വിശുദ്ധ ആർട്ടിമിഡെ സാറ്റി | March 15 | St Artemide Zatti

1976-79 കാലഘട്ടങ്ങളിൽ അർജന്റീനയിൽ ജെസ്യൂട്ട് പ്രൊവിൻഷ്യൽ ആയിരുന്ന ജോർജ് (ഹോർഹെ) മാരിയോ ബെർഗോളിയോ, സമർപ്പണജീവിതം നയിക്കാൻ തയ്യാറുള്ള അൽമായ സഹോദരങ്ങളുടെ ദൈവവിളി വർദ്ധിക്കുന്നതിന് , അൽമായ സലേഷ്യൻ സഹോദരനായി മാതൃകാപരമായി ജീവിച്ചു മരിച്ച ആർട്ടിമിഡെ സാറ്റിയുടെ മാധ്യസ്ഥം അപേക്ഷിച്ചു.

ദൈവവിളികൾ അത്ഭുതകരമായ വിധത്തിൽ വർദ്ധിച്ചത് ജോർജ് ബെർഗോളിയോക്ക് ബ്രദർ സാറ്റിയിലുള്ള വിശ്വാസം വർദ്ധിക്കാനിടയായി. കുറേ കൊല്ലങ്ങൾക്ക് ശേഷം,സാറ്റിയുടെ നാമകരണപ്രക്രിയയുടെ പ്രാരംഭ നടപടിയായി അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിൽ നടന്ന അത്ഭുതത്തെ പറ്റി അന്വേഷിക്കുന്നത് ബ്യൂണോസ് ഐറിസിൽ ഉത്ഘാടനം ചെയ്യുമ്പോഴും ജോർജ് ബെർഗോളിയോ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഭാവിയിൽ കത്തോലിക്കാസഭയുടെ അമരത്തിരുന്ന് പോപ്പ് ഫ്രാൻസിസ് എന്ന പേരിൽ താൻ തന്നെ ആയിരിക്കും സാറ്റിയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ പോകുന്നത് എന്ന്. 2022 ഒക്ടോബർ 9ന് ആണ് പോപ്പ് ഫ്രാൻസിസ് ആർട്ടിമിടെ സാറ്റിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.

“ബ്രദർ സാറ്റി, എങ്ങനെയാണ് താങ്കൾ എപ്പോഴും ഇങ്ങനെ നല്ല മൂഡിൽ ഇരിക്കുന്നത്?” അദ്ദേഹം സേവനം ചെയ്തിരുന്ന ആശുപത്രിയിലെ ഒരു ഡോക്ടർ സാറ്റിയോട് ചോദിച്ചു. “ഓ, അതോ? കയ്പ്പ് കടിച്ചിറക്കുക, മധുരം തുപ്പുക. അത്രേന്നെ” അദ്ദേഹം ചിരിയോടെ അങ്ങനെയാണ് പറഞ്ഞെന്ന് ആ ഡോക്ടർ സാക്ഷ്യപ്പെടുത്തി.

” 12 വയസ്സുള്ള ഈശോക്ക് വേണ്ടി ഒരു ഹോസ്പിറ്റൽ ഗൗൺ കൊണ്ടുവരാമോ?”…..

“അവിടെയുള്ള ആ അപ്പൂപ്പനായ ഈശോക്ക് തരാൻ ഒരു കോട്ട് ഉണ്ടാവുമോ? ഇങ്ങനെയാണ് ലിനൻ റൂമിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റർസിനോട് ബ്രദർ സാറ്റി ചോദിക്കാറുള്ളത്. ആ സലേഷ്യൻ സഹോദരന് എല്ലാവരും ഈശോയുടെ പ്രതിരൂപം ആയിരുന്നു.

