ബെർണ്ണദീത്ത കോൺവെന്റിൽ ചേരാൻ വന്നതിനുശേഷം അവളെക്കണ്ടപ്പോൾ ബിഷപ്പ് ചോദിച്ചു,”എങ്ങനെയാണ് നീ പരിശുദ്ധ അമ്മ തന്ന കൃപകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നത് ?”
“പിതാവേ, സിസ്റ്റർമാരുടെ കൂടെ അവരുടെ വേലക്കാരിയായി നിൽക്കണമെന്നുണ്ടെനിക്ക്. അത് സാധിക്കുമൊ?”
“അവരുടെ പോലെ സഭയിൽ ചേരണമെന്ന് ആഗ്രഹമില്ലേ നിനക്ക് ?”
“ഞാൻ പാവപ്പെട്ടവളും വിദ്യാഭ്യാസമില്ലാത്തവളുമാണ് പിതാവേ”
ഉപവിയുടെ സന്യാസസഭയിലെ മദർ ജനറൽ അവളെ കണ്ടപ്പോൾ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു,” എന്റെ കുഞ്ഞേ, നിനക്കിവിടെ സന്തോഷമായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിനക്ക് എന്തൊക്കെ ചെയ്യാൻ അറിയാം ?”
“വളരെ കുറച്ച് മദർ, എനിക്ക് ഉരുളക്കിഴങ്ങിന്റെ തൊലി കളയാനും പാത്രം കഴുകാനും അറിയാം”.
“പരിശുദ്ധ അമ്മക്ക് നിന്നെ ഒരുപാടിഷ്ടമായിരുന്നു എന്നതിൽ അഹങ്കരിക്കാനുള്ള പ്രലോഭനം നിനക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?” ഒരു സിസ്റ്റർ പിന്നീട് അവളോട് ചോദിച്ചു. ആശ്ചര്യത്തോടെ അവൾ മറുപടി പറഞ്ഞു,” ഞാൻ എല്ലാവരേക്കാളും വിവരമില്ലാത്തവൾ ആയതുകൊണ്ടാണ് പരിശുദ്ധ അമ്മ എന്നെ തിരഞ്ഞെടുത്തതെന്ന് സിസ്റ്റർക്ക് അറിയില്ലേ? എന്നെക്കാളും അറിവ് കുറഞ്ഞ വേറെ ആരെയെങ്കിലും കണ്ടിരുന്നെങ്കിൽ അവൾ അവരെ തിരഞ്ഞെടുക്കുമായിരുന്നു”.
മറ്റൊരിക്കൽ ബർണദീത്ത രോഗീശുശ്രൂഷയിൽ ആയിരിക്കവേ ഒരു സഹോദരി ലൂർദിലെ ഫോട്ടോയും ബർണ്ണദീത്ത അവിടെ നിൽക്കുന്നതും കാണിച്ചു. ബെർണ്ണദീത്ത ഇങ്ങനെ പറഞ്ഞു ,” ഒരു ചൂലിന്റെ ഉപയോഗം എന്താണ്? എത്ര നല്ലതായാലും അതുപയോഗിക്കുന്നത് അഴുക്ക് നീക്കാനാണ്. ഉപയോഗം കഴിഞ്ഞാൽ അതിന്റെ സ്ഥാനം ഏതെങ്കിലും വാതിലിന്റെ പുറകിലോ മുറിയുടെ മൂലയിലോ ആയിരിക്കും. ആരും കാണില്ല, ശ്രദ്ധിക്കില്ല, അതിനെ വിശിഷ്ടമായി കരുതുകയുമില്ല. അതുപോലെ തന്നെയാണ് ഞാനും. പരിശുദ്ധ കന്യകക്ക് ഒരിക്കൽ എന്നെ ആവശ്യമായിരുന്നു. ഇപ്പോൾ എന്റെ സ്ഥാനം ഇതാണ്. ഇതിൽ ഞാൻ സന്തോഷിക്കുന്നു”.
ഒരിക്കൽ മൊമ്പൊലിയയിലെ മെത്രാൻ അവളെ സന്ദർശിച്ച് ഒരു സ്വർണക്കൊന്ത നൽകി. അവൾ അത് സ്വീകരിച്ചില്ല. “നന്ദി! പക്ഷെ എനിക്കിതാവശ്യമില്ല.. എനിക്കിപ്പോൾ ഒരു കൊന്തയുണ്ട്. അത് ധാരാളം മതി”. “ എങ്കിൽ നീ ഇതെടുത്തിട്ട് ആ കൊന്ത എനിക്ക് തരിക”. ” ഇല്ല, പരിശുദ്ധകന്യകാമാതാവ് നിഗളം ഇഷ്ടപ്പെടുന്നില്ല”. എന്നായിരുന്നു അവളുടെ മറുപടി.
