🌹 🔥 🌹 🔥 🌹 🔥 🌹
21 Feb 2023
Tuesday of week 7 in Ordinary Time
or Saint Peter Damian, Bishop, Doctor
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,
അങ്ങേക്ക് പ്രീതികരമായവയില്‍,
വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 2:1-11
പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.
എന്റെ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍
പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.
നിന്റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ;
ആപത്തില്‍ അടി പതറരുത്.
അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക;
നിന്റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും.
വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക;
ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്.
എന്തെന്നാല്‍, സ്വര്‍ണം അഗ്നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു;
സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.
കര്‍ത്താവില്‍ ആശ്രയിക്കുക.
അവിടുന്ന് നിന്നെ സഹായിക്കും.
നേരായ മാര്‍ഗത്തില്‍ ചരിക്കുക;
കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.
കര്‍ത്താവിന്റെ ഭക്തരേ,
അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍;
വീഴാതിരിക്കാന്‍ വഴി തെറ്റരുത്.
കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍;
പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.
കര്‍ത്താവിന്റെ ഭക്തരേ,
ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും പ്രതീക്ഷിക്കുവിന്‍.
കഴിഞ്ഞ തലമുറകളെപ്പറ്റി ചിന്തിക്കുവിന്‍;
കര്‍ത്താവിനെ ആശ്രയിച്ചിട്ട് ആരാണ് ഭഗ്നാശനായത്?
കര്‍ത്താവിന്റെ ഭക്തരില്‍ ആരാണ് പരിത്യക്തനായത്?
അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്?
കര്‍ത്താവ് ആര്‍ദ്രഹൃദയനും കരുണാമയനുമാണ്.
അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയും
കഷ്ടതയുടെ ദിനങ്ങളില്‍ രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 37:3-4,18-19,27-28,39-40
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, അവിടുന്നു നോക്കിക്കൊള്ളും.
ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്മ ചെയ്യുക;
അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം.
കര്‍ത്താവില്‍ ആനന്ദിക്കുക;
അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, അവിടുന്നു നോക്കിക്കൊള്ളും.
കര്‍ത്താവു നിഷ്‌കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
അവര്‍ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല;
ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, അവിടുന്നു നോക്കിക്കൊള്ളും.
തിന്മയില്‍ നിന്ന് അകന്നു നന്മ ചെയ്യുക,
എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും.
കര്‍ത്താവു നീതിയെ സ്‌നേഹിക്കുന്നു;
അവിടുന്നു തന്റെ വിശുദ്ധരെ പരിത്യജിക്കുകയില്ല.
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, അവിടുന്നു നോക്കിക്കൊള്ളും.
നീതിമാന്മാരുടെ രക്ഷ കര്‍ത്താവില്‍ നിന്നാണ്;
കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്,
കര്‍ത്താവ് അവരെ സഹായിക്കുകയും
വിമോചിപ്പിക്കുകയും ചെയ്യുന്നു;
അവിടുന്ന് അവരെ ദുഷ്ടരില്‍ നിന്നു
മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, അവിടുന്നു നോക്കിക്കൊള്ളും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവ് അരുൾ ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പാലിക്കും. അപ്പോൾ എൻ്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവൻ്റെ അടുത്ത് വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയും.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 9:30-37
മനുഷ്യപുത്രന്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെടും; ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനാകണം.
അക്കാലത്ത്, യേശുവും ശിഷ്യന്മാരും ഗലീലിയിലൂടെ കടന്നുപോയി. ഇക്കാര്യം ആരും അറിയരുതെന്ന് അവന്‍ ആഗ്രഹിച്ചു. കാരണം, അവന്‍ ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്‍പിക്കപ്പെടുകയും അവര്‍ അവനെ വധിക്കുകയും ചെയ്യും. അവന്‍ വധിക്കപ്പെട്ടു മൂന്നുദിവസം കഴിയുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ വചനം അവര്‍ക്കു മനസ്സിലായില്ല. എങ്കിലും, അവനോടു ചോദിക്കാന്‍ അവര്‍ ഭയപ്പെട്ടു.
അവര്‍ പിന്നീട് കഫര്‍ണാമില്‍ എത്തി, അവന്‍ വീട്ടിലായിരിക്കുമ്പോള്‍ അവരോടു ചോദിച്ചു: വഴിയില്‍വച്ച് എന്തിനെക്കുറിച്ചാണു നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നത്? അവര്‍ നിശ്ശബ്ദരായിരുന്നതേയുള്ളു. കാരണം, തങ്ങളില്‍ ആരാണു വലിയവന്‍ എന്നതിനെക്കുറിച്ചാണ് വഴിയില്‍വച്ച് അവര്‍ തര്‍ക്കിച്ചത്. അവന്‍ ഇരുന്നിട്ടു പന്ത്രണ്ടുപേരെയും വിളിച്ചു പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം. അവന്‍ ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു: ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ് സ്വീകരിക്കുന്നത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അര്‍ഹമായ ശുശ്രൂഷവഴി
അങ്ങേ രഹസ്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട്
അങ്ങയോട് ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
അങ്ങേ മഹിമയുടെ ബഹുമാനത്തിനായി ഞങ്ങളര്‍പ്പിക്കുന്നത്
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 9:2-3
അങ്ങേ എല്ലാ അദ്ഭുതപ്രവൃത്തികളും ഞാന്‍ വിവരിക്കും;
ഞാന്‍ അങ്ങില്‍ ആഹ്ളാദിച്ചുല്ലസിക്കും.
അത്യുന്നതനായവനേ, അങ്ങേ നാമത്തിന് ഞാന്‍ സ്‌തോത്രമാലപിക്കും.
Or:
യോഹ 11:27
കര്‍ത്താവേ, നീ ഈ ലോകത്തിലേക്കു വരാനിരിക്കുന്ന
സജീവനായ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ഈ രഹസ്യങ്ങള്‍ വഴി അവയുടെ അച്ചാരം സ്വീകരിച്ചുകൊണ്ട്,
അവയുടെ ഫലമനുഭവിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