Monday of week 7 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

20 Feb 2023

Monday of week 7 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പ്രഭാ 1:1-10
ജ്ഞാനം എല്ലാറ്റിനുംമുമ്പ് സൃഷ്ടിക്കപ്പെട്ടു.

സര്‍വജ്ഞാനവും കര്‍ത്താവില്‍ നിന്നുവരുന്നു.
അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.
കടല്‍ത്തീരത്തെ മണല്‍ത്തരികളും മഴത്തുള്ളികളും
നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്കു കഴിയും?
ആകാശത്തിന്റെ ഉയരവും ഭൂമിയുടെ വിസ്തൃതിയും
പാതാളത്തിന്റെ ആഴവും നിര്‍ണയിക്കാന്‍ ആര്‍ക്കു സാധിക്കും?
ജ്ഞാനമാണ് എല്ലാറ്റിനുംമുമ്പു സൃഷ്ടിക്കപ്പെട്ടത്;
വിവേകപൂര്‍ണമായ അറിവ് അനാദിയാണ്.
ജ്ഞാനത്തിന്റെ വേരുകള്‍ ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?
അവളുടെ സൂക്ഷ്മമാര്‍ഗങ്ങള്‍ ആരറിയുന്നു?
ജ്ഞാനിയായി ഒരുവനേയുള്ളു;
ഭയം ജനിപ്പിക്കുന്ന അവിടുന്ന് സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
കര്‍ത്താവാണ് ജ്ഞാനത്തെ സൃഷ്ടിച്ചത്;
അവിടുന്ന് അവളെ കാണുകയും തിട്ടപ്പെടുത്തുകയും ചെയ്തു;
തന്റെ സൃഷ്ടികളിലെല്ലാം അവിടുന്ന് അവളെ പകര്‍ന്നു.
അവിടുന്ന് നല്‍കിയ അളവില്‍ അവള്‍ എല്ലാവരിലും വസിക്കുന്നു;
തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് അവളെ സമൃദ്ധമായി നല്‍കിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം
സങ്കീ 93:1ab,1cd-2,5

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

കര്‍ത്താവു വാഴുന്നു;
അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു
അവിടുന്നു ശക്തികൊണ്ട്
അരമുറുക്കിയിരിക്കുന്നു.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല.
അങ്ങേ സിംഹാസനം
പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു;
അങ്ങ് അനാദിമുതലേ ഉള്ളവനാണ്.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

അങ്ങേ കല്‍പന
വിശ്വാസ്യവും അലംഘനീയവുമാണ്;
കര്‍ത്താവേ, പരിശുദ്ധി
അങ്ങേ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.

കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവിന്റെ വചനം നിത്യം നിലനിൽക്കുന്നു. ആ വചനം തന്നെയാണ് നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 9:14-29
ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!

അക്കാലത്ത് യേശു ശിഷ്യന്മാരുടെ അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടം അവരുടെ ചുറ്റും കൂടിയിരിക്കുന്നതും നിയമജ്ഞര്‍ അവരോടു തര്‍ക്കിച്ചുകൊണ്ടിരിക്കുന്നതും കണ്ടു. അവനെ കണ്ടയുടനെ ജനക്കൂട്ടം മുഴുവന്‍ വിസ്മയഭരിതരായി ഓടിക്കൂടി അവനെ അഭിവാദനം ചെയ്തു. അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ എന്താണ് അവരുമായി തര്‍ക്കിക്കുന്നത്? ജനക്കൂട്ടത്തില്‍ ഒരാള്‍ മറുപടി പറഞ്ഞു: ഗുരോ, ഞാന്‍ എന്റെ മകനെ അങ്ങേ അടുത്തു കൊണ്ടുവന്നിട്ടുണ്ട്. മൂകനായ ഒരു ആത്മാവ് അവനെ ആവേശിച്ചിരിക്കുന്നു. അത് എവിടെവച്ച് അവനെ പിടികൂടിയാലും അവനെ നിലംപതിപ്പിക്കുന്നു. അപ്പോള്‍ അവന്‍ പല്ലുകടിക്കുകയും നുരയും പതയും പുറപ്പെടുവിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. അതിനെ ബഹിഷ്‌കരിക്കാന്‍ അങ്ങേ ശിഷ്യന്മാരോട് ഞാന്‍ അപേക്ഷിച്ചു; അവര്‍ക്കു കഴിഞ്ഞില്ല.
അവന്‍ അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ. അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ ആത്മാവ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്തു. യേശു അവന്റെ പിതാവിനോടു ചോദിച്ചു: ഇതു തുടങ്ങിയിട്ട് എത്ര കാലമായി? അവന്‍ പറഞ്ഞു: ശൈശവം മുതല്‍. പലപ്പോഴും അത് അവനെ നശിപ്പിക്കാന്‍ വേണ്ടി തീയിലും വെള്ളത്തിലും വീഴ്ത്തിയിട്ടുണ്ട്. എന്തെങ്കിലും ചെയ്യാന്‍ നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ കരുണതോന്നി ഞങ്ങളെ സഹായിക്കണമേ! യേശു പറഞ്ഞു: കഴിയുമെങ്കിലെന്നോ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും. ഉടനെ കുട്ടിയുടെ പിതാവു വിളിച്ചുപറഞ്ഞു: ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് എന്നെ സഹായിക്കണമേ!
ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട് യേശു അശുദ്ധാത്മാവിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍ നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്. അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തുപോയി. ബാലന്‍ മരിച്ചവനെ പോലെയായി. അവന്‍ മരിച്ചുപോയി എന്നു പലരും പറഞ്ഞു. യേശു അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു. യേശു വീട്ടിലെത്തിയപ്പോള്‍ ശിഷ്യന്മാര്‍ സ്വകാര്യമായി ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെപോയത്? അവന്‍ പറഞ്ഞു: പ്രാര്‍ഥന കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വര്‍ഗം പുറത്തുപോവുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 9:2-3

അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.

Or:
യോഹ 11:27

കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment