Friday of the 4th week of Eastertide 

🌹 🔥 🌹 🔥 🌹 🔥 🌹

05 May 2023

Friday of the 4th week of Eastertide 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും
രക്ഷയുടെയും ഉടയവനായ ദൈവമേ,
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ സ്വരം ശ്രവിക്കണമേ.
അങ്ങേ പുത്രന്റെ രക്തം ചൊരിഞ്ഞ് വീണ്ടെടുത്തവരെ
അങ്ങുവഴി ജീവിക്കാനും
നിരന്തരസംരക്ഷണത്താല്‍ അങ്ങില്‍
ആനന്ദിക്കാനും പ്രാപ്തരാക്കുമാറാകണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 13:26-33
പിതാക്കന്മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കു നിറവേറ്റിത്തന്നിരിക്കുന്നു.

പൗലോസ് പിസീദിയായിലെ അന്ത്യോകായിലെ സിനഗോഗില്‍ എഴുന്നേറ്റു നിന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടു പറഞ്ഞു:
സഹോദരരേ, അബ്രാഹത്തിന്റെ സന്തതികളേ, ദൈവഭയമുള്ളവരേ, നമ്മുടെ അടുത്തേക്ക് ഈ രക്ഷയുടെ വചനം അയയ്ക്കപ്പെട്ടിരിക്കുന്നു. ജറുസലെം നിവാസികളും അവരുടെ അധികാരികളും അവനെ അറിയാതെയും എല്ലാ സാബത്തിലും വായിക്കുന്ന പ്രവാചക വചനങ്ങള്‍ ഗ്രഹിക്കാതെയും അവനെ ശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ആ വചനങ്ങള്‍ പൂര്‍ത്തിയാക്കി. മരണശിക്ഷയര്‍ഹിക്കുന്ന ഒരു കുറ്റവും അവനില്‍ കാണാതിരുന്നിട്ടും അവനെ വധിക്കാന്‍ അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അവനെക്കുറിച്ച് എഴുതപ്പെട്ടിരുന്നതെല്ലാം പൂര്‍ത്തിയായപ്പോള്‍ അവര്‍ അവനെ കുരിശില്‍ നിന്നു താഴെയിറക്കി കല്ലറയില്‍ സംസ്‌കരിച്ചു. എന്നാല്‍, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു. അവനോടൊപ്പം ഗലീലിയില്‍ നിന്ന് ജറുസലെമിലേക്കു വന്നവര്‍ക്ക് അവന്‍ പല ദിവസങ്ങളിലും പ്രത്യക്ഷനായി. അവര്‍ ഇപ്പോള്‍ ജനങ്ങളുടെ മുമ്പില്‍ അവന്റെ സാക്ഷികളാണ്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്; പിതാക്കന്മാര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട് ദൈവം മക്കളായ നമുക്കു നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്കു ജന്മം നല്‍കി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 2:6-7, 8-9, 10-12a

നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്‍കി.
or
അല്ലേലൂയ!

എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍
ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന്
അവിടുന്ന് അരുളിച്ചെയ്യും.
കര്‍ത്താവിന്റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും;
അവിടുന്ന് എന്നോട് അരുളിച്ചെയ്തു:
നീ എന്റെ പുത്രനാണ്;
ഇന്നു ഞാന്‍ നിനക്കു ജന്മംനല്‍കി.

നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്‍കി.
or
അല്ലേലൂയ!

എന്നോടു ചോദിച്ചുകൊള്ളുക,
ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും;
ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.
ഇരുമ്പുദണ്ഡു കൊണ്ടു നീ അവരെ തകര്‍ക്കും,
മണ്‍പാത്രത്തെയെന്നപോലെ
നീ അവരെ അടിച്ചുടയ്ക്കും.

നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്‍കി.
or
അല്ലേലൂയ!

രാജാക്കന്മാരേ, വിവേകമുള്ളവരായിരിക്കുവിന്‍,
ഭൂമിയുടെ അധിപന്മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.
ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍.

നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്‍കി.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു പറഞ്ഞു വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു വരുന്നില്ല.

അല്ലേലൂയ!

സുവിശേഷം

യോഹ 14:1-6
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം. തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ കുടുംബത്തിന്റെ കാണിക്കകള്‍
കാരുണ്യ പൂര്‍വം സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ സംരക്ഷണത്തിന്റെ സഹായത്താല്‍
സ്വീകരിച്ചവ അവര്‍ നഷ്ടപ്പെടുത്താതിരിക്കാനും
നിത്യമായ ദാനങ്ങളിലേക്ക് എത്തിച്ചേരാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം

റോമാ 4:25

നമ്മുടെ കര്‍ത്താവായ ക്രിസ്തു
നമ്മുടെ അപരാധങ്ങളെപ്രതി ഏല്പിക്കപ്പെടുകയും
നമ്മുടെ നീതിക്കായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍ വീണ്ടെടുത്തവരെ
കാത്തുപാലിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ പീഡാസഹനത്താല്‍ രക്ഷിക്കപ്പെട്ടവര്‍
അവിടത്തെ ഉത്ഥാനത്തില്‍ ആനന്ദിക്കുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a comment