4th Sunday of Easter 

🌹 🔥 🌹 🔥 🌹 🔥 🌹

30 Apr 2023

4th Sunday of Easter 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗീയ സന്തോഷത്തിന്റെ പങ്കാളിത്തത്തിലേക്ക് ഞങ്ങളെ നയിക്കണമേ.
അങ്ങനെ, ശക്തനായ ഇടയന്‍ മുമ്പേ പോയേടത്ത്
എളിയ അജഗണവും എത്തിച്ചേരുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 2:14,36-41
നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി.

പന്തക്കുസ്താദിനം പത്രോസ് എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ യഹൂദരോടു പറഞ്ഞു: നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.
ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും ചോദിച്ചു: സഹോദരന്മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. അവന്‍ മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്‍കുകയും ഈ ദുഷിച്ച തലമുറയില്‍ നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയുംചെയ്തു. അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആ ദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു. അവര്‍ അപ്പോസ്തലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.

കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം

സങ്കീ 23:1-3a,3b-4,5,6

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
അല്ലേലൂയ!

കര്‍ത്താവാണ് എന്റെ ഇടയന്‍;
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍
അവിടുന്ന് എനിക്കു വിശ്രമമരുളുന്നു;
പ്രശാന്തമായ ജലാശയത്തിലേക്ക്
അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നല്‍കുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
അല്ലേലൂയ!

തന്റെ നാമത്തെപ്രതി
നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്റെ നിഴല്‍വീണ
താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,
അവിടുന്നു കൂടെയുള്ളതിനാല്‍
ഞാന്‍ ഭയപ്പെടുകയില്ല;
അങ്ങേ ഊന്നുവടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
അല്ലേലൂയ!

എന്റെ ശത്രുക്കളുടെ മുന്‍പില്‍
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ ശിരസ്സു തൈലംകൊണ്ട്
അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
അല്ലേലൂയ!

അവിടുത്തെ നന്മയും കരുണയും
ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും;
കര്‍ത്താവിന്റെ ആലയത്തില്‍
ഞാന്‍ എന്നേക്കും വസിക്കും.

കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
or
അല്ലേലൂയ!

രണ്ടാം വായന

1 പത്രോ 2:20-25
ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

തെറ്റുചെയ്തിട്ട് അടിക്കപ്പെടുമ്പോള്‍ ക്ഷമയോടെ സഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു മഹത്വമാണുള്ളത്? നിങ്ങള്‍ നന്മ ചെയ്തിട്ടു പീഡകള്‍ സഹിക്കേണ്ടിവന്നാല്‍, അതു ദൈവസന്നിധിയില്‍ പ്രീതികരമാണ്. ഇതിനായിട്ടാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാല്‍, ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനു വേണ്ടി നിങ്ങള്‍ക്കു മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു. അവന്‍ പാപം ചെയ്തിട്ടില്ല, അവന്റെ അധരത്തില്‍ വഞ്ചന കാണപ്പെട്ടുമില്ല. നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവര്‍ ആക്കപ്പെട്ടിരിക്കുന്നു. അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങള്‍. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

യോഹ. 10/14.

അല്ലേലൂയ!അല്ലേലൂയ!

ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനേയും അറിയുന്ന പോലെ ഞാൻ എനിക്കുള്ളവയേയും എനിക്കുള്ളവ എന്നെയും അറിയുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 10:1-10
ഞാനാണ് ആടുകളുടെ വാതില്‍.

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാണ്. എന്നാല്‍, വാതിലിലൂടെ പ്രവേശിക്കുന്നവന്‍ ആടുകളുടെ ഇടയനാണ്. കാവല്‍ക്കാരന്‍ അവനു വാതില്‍ തുറന്നുകൊടുക്കുന്നു. ആടുകള്‍ അവന്റെ സ്വരം കേള്‍ക്കുന്നു. അവന്‍ തന്റെ ആടുകളെ പേരു ചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു. തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവന്‍ അവയ്ക്കു മുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകള്‍ അവനെ അനുഗമിക്കുന്നു. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാല്‍ അവ അവരില്‍ നിന്ന് ഓടിയകലും. യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാല്‍, അവന്‍ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവര്‍ മനസ്സിലാക്കിയില്ല.
അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷ പ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ പെസഹാരഹസ്യങ്ങള്‍വഴി
ഞങ്ങളെന്നും കൃതജ്ഞതാ നിര്‍ഭരരായിരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളുടെ നവീകരണത്തിന്റെ നിരന്തര പ്രവര്‍ത്തനം
ഞങ്ങള്‍ക്ക് നിത്യാനന്ദത്തിന് നിദാനമായി ഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
തന്റെ ആടുകള്‍ക്കു വേണ്ടി സ്വജീവനര്‍പ്പിക്കുകയും
അജഗണത്തിനു വേണ്ടി മരിക്കാന്‍ തിരുമനസ്സാകുകയും ചെയ്ത
നല്ലിടയന്‍ ഉയിര്‍ത്തെഴുന്നേറ്റു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

നല്ലിടയാ, അങ്ങേ അജഗണത്തെ
കരുണയോടെ കടാക്ഷിക്കുകയും
അങ്ങേ പുത്രന്റെ വിലയേറിയ രക്തത്താല്‍
വീണ്ടെടുത്ത അജഗണത്തെ
നിത്യമായ മേച്ചില്‍സ്ഥലങ്ങളിലേക്ക് ഒരുമിച്ചുകൂട്ടാന്‍
തിരുവുള്ളമാവുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a comment