🌹 🔥 🌹 🔥 🌹 🔥 🌹
26 Feb 2023
1st Sunday of Lent
Liturgical Colour: Violet.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
ആണ്ടുതോറുമുള്ള തപസ്സുകാലത്തിലെ
കൂദാശകളുടെ അനുഷ്ഠാനംവഴി
ക്രിസ്തുവിന്റെ രഹസ്യം ഗ്രഹിക്കാന്‍ തക്കവണ്ണം ഞങ്ങള്‍ വളരാനും
അനുയുക്തമായ ജീവിതശൈലിവഴി
അതിന്റെ ഫലങ്ങള്‍ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 2:7-9,3:1-7
ആദിമാതാപിതാക്കളുടെ സൃഷ്ടിയും പാപവും.
ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു. അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍ നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി.
ദൈവമായ കര്‍ത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലും വച്ച് കൗശലമേറിയതായിരുന്നു സര്‍പ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്‍പിച്ചിട്ടുണ്ടോ? സ്ത്രീ സര്‍പ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങള്‍ ഞങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുക പോലുമോ അരുത്; ഭക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സര്‍പ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും, കണ്ണിനു കൗതുകകരവും, അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവും ആണെന്നു കണ്ട് അവള്‍ അതു പറിച്ചുതിന്നു. ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്‌നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ചയുണ്ടാക്കി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 51:1-2,3-4ab,10-11,12,15
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.
ദൈവമേ, അങ്ങേ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ!
അങ്ങേ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ!
എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.
എന്റെ അതിക്രമങ്ങള്‍ ഞാനറിയുന്നു,
എന്റെ പാപം എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്.
അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി,
ഞാന്‍ പാപംചെയ്തു;
അങ്ങേ മുന്‍പില്‍ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു.
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.
ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
അങ്ങേ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ!
അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ!
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.
അങ്ങേ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ!
എന്റെ നാവ് അങ്ങേ സ്തുതികള്‍ ആലപിക്കും.
ദൈവമേ, ഞങ്ങളോട് ദയ തോന്നണമേ! എന്തെന്നാല്‍ ഞങ്ങള്‍ പാപംചെയ്തു.
രണ്ടാം വായന
റോമാ 5:12-19
പാപം വര്‍ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു.
ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്‍കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, നിയമമില്ലാത്തപ്പോള്‍ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്‍ പോലും, ആദത്തിന്റെ കാലം മുതല്‍ മോശയുടെ കാലം വരെ മരണം ആധിപത്യം പുലര്‍ത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്. എന്നാല്‍, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപം മൂലം വളരെപ്പേര്‍ മരിച്ചുവെങ്കില്‍, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകര്‍ക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു! ഒരുവന്റെ പാപത്തില്‍ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങള്‍ക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ പാപത്താല്‍, ആ മനുഷ്യന്‍ മൂലം മരണം ആധിപത്യം നടത്തിയെങ്കില്‍, കൃപയുടെയും നീതിയുടെ ദാനത്തിന്റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഒരു മനുഷ്യന്‍ മൂലം എത്രയോ അധികമായി ജീവനില്‍ വാഴും! അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായി തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണ് ജീവിക്കുന്നത്.
കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.
സുവിശേഷം
മത്താ 4:1-11
യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ പിശാച് അവനെ പരീക്ഷിച്ചു.
അക്കാലത്ത് , പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു. യേശു നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.
പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.
അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കു കൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്റെ ദൂതന്മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.
യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും.
യേശു കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, കാഴ്ചവയ്ക്കാനുള്ള ഈ യാഗദ്രവ്യങ്ങള്‍വഴി,
ധന്യമായ കൂദാശയുടെതന്നെ ആരംഭം ആഘോഷിക്കുന്ന ഞങ്ങളെ
അതിന് യഥോചിതം യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 4:4
മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല,
ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന
ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.
cf . സങ്കീ 90:4
കര്‍ത്താവ് നിന്നെ അവിടത്തെ ചിറകുകള്‍കൊണ്ടു മറച്ചുകൊള്ളും;
അവിടത്തെ തൂവല്‍ക്കീഴില്‍ നീ പ്രത്യാശവയ്ക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശ്വാസം പരിപോഷിപ്പിക്കുകയും
പ്രത്യാശ വര്‍ധമാനമാക്കുകയും
ഉപവി ശക്തിപ്പെടുത്തുകയും ചെയ്യുന്ന
സ്വര്‍ഗീയ അപ്പത്താല്‍ പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ജീവനുള്ളതും സത്യവുമായ അപ്പമാകുന്ന അവിടത്തെ
തീക്ഷ്ണമായി ആഗ്രഹിക്കാന്‍ ഞങ്ങള്‍ പഠിക്കുകയും
അങ്ങേ വായില്‍ നിന്നു പുറപ്പെടുന്ന
ഓരോ വാക്കു കൊണ്ടും ജീവിക്കാന്‍
ശക്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന
കര്‍ത്താവേ, സമൃദ്ധമായ അനുഗ്രഹം
അങ്ങേ ജനത്തിന്റെമേല്‍ ഇറങ്ങിവരട്ടെ.
അങ്ങനെ, ക്ലേശങ്ങളില്‍ പ്രത്യാശ വളരുന്നതിനും
പ്രലോഭനങ്ങളില്‍ പുണ്യം ദൃഢീകരിക്കുന്നതിനും
നിത്യരക്ഷ പ്രാപിക്കുന്നതിനും ഞങ്ങള്‍ക്കിടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ആമേന്‍.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