അൽമായരായിരുന്നുകൊണ്ട് തന്നെ സമർപ്പണജീവിതം നയിക്കാനുള്ള ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകുന്ന, ദൈവരാജ്യനിർമ്മിതിയിൽ ക്രിസ്തുവിന്റെ സഹപ്രവർത്തകർ ആകുന്ന, ഡോൺബോസ്‌കോ പുത്രരാണ് സലേഷ്യൻ സഹോദരന്മാർ (coadjutor ) എന്നറിയപ്പെട്ടിരുന്നത് . ഒരു സലേഷ്യൻ സഹോദരനായിരുന്നുകൊണ്ട് അൽമായർക്കും നേഴ്സുമാർക്കും, ഡോക്ടർമാർക്കും, ഫാർമസിസ്റ്റുകൾക്കും തങ്ങളുടെ ജീവൻ പണയം വെച്ച് പോലും പകർച്ചവ്യാധികളുള്ളവരെ പരിചരിക്കേണ്ടി വരുന്ന ശുശ്രൂഷാമുന്നണിയിലുള്ളവർക്കും കുടിയേറ്റക്കാർക്കുമൊക്കെ മധ്യസ്ഥനായ, ശ്രേഷ്ഠമാതൃകയായി പ്രകാശിക്കുന്ന, ദീപസ്തംഭമാണ് വിശുദ്ധ ആർട്ടിമിഡെ സാറ്റി.

1880 ഒക്ടോബർ 12ന് ഇറ്റലിയിലെ റെജിയോ എമിലിയയിലെ ഒരു ചെറിയ പട്ടണമായ ബൊറേറ്റോയിലാണ് ആൽബിനയുടെയും ലൂയിജി സാറ്റിയുടെയും എട്ട് മക്കളിൽ മൂന്നാമനായി ആർട്ടിമിഡെ സാറ്റി ജനിച്ചത്. വളരെ ദരിദ്രരായ തന്റെ മാതാപിതാക്കളെ 4 വയസുള്ളപ്പോൾ മുതൽ ആർട്ടിമിഡെ വയലിൽ സഹായിക്കാൻ തുടങ്ങി. 9 വയസ്സാകുമ്പോഴേക്ക് പഠനമൊക്കെ ഉപേക്ഷിച്ച്, ഒരു കൊച്ചു കൂലിപ്പണിക്കാരനായി അവൻ മാറിയിരുന്നു.

മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി, അക്കാലത്ത് ഇറ്റലിയിൽ നിന്ന് ധാരാളം കുടുംബങ്ങൾ അർജന്റീനയിലേക്ക് കുടിയേറി പാർത്തിരുന്നു. തന്റെ അമ്മാവനായ ജിയോവനി സാറ്റിയുടെ നിർദ്ദേശപ്രകാരം ലൂയിജിയും തന്റെ കുടുംബത്തോടൊപ്പം 1897 ജനുവരിയിൽ അർജെന്റീനയിലേക്ക് പോയി. ഫെബ്രുവരി 9ന് ബ്യൂണോസ് ഐറിസിൽ എത്തിയ അവർ നാല് ദിവസത്തിനു ശേഷം, ധാരാളം ഇറ്റലി കുടിയേറ്റക്കാർ താമസിച്ചിരുന്ന സ്ഥലമായ ബഹിയ ബ്ലാങ്കയിൽ വന്നുചേർന്നു.

ആർട്ടിമിഡെ അവിടെയുള്ള ഒരു സത്രത്തിലും പിന്നെ ഇഷ്ടിക ഫാക്ടറിയിലും പണി ചെയ്യാൻ തുടങ്ങി. അവിടെയുള്ള ഔർ ലേഡി ഓഫ് റാൻസം പള്ളി ഇടവകയിൽ സലേഷ്യൻ വൈദികർ ആയിരുന്നു ഉണ്ടായിരുന്നത്. ഒഴിവുസമയം കിട്ടുമ്പോൾ ഇടവക വികാരി ഫാദർ കാർലോ കവാലിയുടെ കൂടെ നടന്നിരുന്ന ആർട്ടിമിഡെക്ക് അദ്ദേഹം, നല്ലൊരു സുഹൃത്തും കുമ്പസ്സാരക്കാരനും ആത്മീയപിതാവുമായി. ഫാദർ രോഗികളെ സന്ദർശിക്കുമ്പോഴും ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അവൻ അദ്ദേഹത്തെ അനുഗമിച്ചു. അൾത്താര ശുശ്രൂഷകനും സാക്രിസ്റ്റ്യനുമായി.

ഇടവകലൈബ്രറിയിൽ നിന്ന് കിട്ടിയ ഡോൺബോസ്‌കോയുടെ ജീവചരിത്രം വായിച്ച ആർട്ടിമിഡെ, അവന്റെ ദൈവവിളിയെപ്പറ്റി കാര്യമായി ചിന്തിക്കാൻ തുടങ്ങി. ഫാദർ കവാലിയുടെ അപ്പസ്തോലികപ്രവർത്തനങ്ങളും സലേഷ്യൻ സമൂഹത്തിലെ മറ്റുള്ളവരിലൂടെ കഠിനാദ്ധ്വാനവും നോക്കിക്കണ്ട അവൻ അവരുടെ കൂടെ ഒരംഗമാകാൻ ഏറെ ആഗ്രഹിച്ചുകൊണ്ട് 1900 ഏപ്രിൽ 19 ന് ബെർണലിലെ സലേഷ്യൻ സെമിനാരിയിൽ ചേർന്നു. പത്തുവർഷം മുടങ്ങിക്കിടന്ന അവന്റെ വിദ്യാഭ്യാസം പുനരാരംഭിച്ചു. ഇരുപത് വയസ്സുള്ള അവൻ ഇരിക്കേണ്ടി വന്നത് 11ഉം 14മൊക്കെ വയസ്സുള്ള കുട്ടികളുടെ കൂടെയായിരുന്നു.

അധികാരികൾ ഏൽപ്പിക്കുന്ന ചുമതലകൾ തന്റെ കഴിവിനും പക്വതക്കും ഒത്ത വിധം അവൻ ചെയ്തിരുന്നു. ബെർണലിൽ എത്തിച്ചേർന്ന, ചെറുപ്പക്കാരനും ക്ഷയരോഗ ബാധിതനുമായ ഒരു സലേഷ്യൻ വൈദികനെ പരിചരിക്കാൻ ആർട്ടിമിഡെ നിയോഗിക്കപ്പെട്ടു.1902 ലെ ആ ജനുവരിയിൽ കാര്യങ്ങളൊക്കെ മാറി മറിഞ്ഞു. ആ സലേഷ്യൻ തന്റെ രോഗത്തിന് കീഴടങ്ങി മരണമടഞ്ഞു എന്ന് മാത്രമല്ല തന്റെ കൂടെ സെമിനാരിയിൽ പഠിച്ചവർ സഭാവസ്ത്രം സ്വീകരിക്കുമ്പോൾ, ആർട്ടിമിഡെ തന്റെ കിടക്കയിൽ നിലക്കാത്ത ചുമയും പനിയുമായി കഴിഞ്ഞുകൂടുകയായിരുന്നു, കാരണം ക്ഷയരോഗം അവനിലേക്ക് പകർന്നു.

ആ അന്തരീക്ഷത്തിൽ നിന്ന് മാറിനിന്ന് ആരോഗ്യം നന്നാക്കാൻ നിർദേശം കിട്ടിയതനുസരിച്ച് ആൻഡീസിലേക്ക് പോകുന്ന വഴിക്ക് അവൻ തന്റെ മാതാപിതാക്കളെയും ഫാദർ കവാലിയെയും ബഹിയ ബ്ലാങ്കയിൽ പോയി സന്ദർശിച്ചു. ഫാദർ അവനോട് പറഞ്ഞു, ” നീ ആൻഡീസിലേക്കല്ല പോകേണ്ടത്, വിയെദ്മയിലേക്കാണ് അവിടെ ചെന്നാൽ നിന്റെ അസുഖമൊക്കെ മാറും”. ആർട്ടിമിഡെ വിയെദ്മയിലെ സലേഷ്യൻ ഭവനത്തിൽ 1902 മാർച്ച്‌ 4 ന് എത്തി.

‘I Believed…I Promised…I Recovered’

വിയെദ്മയിൽ കത്തീഡ്രലിനോട്‌ ചേർന്ന്, സലേഷ്യൻ വൈദികനായ ഫാദർ എവാഷിയോ ഗരോണെ നടത്തിയിരുന്ന ആശുപത്രിയും ഫാർമസിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിചരണത്തിൽ ആർട്ടിമിഡെയുടെ ആരോഗ്യം കുറച്ചൊന്നു മെച്ചപ്പെട്ടു. ഒരു ദിവസം ഫാദർ ഗരോണെ അവനോട് സലേഷ്യൻ വൈദികർ പ്രത്യേകമാധ്യസ്ഥം യാചിച്ചിരുന്ന, ‘ക്രിസ്ത്യാനികളുടെ സഹായമായ ‘ മറിയത്തോട് പ്രാർത്ഥിക്കാനും സുഖപ്പെട്ടാൽ ആശുപത്രിയിലെ രോഗികളെ ജീവിതകാലം മുഴുവൻ പരിചരിച്ചോളാം എന്ന് വാക്ക് കൊടുക്കാനും ആവശ്യപ്പെട്ടു.

കുറേ കൊല്ലങ്ങൾക്ക് ശേഷം 1915ൽ ആർട്ടിമിഡെ സാക്ഷ്യപ്പെടുത്തി, “എനിക്കിപ്പോൾ നല്ല ആരോഗ്യമുണ്ടെങ്കിൽ അതിന് ഞാൻ ഫാദർ ഗരോണെയോട് കടപ്പെട്ടിരിക്കുന്നു. ഞാൻ ‘വിശ്വസിച്ചു’, കാരണം ‘ക്രിസ്ത്യാനികളുടെ സഹായമായ’ മറിയത്തിൽ നിന്ന് എത്രമാത്രം അനുഗ്രഹങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു.ഞാൻ ‘വാക്കുകൊടുത്തു’, കാരണം എനിക്ക് കഴിയുന്ന വിധത്തിലൊക്കെ മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ദൈവം അവന്റെ ദാസന്റെ പ്രാർത്ഥന കേട്ടു, ഞാൻ ‘സുഖപ്പെട്ടു ‘ “.

ക്ഷയരോഗം നിമിത്തമുള്ള അനാരോഗ്യം കൊണ്ടാണ് ഒരു സലേഷ്യൻ വൈദികനാകാൻ ആർട്ടിമിഡെ സാറ്റിക്ക് കഴിയാതെ പോയത്. എങ്കിലും വിവാഹം കഴിക്കാനല്ല, ഒരു തുണസഹോദരനായി സലേഷ്യൻ സഭയിലെ അംഗമായി തന്നെ കഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പ്രഥമവ്രതവാഗ്ദാനം ജനുവരി 11, 1908 ലും നിത്യവ്രതം എടുത്തത് ഫെബ്രുവരി 8, 1911ലും ആയിരുന്നു. ഫാർമസിസ്റ്റ് ആയി യോഗ്യത നേടിയ സാറ്റി, ഫാദർ ഗരോണെയുടെ മരണശേഷം ആശുപത്രിയുടെ ഡയറക്ടറും അഡ്മിനിസ്‌ട്രേറ്ററും ഫാർമസിസ്റ്റും ആയി. പ്രൊഫഷണൽ നഴ്സിന്റെ ലൈസൻസും ഉണ്ടായിരുന്നു.

പിന്നീട് മരിക്കും വരെ 40 കൊല്ലത്തോളം വിശ്രമമില്ലാതെ രാത്രിയും പകലും ആശുപത്രിയോട് ചേർന്നായിരുന്നു ബ്രദർ സാറ്റിയുടെ ജീവിതം. ആകെ രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹത്തിന് ആശുപത്രിയിൽ നിന്ന് ചില ദിവസങ്ങളെങ്കിലും ഒന്നു വിട്ടുനിൽക്കേണ്ടി വന്നത് . ഒന്ന്, 1934ൽ വിശുദ്ധ ഡോൺ ബോസ്കോ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച് അതിനു പോയപ്പോൾ. രണ്ട്, ഹോസ്പിറ്റലിൽ രോഗിയായി കിടന്നിരുന്ന ഒരു തടവുപുള്ളി ചാടിപോയതിന്റെ പേരിൽ അഞ്ച് ദിവസം ബ്രദർ സാറ്റി ജയിലിൽ കിടക്കേണ്ടി വന്നപ്പോൾ!

Bicycle saint !

അദ്ദേഹത്തിന്റെ ദിനചര്യ കേൾക്കണോ? പുലർച്ചെ 4.30 ന് എഴുന്നേറ്റ് ധ്യാനവും മറ്റ് സലേഷ്യൻസിനൊപ്പം പരിശുദ്ധ കുർബ്ബാനയും. പിന്നെ ഹോസ്പിറ്റലിലെ എല്ലാ വാർഡിലും, ചിരിച്ച മുഖവുമായി രോഗികളുടെ സുഖവിവരങ്ങൾ അന്വേഷിച്ചും തമാശ പറഞ്ഞും ഒരു റൗണ്ട്. പിന്നെ പ്രഭാതഭക്ഷണം, തന്റെ വെളുത്ത കോട്ട് ധരിച്ച് മരുന്നുകൾ അടങ്ങിയ പെട്ടി സൈക്കിളിൽ എടുത്തുവെച്ച്, ഒരു കൈ ഹാൻഡിൽബാറിലും ഒരു കയ്യിൽ ജപമാലയും പിടിച്ചുകൊണ്ട് അടുത്ത പ്രദേശങ്ങളിലും രണ്ട് ടൗണിനും അപ്പുറത്ത് വരെയുള്ള രോഗികളുടെയും മറ്റുള്ളവരുടെയും സുഖവിവരം അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ്.

12 മണിക്ക് കമ്മ്യൂണിറ്റിയിലുള്ളവരുടെ കൂടെ ഉച്ചഭക്ഷണം. പിന്നെ ‘ബോച്ചേ’ കളി കുറച്ചു നേരം. വീണ്ടും 2 മണിക്ക് ആശുപത്രിക്ക് അകത്തും പുറത്തുമുള്ള രോഗികളെ കാണലും കണക്കുകൾ നോക്കലും അല്ലറ ചില്ലറ പണികളും. 6 പണിക്ക് സലേഷ്യൻ കമ്മ്യൂണിറ്റിയുടെ കൂടെ ആത്മീയവായന, ഫാർമസിയിലെ കാര്യങ്ങൾ നോക്കൽ. 8 മണിക്ക് മറ്റു അംഗങ്ങളുടെ കൂടെ അത്താഴം, വാർഡുകളിൽ പെട്ടെന്നൊരു കറക്കം, അവസാനം രാത്രി 11 മണി വരെ സ്വന്തം മുറിയിലെ പഠനവും ആത്മീയ വായനയും പ്രാർത്ഥനയും.

അദ്ദേഹത്തിന്റെ സൈക്കിൾ യാത്രകൾ ഏറെയും ചേരികളിലേക്കും പാവങ്ങളുടെ അടുത്തേക്കുമായിരുന്നു. നല്ല സമരിയാക്കാരനായ വിശുദ്ധൻ, പാവങ്ങളുടെ ബന്ധു, രോഗികളുടെ സുഹൃത്ത്, സൈക്കിളിലെ വിശുദ്ധൻ എന്നൊക്കെയാണ് പിൽക്കാലത്ത് ബ്രദർ സാറ്റി അറിയപ്പെട്ടത്. കൂടുതൽ വേഗത്തിൽ പോകാൻ കാർ ഉപയോഗിക്കാൻ പറയുമ്പോൾ സ്നേഹപൂർവ്വം അദ്ദേഹം നിരസിച്ചു. ആളുകളെ കാണുമ്പോൾ കൂടെക്കൂടെ നിർത്താനും സംസാരിക്കാനും സൈക്കിൾ ആണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ പറച്ചിൽ. ആരെന്തു കൊടുത്താലും അതെല്ലാം ആശുപത്രിചിലവുകൾക്ക് ഉപയോഗിച്ചു. ദരിദ്രർക്ക് ചികിത്സയും മരുന്നും സൗജന്യമായി നൽകി. രോഗികൾ മാത്രമല്ല, ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സ്മാരും മറ്റു സഹായികളും ഒക്കെ സാറ്റിയുടെ സാന്നിധ്യം ഇഷ്ടപ്പെട്ടു.

അദ്ദേഹം രോഗികളെ സുഖപ്പെടുത്തിയത് മരുന്നുകൾ കൊണ്ട് മാത്രമായിരുന്നില്ല, തന്റെ സാന്നിധ്യം കൊണ്ടും പ്രാർത്ഥന കൊണ്ടും പാട്ടുകൾ കൊണ്ടും അലിവുള്ള സംസാരം കൊണ്ടുമൊക്കെ ആയിരുന്നു. രോഗികളെ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ചു.

സുഖമില്ലാതെ മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ദരിദ്രനായ ഒരു മനുഷ്യൻ പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്കു മടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലെന്ന് അറിയാവുന്ന സാറ്റി ഒരിക്കലും അത് ആവശ്യപ്പെട്ടുമില്ല. തന്റെ നന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതിരുന്ന ആ മനുഷ്യൻ പറഞ്ഞു, “എല്ലാറ്റിനും ഒരുപാട് നന്ദി മിസ്റ്റർ സാറ്റി. ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. താങ്കളുടെ ഭാര്യയോടും നന്ദി പറയണമെന്നുണ്ട്, പക്ഷേ അവരെ കാണാൻ ഇതുവരെ എനിക്ക് ഭാഗ്യമുണ്ടായില്ല”.തമാശക്കാരനായ സാറ്റി ഉടനെ ചിരിച്ചുകൊണ്ട് പറഞ്ഞു, “ആ ഭാഗ്യം ഇതുവരെ എനിക്കും ഉണ്ടായിട്ടില്ല “.

ഇന്നത്തെ സെക്കുലർ ലോകത്തിന് ഒരു വെല്ലുവിളിയാണ് സയൻസും വിശ്വാസവും വിജയകരമായി സമന്വയിപ്പിച്ച ആർട്ടിമിഡെ സാറ്റി. സയൻസിന്റെ സാദ്ധ്യതകൾ ആതുരശുശ്രൂഷയിൽ ഉപയോഗിക്കുമ്പോഴും വളരെയേറെ ആളുകൾക്ക് വിശ്വാസത്തിന്റെ കൈത്തിരി പകർന്നു നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആശുപത്രിയിലെ നിരീശ്വരവാദികളായിരുന്ന ഡോക്ടർമാർ പലരും പറഞ്ഞിട്ടുണ്ട് തങ്ങൾ ദൈവവിശ്വാസത്തിലേക്ക് വന്നത് ബ്രദർ സാറ്റി കാരണമാണെന്ന്. അസാധാരണ പ്രവർത്തികൾ ചെയ്തു കൊണ്ടല്ല ബ്രദർ സാറ്റി വിശുദ്ധിയുടെ പടവുകൾ കയറിയത്, സാധാരണ കാര്യങ്ങൾ അസാധാരണമാം വിധം നന്നായി ചെയ്തുകൊണ്ടായിരുന്നു.

ഒരിക്കൽ, ആശുപത്രിയിൽ വെച്ച് മരണമടഞ്ഞ ഒരു വ്യക്തിയെ രാത്രിക്ക് രാത്രി തന്റെ തോളിൽ ചുമന്നുകൊണ്ട് മോർച്ചറിയിലേക്ക് മാറ്റുന്ന സാറ്റിയെ കണ്ടെന്നു ഒരാൾ സാക്ഷ്യപ്പെടുത്തി. മരണത്തെ പറ്റി മറ്റു രോഗികൾ അറിഞ്ഞു മനസ്സിടിയേണ്ടെന്നു വെച്ച് ആ ശരീരം പെട്ടെന്ന് മോർച്ചറിയിലെത്തിക്കാൻ ചുമന്നുകൊണ്ട് പോകുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ആ ആത്മാവിന് വേണ്ടിയുള്ള പ്രാർത്ഥന ആയിരുന്നു ( de profundis).

മറ്റൊരിക്കൽ ആസന്നമരണനായ ഒരാളെ തെരുവിൽ നിന്ന് തന്റെ ചുമലിലെടുത്തു സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തിച്ച സാറ്റി അയാൾക്കായി ഒരു കിടക്ക നൽകാൻ നഴ്സിനോട് ആവശ്യപ്പെട്ടു. കിടക്കയൊന്നും ഒഴിവില്ലെന്ന് പറഞ്ഞ നഴ്സിനോട് സാറ്റി ചോദിച്ചു, “അപ്പോൾ എന്റെ കിടക്ക ഇല്ലേ “? ഒരു വൈമനസ്യവും കൂടാതെ തന്റെ കിടക്കയിൽ തന്നെ സാറ്റി ആ മനുഷ്യനെ കൊണ്ടുകിടത്തി. അയാൾ സമാധാനത്തോടെ അന്ന് രാത്രി മരിച്ചു.

വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കും ഉള്ളതാണെന്നു പറഞ്ഞ ഫ്രാൻസിസ് സാലസിന്റെ വാക്കുകൾ സാറ്റിയിൽ അന്വർത്ഥമായി. ഓരോ മനുഷ്യരിലും സാറ്റി യേശുവിനെ കണ്ടു ശുശ്രൂഷിച്ചു. ചില മരുന്നുകൾ വളരെ വിലപിടിച്ചതാണെന്ന് കേൾക്കുമ്പോൾ സാറ്റി പറയും, “ഇല്ല, ഇല്ല, ദൈവത്തിന്റെ കരുതൽ വിലയേറിയതാണ്. നമുക്കാവശ്യമുള്ളതെല്ലാം അവിടെ നിന്ന് കിട്ടും”. ഉപവിയെ ശാന്തത കൊണ്ടും ആകർഷമായ ആനന്ദം കൊണ്ടും സാറ്റി അലങ്കരിച്ചു. പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വിട്ടു നിൽക്കുന്നത് അപൂർവ്വമായിരുന്നു. കൂട്ട് കൂടാൻ വളരെ എളുപ്പം, പാവങ്ങളുടെ ഇടയിലും സമ്പന്നരുടെ ഇടയിലും ഒരേ പോലെ ഹൃദ്യമായ പെരുമാറ്റം.

ഇതിനെല്ലാം ഉപരിയായി, ദൈവസ്നേഹത്താൽ നിറഞ്ഞ ഒരു മനുഷ്യൻ. അദ്ദേഹത്തിൽ നിന്നും നന്മ ചുറ്റും പ്രസരിച്ചു. ദിവ്യബലി മുടക്കാറേ ഇല്ല. ദിവ്യകാരുണ്യ ആരാധനകളിൽ കൂടെകൂടെ ഭക്തിപൂർവ്വം പങ്കെടുത്തു. രോഗികളിൽ ഏറെ പേർ മരുന്നുകളെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ പ്രാർത്ഥന ആഗ്രഹിച്ചു.ആ

ആശുപത്രിയിലെ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു, ” ഇവിടെ, സാറ്റിയുടെ മുൻപിൽ എന്റെ അവിശ്വാസം വിറകൊള്ളുന്നു. ഭൂമിയിൽ വിശുദ്ധരുണ്ടെങ്കിൽ അദ്ദേഹം അങ്ങനെയൊരാളാണ്. ശസ്ത്രക്രിയ്ക്ക് കത്തി കയ്യിലെടുത്തു ഞാൻ നിൽക്കുമ്പോൾ, അദ്ദേഹം സഹായി ആയി നിൽക്കുന്നത് കാണും. ഒരു കയ്യിൽ നഴ്സ് എന്ന നിലവിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനവും മറ്റേ കയ്യിൽ പിടിച്ചിരിക്കുന്ന ജപമാലയും കൂടെ ആവുമ്പോൾ എന്തോ അമാനുഷികത്വം ഓപ്പറേഷൻ റൂമിലേക്ക് കടന്നുവരും “…

ഫാദർ ബെറുട്ടി, സലേഷ്യൻ ജനറൽ കൗൺസിലിലെ അംഗം പാറ്റഗോണിയയിലെ തന്റെ ഔദ്യോഗികസന്ദർശനത്തിന് ശേഷം എഴുതി, ” ഈ ആശുപത്രി ദൈവപരിപാലനയുടെ അത്ഭുതം തന്നെയാണ്. ബ്രദർ സാറ്റി ദൈവത്താൽ അയക്കപ്പെട്ട മനുഷ്യനാണ്. ദൈവത്തിന്റെ കരുതലിന്റെ അത്ഭുതകരമായ വെളിപ്പെടൽ ആണിവിടെ. ഈ ആശുപത്രി എങ്ങനെ മുന്നോട്ടു പോകുന്നെന്ന് എനിക്ക് മനസ്സിലാകുന്നില്ല “…

1941ൽ, അത്രയും കാലം അദ്ദേഹത്തിന്റെ ചങ്കിടിപ്പായിരുന്ന ആ ആശുപത്രി പൊളിക്കാൻ ഉത്തരവ് ലഭിച്ചു. ബിഷപ്പിന് താമസിക്കാൻ ഒരു പുതിയ ഭവനത്തിന് വേണ്ടി ആയിരുന്നു അധികാരികളുടെ ആ തീരുമാനം. അദ്ദേഹം അതൊഴിവാക്കാൻ വളരെ പേരെ കണ്ട് അപേക്ഷിച്ചു, ദിവ്യകാരുണ്യ സന്നിധിയിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു. ഫലമുണ്ടായില്ല. സാറ്റിയുടെ വേദന കുറച്ചെങ്കിലും കുറയാൻ ഉപകരിച്ച മരുന്ന്, താൻ വ്രതമായി സ്വീകരിച്ച അനുസരണം ആയിരുന്നു. ദൈവഷ്ടത്തിന് കീഴടങ്ങി, രോഗികളെയും ആശുപത്രിയിൽ സർവ്വസാധനങ്ങളും കുറേ അകലെയുള്ള ഒരു കെട്ടിടത്തിലേക്ക് മാറ്റി, ഒരു പുതിയ ആശുപത്രി പണിയാൻ നേതൃത്വം നൽകി.

1950ൽ ആർട്ടിമിഡെ സാറ്റി ഒരു ഏണിയിൽ നിന്ന് താഴെ വീണു. ചികിൽസയുടെ ഇടയിൽ ക്യാൻസർ ബാധിച്ച ഒരു ട്യൂമർ കണ്ടെത്തി. മാർച്ച്‌ 15, 1951 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത് വരെയും തന്റെ ദൗത്യം അദ്ദേഹം തുടർന്നുകൊണ്ടുപോയി. അൻപതുവർഷത്തിനടുത്ത് ബ്രദർ സാറ്റി നിസ്വാർത്ഥസേവനം ചെയ്ത വിയെദ്മയിലെ ആ ആശുപത്രിക്ക് ഇന്ന് അദ്ദേഹത്തിന്റെ പേരാണ്.

മരണത്തിന് ശേഷം അദ്ദേഹത്തെ കാണാൻ വന്ന ആളുകളുടെ ഒരു സുനാമി തന്നെ ആയിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അത്രക്കുമധികം ആളുകളിൽ സാറ്റി തന്റെ നന്മപ്രവൃത്തികളാൽ സ്വാധീനം ചെലുത്തിയിരുന്നു.

പാവപ്പെട്ടവർക്കും രോഗികൾക്കുമായുള്ള അക്ഷീണ പ്രവർത്തനവും നിരന്തര പ്രാർത്ഥനയും സുദീർഘമായ ദിവ്യകാരുണ്യ ആരാധനയിലുള്ള പങ്കുചേരലും വഴി ജീവിതം ധന്യമാക്കിയ സാറ്റിയെ ഏപ്രിൽ 14, 2002ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1869ൽ ഡോൺബോസ്‌കോയാൽ സലേഷ്യൻ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതിനു ശേഷം, വാഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെടുന്ന ആദ്യത്തെ സലേഷ്യൻ സഹോദരനായിരുന്നു ആർട്ടിമിഡെ സാറ്റി.

2022 ഒക്ടോബർ 9ന് പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തെ വിശുദ്ധവണക്കത്തിലേക്കും ഉയർത്തി.മാർച്ച്‌ 15 ആണ് വിശുദ്ധ ആർട്ടിമിഡെ സാറ്റിയുടെ തിരുന്നാൾ ദിവസം.

എളിയവരിലും ചെറിയവരിലും അങ്ങയുടെ കൃപയുടെ മഹത്തായ പ്രവർത്തികൾ അത്ഭുതകരമായ വിധത്തിൽ പ്രദർശിപ്പിക്കുന്ന നല്ല ദൈവമേ, വിശുദ്ധ ആർട്ടിമിഡെ സാറ്റിയുടെ മാധ്യസ്ഥം വഴി ഞങ്ങളും, മാനസികമായും ശാരീരികമായും സഹിക്കുന്നവരായി ഞങ്ങൾ കണ്ടുമുട്ടുന്ന സഹോദരിസഹോദരന്മാരിൽ അങ്ങയുടെ മുഖം ദർശിക്കാൻ അനുഗ്രഹം തരണമെന്ന് കർത്താവായ ഈശോമിശിഹാ വഴി ഞങ്ങൾ അപേക്ഷിക്കുന്നു…ആമ്മേൻ.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s