പ്രിയ ബെർണദീത്ത, നിന്റെ ജീവിതത്തിലുടനീളം നീ നീയായി തന്നെ നിന്നതിനും മറ്റുള്ളവർ നിന്നിൽ അടിച്ചേൽപ്പിക്കാൻ നോക്കിയ സെലിബ്രിറ്റി പരിവേഷത്തിൽ ഒരിക്കൽ പോലും സംതൃപ്തി കണ്ടെത്താതിരുന്നതിനും നിന്നെ നമിച്ചുപോകുന്നു.
പരിശുദ്ധ മാതാവിന്റെ 18 പ്രത്യക്ഷപ്പെടലുകളെയും അത്ഭുതനീരുറവയെയും കുറിച്ച് കൂടുതൽ ആളുകൾ അറിഞ്ഞ് ലൂർദിൽ തിരക്ക് വർദ്ധിക്കുന്നതും താനും ശ്രദ്ധാകേന്ദ്രമാവുന്നതും കണ്ട് എത്രയും വേഗം ലൂർദ് വിടാനാഗ്രഹിച്ച ബെർണ്ണദീത്ത 1866 ജൂലൈ 7 ന് നിവേറിലെ മഠത്തിൽ കയറിയതിന് ശേഷം പുറത്തിറങ്ങിയിട്ടില്ല. പതിമൂന്ന് വർഷക്കാലം ആരുമറിയാത്തവളെപ്പോലെ ആവൃതിക്കുള്ളിൽ കഴിഞ്ഞു.
രോഗികളെ ശുശ്രൂഷിക്കുന്നവൾ ആയും സാക്രിസ്റ്റൻ ആയുമൊക്കെ തൻറെ ദൈനംദിന ജോലികളിൽ കഴിയാവുന്നത്ര ശ്രദ്ധിച്ചുകൊണ്ട് വളരെ ലളിതമായി അവളവിടെ ജീവിച്ചു. കാൽമുട്ടിൽ വന്ന ക്യാൻസറും ആസ്തമയുടെ ആക്രമണവും സഹനങ്ങളേറെ നൽകിയെങ്കിലും പരാതിയോ പരിഭവമൊ ഉണ്ടായില്ല ആ ചുണ്ടുകളിൽ.
മുപ്പത്തിയഞ്ചാമത്തെ വയസ്സിൽ 1879 ഏപ്രിൽ 16ന് മരിക്കുമ്പോൾ ‘പരിശുദ്ധ അമ്മെ, തമ്പുരാന്റെ അമ്മെ, ഈ പാവപ്പെട്ട പാപിക്കു വേണ്ടി പ്രാർത്ഥിക്കണേ’ എന്നവളുടെ ചുണ്ടുകൾ ഉരുവിട്ടു. ലൂർദ് താൻ കാരണം പ്രശസ്തമായെങ്കിലും അജ്ഞാതവും ഏകാന്തവുമായ ജീവിതം കഴിക്കാൻ ഇഷ്ടപ്പെട്ട, എളിമയെന്ന സുകൃതത്താൽ സ്വയം നിറച്ച ബെർണദീത്ത അങ്ങനെ മഹത്വത്തിലേക്ക് പ്രവേശിച്ചു.
“ഈ ലോകത്തിൽ നിന്നെ സൗഭാഗ്യവതിയാക്കാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നില്ല, എന്നാൽ തീർച്ചയായും അടുത്തതിൽ അത് സാദ്ധ്യമാണ് ” എന്ന് പരിശുദ്ധ അമ്മ അവളോട് പറഞ്ഞിരുന്ന പോലെ അവൾ തൻറെ നിത്യസമ്മാനത്തിനായി പോയി .
30 കൊല്ലം കഴിഞ്ഞു കല്ലറ തുറന്നപ്പോൾ അഴുകാതെയിരുന്നിരുന്ന ആ ശരീരം നാമകരണനടപടികൾക്ക് വേഗം കൂട്ടി. 1927 ജൂൺ 14-ന് പീയൂസ് പതിനൊന്നാമൻ മാർപാപ്പ ബർണദീത്തയെ വാഴ്ത്തപ്പെട്ടവളായും 1933 ഡിസംബർ 8-ന് പീയൂസ് പതിനൊന്നാമൻ മാർപാപ്പ തന്നെ വിശുദ്ധയായും പ്രഖ്യാപിച്ചു. അഗാധമായ എളിമയാൽ തന്നെത്തന്നെ താഴ്ത്തിയ അവൾ ഇന്നും കത്തോലിക്കസഭയിലെ ശരീരം അഴുകാതെയിരിക്കുന്ന വിശുദ്ധരിൽ എണ്ണപ്പെട്ടിരിക്കുന്നു.
Feast Day : ഏപ്രിൽ 16
ജിൽസ ജോയ്
