠിച്ചിരുന്നതുകൊണ്ട് പെട്ടെന്ന് അവരുടെ സുഹൃത്തായി മാറി.
ഗോൺസാലോയുടെ അവസാനമിഷനായും വിശ്വാസത്തിന് സാക്ഷ്യം നല്കാനും ദൈവം അവനെ ഒരുക്കുകയായിരുന്നു. ജപ്പാനിലെ അവന്റെ എട്ട് കൊല്ലങ്ങളും മക്കാവുവിലെ നാലുകൊല്ലങ്ങളും സഭക്ക് ഒരു മുതൽക്കൂട്ടാവുകയായിരുന്നു. ഫ്രാൻസിസ്കൻസ് ജപ്പാനിലേക്ക് പോവാൻ തീരുമാനിച്ചപ്പോൾ ഫാദർ പെഡ്രോ ബാപ്റ്റിസ്റ്റയെ അനുഗമിക്കാൻ ഗോൺസാലോയെയും നിയോഗിച്ചു. 1592ൽ അവർ മനിലയിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്തു.
ഗോൺസാലോ ഗാർസിയ, അവന്റെ സുപ്പീരിയറിന്റെ ഔദ്യോഗിക ദ്വിഭാഷി മാത്രമല്ല ഒരു സാങ്കേതികവിദഗ്ധൻ കൂടിയായിരുന്നു. കച്ചവടത്തിലെ അവന്റെ സൂക്ഷ്മബുദ്ധി, പള്ളികളും കോൺവെന്റുകളും കുഷ്ഠരോഗികൾക്കായി മിയാക്കോയിലും ഒസാക്കയിലും ആശുപത്രികൾ സ്ഥാപിക്കുമ്പോഴും അവരെ വളരെ സഹായിച്ചു.
ഫ്രാൻസിസ് സേവ്യർ 1549 ൽ ജപ്പാനിൽ വന്ന് ക്രിസ്ത്യൻ സമൂഹങ്ങൾ പലയിടത്തും സ്ഥാപിച്ചിരുന്നു. 40കൊല്ലങ്ങൾക്കുള്ളിൽ തന്നെ ജപ്പാനിൽ രണ്ട് ലക്ഷത്തോളം ക്രിസ്ത്യാനികളുണ്ടായി. അപ്പോഴൊക്കെ ഭരണാധികാരികളുടെ ഭാഗത്തുനിന്നും സഹിഷ്ണുതയുള്ള പെരുമാറ്റം ആയിരുന്നു. എന്നാൽ 1590 ൽ, അധികാരിയായ ഹിദയോഷിയുടെ കാലം തൊട്ട് സ്ഥിതിഗതികൾ മാറി. എല്ലാ മിഷനറിമാരോടും ആറ് മാസത്തിനുള്ളിൽ നാടുവിടാൻ കല്പനയുണ്ടായി. പലരും വേഷം മാറി അവിടെ തുടർന്നു.
1596ൽ അവിടെ വന്നുചേർന്ന ഒരു സ്പാനിഷ് കപ്പലിലെ ക്യാപ്റ്റൻ, ജപ്പാനിൽ മിഷനറിമാരെ അയച്ചിരിക്കുന്നത് അവിടെയുള്ളവരെ പറഞ്ഞു തിരിച്ച് പോർച്ചുഗീസുകാർക്കും സ്പാനിഷ് രാജാക്കന്മാർക്കും ജപ്പാനെ പെട്ടെന്ന് കീഴടക്കുന്നതിന് വേണ്ടിയാണെന്ന് നുണ പറഞ്ഞത് കേട്ട് ഹിദയോഷിയുടെ ദേഷ്യം ആളിക്കത്തി. മിഷനറിമാരെ അറസ്റ്റ് ചെയ്യാൻ കല്പനയുണ്ടായി. ഗോൺസാലോ ഗാർസിയക്കൊപ്പം 25 പേർ മിയാക്കോയിൽ തടവിലാക്കപ്പെട്ടു. അവരിലെ അൽമായസഹോദരങ്ങൾ ഫ്രാൻസിസ്കൻസായിരുന്നു, മതബോധനഅധ്യാപകരും ദ്വിഭാഷികളുമായിരുന്ന അവരിൽ ഒരു പട്ടാളക്കാരനും ഒരു ഡോക്ടറുമുണ്ടായിരുന്നു. അവരിൽ മൂന്ന്പേർ പതിമൂന്നിനടുത്തു പ്രായമുള്ള, കുർബ്ബാനക്കായി സഹോദരന്മാരെ സഹായിച്ചിരുന്ന പയ്യന്മാരായിരുന്നു.
അവരുടെയെല്ലാം ഇടത്തെ ചെവി ഛേദിച്ചു. കവിളിലേക്ക് രക്തം ഒഴുകിയിറങ്ങവേ അവരെ വലിച്ചിഴച്ചു പല ടൗണുകളിലും കൊണ്ടുപോയി, മറ്റുള്ളവരിൽ ഭയം ജനിപ്പിക്കാനായി. അവസാനം നാഗസാക്കിയിലെ ഒരു കുന്നിൻമുകളിലേക്ക് കൊണ്ടുപോയി, കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ജെസ്യൂട്ട് വൈദികരോട് കുമ്പസാരിക്കാൻ അവരെ അനുവദിച്ചു. കഴുത്തിലെ ഇരുമ്പ് പട്ടകളടക്കം , ചങ്ങലകളും കയറും ഉപയോഗിച്ച് 26 പേരെയും ഓരോ കുരിശിനോട് ചേർത്തു കെട്ടി.
പോൾ മിക്കി ആ അവസരത്തിൽ, ശത്രുക്കളോട് ക്ഷമിച്ചുകൊണ്ടും അവരോട് മാമോദീസ സ്വീകരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടും പ്രചോദനാത്മകമായ ഒരു പ്രസംഗം നടത്തി. പയ്യനായ ആന്റണി തന്റെ മതബോധനക്ലാസ്സിൽ പഠിച്ച ഒരു സങ്കീർത്തനം ഉറക്കെ പാടി. പീഡിപ്പിച്ചിരുന്നവർ, വിശ്വാസം ഉപേക്ഷിക്കാൻ പ്രലോഭിപ്പിച്ചെങ്കിലും ആരും അതിന് വഴങ്ങിയില്ല.ഒരു സുഹൃത്തിനോട് ഗോൺസാലോ ഗാർസിയ പറഞ്ഞത്രേ, ” നല്ലവനായ സുഹൃത്തേ, ദൈവം നിന്നോട് കൂടി ഉണ്ടായിരിക്കട്ടെ. ഞാൻ സ്വർഗത്തിലേക്ക് പോകുന്നു”.
അടയാളം ലഭിച്ചപ്പോൾ ആരാച്ചാരന്മാർ രണ്ട് കുന്തങ്ങൾ കൊണ്ട് ഓരോരുത്തരുടെ നെഞ്ചിലും കുരിശിന്റെ ആകൃതിയിൽ ഒന്നിന് പിറകെ ഒന്നായി തറച്ചു കയറ്റി, കണ്ടുനിന്നിരുന്നവർ “ഈശോയെ, മറിയമേ” എന്ന് നിലവിളിച്ചു. ആ ക്രിസ്തുസാക്ഷികളുടെ ചോരയിൽ അവർ വസ്ത്രങ്ങൾ മുക്കിയെടുത്തു, അനേകം അത്ഭുതങ്ങൾ അവയാൽ നടന്നെന്നു പറയുന്നു. ‘ Holy Hill of Nagasaki ‘ എന്ന് ആ മലനിര പിന്നീട് അറിയപ്പെട്ടു.
അവരുടെ ജീവത്യാഗം വെറുതെയായില്ല. മൂന്ന് നൂറ്റാണ്ടുകൾക്കപ്പുറത്ത് ജപ്പാനിലേക്ക് മിഷനറിമാർ വരുന്നത് അനുവദനീയമായപ്പോൾ, തലമുറകളിൽ നിന്ന് തലമുറകളിലേക്ക് വിശ്വാസം കൈമാറിക്കിട്ടിയ ആയിരക്കണക്കിന് തീക്ഷ്‌ണമതികളായ ക്രിസ്ത്യാനികളെയാണ് അവർക്കവിടെ കാണാൻ കഴിഞ്ഞത്.
നോർത്ത് വാസായ് ൽ വിശുദ്ധ ഗോൺസാലോ ഗാർസിയയുടെ നാമത്തിൽ വലിയൊരു പള്ളിയാണ് മോൺ. ലൂയിസ് കചേതൻ ഡിസൂസയുടെ നേതൃത്വത്തിൽ പണി കഴിപ്പിച്ചത്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വാസ്തുവിദ്യകൾ അതിൽ സമന്വയിപ്പിച്ചിരിക്കുന്നു. 1962 മാർച്ച് 8ന് മുംബൈ ആർച്ച്ബിഷപ്പ് അത് ആശിർവ്വദിച്ചു. The Gonsalo Garcia College of Arts and Commerce 1984ൽ വാസായിൽ തന്നെ ആരംഭിച്ചു.
വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരനും രക്തസാക്ഷിയുമായ വിശുദ്ധ ഗോൺസാലോ ഗാർസിയയുടെ തിരുന്നാൾ ആശംസകൾ
ജിൽസ ജോയ്
