Friday of week 6 in Ordinary Time / The Seven Holy Founders of the Servite Order 

🌹 🔥 🌹 🔥 🌹 🔥 🌹

17 Feb 2023

Friday of week 6 in Ordinary Time 
or The Seven Holy Founders of the Servite Order 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന
ഉത്പ 11:1-9
നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം.

ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാരരീതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. കിഴക്കുനിന്നു വന്നവര്‍ ഷീനാറില്‍ ഒരു സമതലപ്രദേശം കണ്ടെത്തി, അവിടെ പാര്‍പ്പുറപ്പിച്ചു. നമുക്ക് ഇഷ്ടികയുണ്ടാക്കി ചുട്ടെടുക്കാം എന്ന് അവര്‍ പറഞ്ഞു. അങ്ങനെ കല്ലിനു പകരം ഇഷ്ടികയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു. അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്തു പ്രശസ്തി നിലനിര്‍ത്താം. അല്ലെങ്കില്‍, നാം ഭൂമുഖത്താകെ ചിന്നിച്ചിതറിപ്പോകും. മനുഷ്യര്‍ നിര്‍മിച്ച നഗരവും ഗോപുരവും കാണാന്‍ കര്‍ത്താവ് ഇറങ്ങിവന്നു. അവിടുന്നു പറഞ്ഞു: അവരിപ്പോള്‍ ഒരു ജനതയാണ്; അവര്‍ക്ക് ഒരു ഭാഷയും. അവര്‍ ചെയ്യാനിരിക്കുന്നതിന്റെ തുടക്കമേ ആയിട്ടുള്ളു. ചെയ്യാന്‍ ഒരുമ്പെടുന്നതൊന്നും അവര്‍ക്കിനി അസാധ്യമായിരിക്കയില്ല. നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ, പരസ്പരം ഗ്രഹിക്കാനാവാത്തവിധം ഭിന്നിപ്പിക്കാം. അങ്ങനെ കര്‍ത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍ പട്ടണംപണി ഉപേക്ഷിച്ചു. അതുകൊണ്ടാണ് ആ സ്ഥലത്തിനു ബാബേല്‍ എന്നു പേരുണ്ടായത്. അവിടെവച്ചാണ് കര്‍ത്താവ് ഭൂമിയിലെ ഭാഷ ഭിന്നിപ്പിച്ചതും അവരെ നാടാകെ ചിതറിച്ചതും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:10-11,12-13,14-15

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവു ജനതകളുടെ ആലോചനകളെ വ്യര്‍ഥമാക്കുന്നു;
അവരുടെ പദ്ധതികളെ അവിടുന്നു തകര്‍ക്കുന്നു.
കര്‍ത്താവിന്റെ പദ്ധതികള്‍ ശാശ്വതമാണ്;
അവിടുത്തെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

കര്‍ത്താവു ദൈവമായുള്ള ജനവും അവിടുന്നു തനിക്കുവേണ്ടി
തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.
കര്‍ത്താവു സ്വര്‍ഗത്തില്‍ നിന്നു താഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

തന്റെ സിംഹാസനത്തില്‍ നിന്ന് അവിടുന്നു
ഭൂവാസികളെ വീക്ഷിക്കുന്നു.
അവരുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്നവന്‍
അവരുടെ പ്രവൃത്തികളെ നിരീക്ഷിക്കുന്നു.

കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവ് അരുളി ചെയ്യുന്നു: ഞാൻ നിങ്ങളെ സ്നേഹിതൻമാരെന്നു വിളിച്ചു. എന്തെന്നാൽ എന്റെ പിതാവിൽ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 8:34-9:1
ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനു വേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും.

അക്കാലത്ത്, യേശു ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദൂതന്മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും. അവന്‍ അവരോടു പറഞ്ഞു: ദൈവരാജ്യം ശക്തിയോടെ സമാഗതമാകുന്നതു കാണുന്നതുവരെ മരിക്കുകയില്ലാത്ത ചിലര്‍ ഇവിടെ നില്‍ക്കുന്നവരിലുണ്ടെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 78:29-30

അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.

Or:
യോഹ 3:16

അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment