ദിവ്യകാരുണ്യ വിചാരങ്ങൾ 24

ആഗസ്റ്റു മാസം ഏഴാം തീയതി തിരുസഭ വിശുദ്ധ കജേറ്റൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ഇരുപത്തിനാലാമത്തെ വയസ്സിൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കജേറ്റൻ ഒരു അൽമായൻ ആയിരിക്കുമ്പോൾ തന്നെ 1506 ൽ ജൂലിയൂസ് രണ്ടാമൻ മാർപാപ്പയുടെ ഓഫീസിൽ നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ചു. പുരോഹിതനായ ശേഷം പത്തു വർഷം കൂടി, മാർപാപ്പ 1523 ൽ മരിക്കും വരെ ഈ ജോലി തുടർന്നു. മാർപാപ്പയുടെ മരണശേഷം സ്വദേശമായ വിൻസെൻസയിലേക്ക് പോയ അദ്ദേഹം അവിടെയുള്ള വിശുദ്ധ ജറോമിൻ്റെ ആശ്രമത്തിൽ പ്രവേശിച്ചു. 1524 സെപ്റ്റംബർ മാസം പതിനാലാം തിയതി തിയാറ്റൈൻസ് (Congregation of Clerics Regular CR) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായി, മറ്റൊരു സ്ഥാപക പിതാവായ ജിയോവാനി പിയട്രോ കരാഫയാണ് ഭാവിയിൽ പോൾ നാലാമൻ എന്ന പേരിൽ മാർപാപ്പയായി സഭയെ നയിച്ചത്. 1533 ഇറ്റലിയിലെ നേപ്പിൾസിൽ ലൂഥറനിസത്തിൻ്റെ വ്യാപനം എതിർക്കാൻ അദ്ദേഹം ഒരു കേന്ദ്രം സ്ഥാപിച്ചു. 1547 ആഗസ്റ്റു മാസം ഏഴാം തീയതി മരണമടഞ്ഞ കജെറ്റനെ ക്ലമൻ്റ് പത്താമൻ മാർപാപ്പ 1671 ഏപ്രിൽ പന്ത്രണ്ടാം തീയതി ലീമായിലെ റോസ, ലൂയിസ് ബെൽട്രാൻ, ഫ്രാൻസീസ് ബോർജിയ, ഫെലിപ്പെ ബെനിസിയോ എന്നിവർക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന വിശുദ്ധൻ ദിവ്യകാരുണ്യ സ്വീകരണത്തെപ്പറ്റി വിശ്വാസികളെ ഇപ്രകാരം ഉദ്ബോധിപ്പിച്ചിരുന്നു: “നിനക്കു ഉപയോഗിക്കാനായി വിശുദ്ധ കുർബാനയിൽ ഈശോയെ നീ സ്വീകരിക്കരുത്. മറിച്ച് നിന്നെത്തന്നെ അവനു നൽകുക, അവൻ നിന്നെ ഈ കൂദാശയിൽ സ്വീകരിക്കട്ട, അതുവഴി അവൻ നിൻ്റെ രക്ഷകനായ ദൈവം അവൻ ഇച്ഛിക്കുന്നതുപോലെ നിന്നിലും നിന്നിലൂടെയും പ്രവർത്തിക്കട്ടെ.”

ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നാം ഈശോയെ സ്വീകരിക്കുന്നതിനേക്കാൾ ഈശോ നമ്മളെ സ്വീകരിക്കുകയും നമ്മളെ അവൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും നമ്മിലൂടെ അവൻ്റെ തിരുഹിതം നിറവേറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം നമുക്കു തിരിച്ചറിയാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment