5th Sunday of Easter 

🌹 🔥 🌹 🔥 🌹 🔥 🌹

07 May 2023

5th Sunday of Easter 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന
സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളിലെന്നും പെസഹാരഹസ്യം നിറവേറ്റണമേ.
അങ്ങനെ, പരിശുദ്ധ ജ്ഞാനസ്‌നാനത്താല്‍ നവീകൃതരാകാന്‍
അങ്ങ് ഇടയാക്കിയ ഇവര്‍,
അങ്ങേ സംരക്ഷണത്തിന്റെ സഹായത്തിന്‍കീഴില്‍
സമൃദ്ധമായി ഫലം പുറപ്പെടുവിക്കാനും
നിത്യജീവിതത്തിന്റെ ആനന്ദത്തിലേക്ക്
എത്തിച്ചേരാനും അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

അപ്പോ. പ്രവ. 6:1-7
സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുത്തു.

ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചന ശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാല്‍ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍ നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം. ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. അവരെ അപ്പോസ്തലന്മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ഥിച്ചിട്ട് അവരുടെമേല്‍ കൈകള്‍ വച്ചു. ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.

കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 33:1-2,4-5,18-19

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍;
സ്‌തോത്രം ആലപിക്കുന്നതു
നീതിമാന്മാര്‍ക്കു യുക്തമാണല്ലോ.
കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍,
പത്തുകമ്പിയുള്ള വീണമീട്ടി
അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിന്റെ വചനം സത്യമാണ്;
അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്.
അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.
കര്‍ത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തില്‍
പ്രത്യാശവയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു.
അവിടുന്ന് അവരുടെ പ്രാണനെ മരണത്തില്‍ നിന്നു രക്ഷിക്കുന്നു;
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരെ കര്‍ത്താവു കടാക്ഷിക്കുന്നു.
or
അല്ലേലൂയ!

രണ്ടാം വായന

1 പത്രോ 2:4-9
നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്.

സജീവശിലയായ കര്‍ത്താവിനെ നമുക്കു സമീപിക്കാം. മനുഷ്യര്‍ തിരസ്‌കരിച്ചതും ദൈവം തെരഞ്ഞെടുത്തതുമായ അമൂല്യശിലയാണ് അവന്‍. നിങ്ങള്‍ സജീവശിലകള്‍ കൊണ്ടുള്ള ഒരു ആത്മീയഭവനമായി പടുത്തുയര്‍ത്തപ്പെടട്ടെ. യേശുക്രിസ്തുവഴി ദൈവത്തിനു സ്വീകാര്യമായ ബലികളര്‍പ്പിക്കുന്നതിന് വിശുദ്ധമായ ഒരു പുരോഹിത ജനമാവുകയും ചെയ്യട്ടെ. ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു; ഇതാ, സീയോനില്‍ ഞാന്‍ ഒരു കല്ല് സ്ഥാപിക്കുന്നു – തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്. അതില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിക്കുകയില്ല. വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അത് അഭിമാനമാണ്; വിശ്വസിക്കാത്തവര്‍ക്ക് പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞകല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു. അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയുമായിരിക്കും. എന്തെന്നാല്‍, വചനത്തെ ധിക്കരിക്കുന്ന അവര്‍ വിധിക്കപ്പെട്ടിരിക്കുന്നതുപോലെ തട്ടിവീഴുന്നു.
എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍ നിന്നു തന്റെ അദ്ഭുതകരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്മകള്‍ പ്രകീര്‍ത്തിക്കണം.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു വരുന്നില്ല.

അല്ലേലൂയ!

സുവിശേഷം

യോഹ 14:1-12
വഴിയും സത്യവും ജീവനും ഞാനാണ്.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്തിരിക്കുന്നു.
പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.

കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, ഈ ബലിയുടെ ഭക്ത്യാദരങ്ങളോടെയുള്ള വിനിമയത്താല്‍
ഏകപരമോന്നത ദൈവപ്രകൃതിയില്‍
ഞങ്ങളെ പങ്കുകാരാക്കാന്‍ അങ്ങ് ഇടയാക്കിയല്ലോ.
അങ്ങനെ, അങ്ങേ സത്യം ഞങ്ങളറിയുന്നപോലെ തന്നെ,
അനുയുക്തമായ ജീവിതശൈലിയിലൂടെ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. യോഹ 15:1,5

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ,
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു, അല്ലേലൂയാ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ,
പഴയ ജീവിതശൈലിയില്‍ നിന്ന് നവജീവിതത്തിലേക്ക്
കടന്നുവരാന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤ 🌹 ❤ 🌹 ❤ 🌹

Advertisements

Leave a comment