Saturday of the 1st week of Lent / Saint Casimir

🌹 🔥 🌹 🔥 🌹 🔥 🌹

04 Mar 2023

Saturday of the 1st week of Lent 
with a commemoration of Saint Casimir

Liturgical Colour: Violet.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ഭരിക്കുക എന്നാല്‍, അങ്ങേക്ക് ശുശ്രൂഷ ചെയ്യുക എന്നതാണല്ലോ.
വിശുദ്ധ കസിമീറിന്റെ മധ്യസ്ഥ സഹായത്താല്‍,
വിശുദ്ധിയിലും നീതിയിലും അങ്ങേക്ക്
നിരന്തരം ശുശ്രൂഷചെയ്യാനുള്ള അനുഗ്രഹം
ഞങ്ങള്‍ക്കു തരണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നിയ 26:16-19
നിന്റെ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കും.

അക്കാലത്ത് മോശ ജനക്കൂട്ടത്തോടു പറഞ്ഞു: ചട്ടങ്ങളും വിധികളും ആചരിക്കാന്‍ ഇന്നേദിവസം നിന്റെ ദൈവമായ കര്‍ത്താവു നിന്നോടു കല്‍പിക്കുന്നു. നീ അവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ ശ്രദ്ധാപൂര്‍വം കാത്തുപാലിക്കണം. കര്‍ത്താവാണ് നിന്റെ ദൈവമെന്നും നീ അവിടുത്തെ മാര്‍ഗത്തിലൂടെ ചരിക്കുകയും അവിടുത്തെ ചട്ടങ്ങളും കല്‍പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു. തന്റെ വാഗ്ദാനമനുസരിച്ച് നീ തന്റെ പ്രത്യേക ജനമാണെന്നും തന്റെ കല്‍പനകളെല്ലാം അനുസരിക്കണം എന്നും ഇന്നു കര്‍ത്താവു നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, താന്‍ സൃഷ്ടിച്ച സകല ജനതകള്‍ക്കും ഉള്ളതിനെക്കാള്‍ ഉന്നതമായ നാമവും ബഹുമതിയും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളതു പോലെ നിന്റെ ദൈവമായ കര്‍ത്താവിനു നീ ഒരു വിശുദ്ധജനമായിരിക്കുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:1-2, 4-5, 7-8

കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍,
കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍.
അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍,
പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്മാര്‍.

കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!

അങ്ങേ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന്
അങ്ങു കല്‍പിച്ചിരിക്കുന്നു.
അങ്ങേ ചട്ടങ്ങള്‍ പാലിക്കുന്നതില്‍
ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!

കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!

അങ്ങേ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍
ഞാന്‍ പരമാര്‍ഥ ഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും.
അങ്ങേ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും;
എന്നെ പൂര്‍ണമായി പരിത്യജിക്കരുതേ!

കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്മാര്‍!

സുവിശേഷ പ്രഘോഷണവാക്യം

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

ദൈവത്തിന്റെ വചനം കേട്ട് ഉത്കൃഷ്ടവും നിർമലവുമായ ഹൃദയത്തിൽ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്ന വർ അനുഗ്രഹീതർ.

കർത്താവായ യേശുവേ, അങ്ങേയ്ക്കു സ്തുതിയും പുകഴ്ചയും.

സുവിശേഷം

മത്താ 5:43-48
നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍.

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍ പോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ ചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങളെ നവീകരിക്കുന്ന ധന്യമായ ഈ രഹസ്യങ്ങള്‍
അവിടത്തെ ദാനത്തിന് ഞങ്ങളെ യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 5:48

കര്‍ത്താവ് അരുള്‍ചെയ്യുന്നു.
നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നപോലെ
നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യരഹസ്യത്താല്‍ പരിപോഷിതരായവരെ
നിരന്തര കാരുണ്യത്തോടെ അങ്ങു നയിക്കുകയും
സ്വര്‍ഗീയ പ്രബോധനങ്ങളാല്‍ നിറച്ചവരെ
രക്ഷാകരമായ സാന്ത്വനത്തോടെ അനുഗമിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment