Saturday of the 2nd week of Eastertide 

🌹 🔥 🌹 🔥 🌹 🔥 🌹

22 Apr 2023

Saturday of the 2nd week of Eastertide 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രനായ ക്രിസ്തുവിന്റെ ഉത്ഥാനംവഴി,
ഞങ്ങളില്‍നിന്ന് പെസഹാരഹസ്യത്താല്‍
അങ്ങ് ദൂരീകരിച്ച പാപത്തിന്റെ നിയമത്താല്‍
എഴുതപ്പെട്ട ലിഖിതം നീക്കംചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, പെസഹാരഹസ്യങ്ങളാല്‍
കാരുണ്യത്തിന്റെ വാതില്‍
അങ്ങേ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാന്‍
അങ്ങ് തിരുമനസ്സായല്ലോ.
ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളില്‍ കനിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങേ സഹായത്താല്‍
അങ്ങേ തിരുവിഷ്ട പ്രകാരം ഞങ്ങള്‍ മുന്നേറുകയും
ജീവന്റെ വഴിയില്‍നിന്ന് ഒരിക്കലും
വ്യതിചലിക്കാതിരിക്കുകയും ചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 6:1-7
സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുത്തു.

ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍ നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം. ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. അവരെ അപ്പോസ്തലന്മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ഥിച്ചിട്ട് അവരുടെമേല്‍ കൈകള്‍ വച്ചു. ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 33:1-2,4-5,18-19

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രം ആലപിക്കുന്നതു
നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി
അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍
പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

സകലത്തേയും സൃഷ്ടിച്ച കർത്താവ് ഉയിർത്തെഴുന്നേറ്റു. അവിടുന്ന് തൻ്റെ കൃപ എല്ലാവർക്കും പ്രദാനം ചെയ്തു.

അല്ലേലൂയ!

സുവിശേഷം

യോഹ 6:16-21
യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു അവര്‍ കണ്ടു.

വൈകുന്നേരമായപ്പോള്‍ യേശുവിന്റെ ശിഷ്യന്മാര്‍ കടല്‍ക്കരയിലേക്കു പോയി. അവര്‍ ഒരു വള്ളത്തില്‍ കയറി കടലിനക്കരെ കഫര്‍ണാമിലേക്കു പുറപ്പെട്ടു. അപ്പോള്‍ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടല്‍ ക്‌ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോണ്‍ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോള്‍ യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു കണ്ട് അവര്‍ ഭയപ്പെട്ടു. അവന്‍ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ. അവനെ വള്ളത്തില്‍ കയറ്റാന്‍ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ
അങ്ങേക്ക് നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 17:24

പിതാവേ, അങ്ങ് എനിക്കു നല്കിയവര്‍,
ഞാന്‍ ആയിരിക്കുന്നേടത്ത് എന്നോടുകൂടെ ആയിരിക്കണമെന്ന്
ഞാന്‍ ആഗ്രഹിക്കുന്നു.
അങ്ങനെ, അങ്ങ് എനിക്കു നല്കിയ മഹത്ത്വം അവര്‍ കാണട്ടെ,
അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, താഴ്മയോടെ അപേക്ഷിച്ചുകൊണ്ട്,
ദിവ്യരഹസ്യത്തിന്റെ ദാനങ്ങള്‍ ഞങ്ങള്‍ സ്വീകരിച്ചുവല്ലോ.
അങ്ങനെ, അങ്ങേ പുത്രന്‍ തന്റെ അനുസ്മരണത്തിനായി
ഞങ്ങളോടു കല്പിച്ചതനുസരിച്ചുള്ള ഈ ദാനങ്ങള്‍
ഞങ്ങളുടെ സ്‌നേഹത്തിന്റെ വര്‍ധനയിലേക്ക് ഞങ്ങളെ നയിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a comment