മഞ്ഞുമാതാവ്: ടിപ്പുവിന്റെ മുന്നിലെ പരിശുദ്ധ മഞ്ഞ്

ഏതാണ്ട് 228 കൊല്ലം മുൻപ് 1790ൽ കൃഷ്ണൻ കോട്ടയും കൊടുങ്ങല്ലൂർകോട്ടയും കുര്യാപ്പിള്ളിക്കോട്ടയും കീഴ്പ്പെടുത്തി ടിപ്പുവും 60000ൽപ്പരം വരുന്ന സേനയും കൊടുങ്ങല്ലൂരും പറവൂരും ആലുവദേശവുമൊക്കെ കൊള്ളയടിച്ച് കുതിക്കുമ്പോൾ പെരിയാറിന്റെ മറുകരയിലുള്ള പല നാട്ടുരാജാക്കന്മാരും ഗ്രാമങ്ങളും അക്ഷരാർത്ഥത്തിൽ ഭീതിയുടെ ഇരുളിലേയ്ക്ക് കൂപ്പുകുത്തിയിരുന്നു. പുരാതന പള്ളിപ്പുറത്തെ അന്തരീക്ഷവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ടിപ്പുവെന്ന ഭീതിയിൽ നിന്ന് മുക്തമായിരുന്നില്ല പള്ളിപ്പുറവും അയൽപ്രദേശങ്ങളും.

അറബിക്കടലിൽ ടിപ്പുവിന്റെ യുദ്ധക്കപ്പലുകളിലെ പീരങ്കികൾ ഏതുനിമിഷവും ഗർജ്ജിക്കുവാൻ തയ്യാറായിക്കിടക്കുന്നു. ടിപ്പുവിനെപ്പേടിച്ച് ചില ബ്രിട്ടീഷ് പടയാളികൾ പള്ളിപ്പുറം കോട്ടയിലും (ആയക്കോട്ട), ഗ്രാമ വാസികൾ മാതാവിന്റെ ദേവാലയത്തിലും അഭയം തേടിയിരിക്കുന്നു. കാരണം, പെരിയാറിനപ്പുറത്ത് വടക്കൻ ദേശമായ മലബാറിൽനിന്ന് ഇതുവരെ വന്നിരുന്ന വാർത്തകൾ കേൾക്കാൻ സുഖമുള്ളതായിരുന്നില്ല. എല്ലാം പേടിപ്പെടുത്തുന്നവ: മൃഗീയമായ കൊലകൾ, ബലാൽക്കാരങ്ങൾ, ഒന്നും അവശേഷിപ്പിക്കാതുള്ള തച്ചുതകർക്കൽ.

തകർത്തുപെയ്ത കർക്കിടക മഴയും പശ്ചിമ സാനുക്കളിൽ നിന്ന് കലിതുള്ളിയെത്തിയ പെരുവെള്ളവും പെരിയാറിനെ കനപ്പിച്ചിട്ടും പിന്മാറാതെ നിൽക്കുന്നുണ്ട് ടിപ്പുവിന്റെ കപ്പൽപ്പട. അവർ ഉന്നം വച്ചിരിക്കുന്നത് തന്ത്ര പ്രധാനമായ പള്ളിപ്പുറവും, ദേവാലയവും, ആയക്കോട്ടയുമാണ്. ബ്രിട്ടീഷ്കാരോടുള്ള അടങ്ങാത്ത പക മൈസൂർ പടയ്ക്ക് എപ്പോഴും എരിതീയിൽ എണ്ണയെന്നപോലെ വീര്യം പകരുന്നു. തെക്കേഇന്ത്യയുടെ സുൽത്താനായി വാഴാൻ ടിപ്പുവിന് എതിര് നിൽക്കുന്നത് അവരാണ്. ആയക്കോട്ടയിൽ അവരുണ്ട്. അതിനടുത്ത് വിദേശികളുടെ വാസ സ്ഥാനങ്ങളും പള്ളിപ്പുറം പള്ളിയും ഉണ്ട്. ഇവയെല്ലാം തകർക്കണം.

അന്ന്, അറബിക്കടലിൽ നിന്ന് ആയക്കോട്ടയിലേക്കും ദേവാലയത്തിലേക്കും ഉള്ള ദൂരം ഇന്നത്തേക്കാൾ കുറവായിരുന്നു. കടലിലെ യുദ്ധസന്നാഹങ്ങൾ കരയിൽ നിന്ന് തന്നെ തെളിമയോടെ കാണാം. ഇതെല്ലാം കണ്ട ഗ്രാമവാസികൾ സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ച് ഊണും ഉറക്കവുമില്ലാതെ പ്രാർത്ഥനയോടെ കഴിഞ്ഞത് പള്ളിപ്പുറത്തെ മാതാവിന്റെ ദേവാലയത്തിലായിരുന്നു എന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ സർവ്വനാശം വിതക്കാൻ നങ്കൂരമിട്ട കപ്പലിൽനിന്ന് ടിപ്പുവിന്റെ പീരങ്കികൾ ഉന്നം വച്ചത് ആയക്കോട്ടയേക്കാൾ പള്ളിപ്പുറത്തെ ദേവാലയമായിരുന്നു.

കർണ്ണാടകത്തിലെ ദേവനഹള്ളിയിൽ ജനിച്ച മൈസൂർ കടുവയെന്ന ടിപ്പുവിനോടൊപ്പം, പ്രഗത്ഭന്മാരും കാരുണ്യമില്ലാത്തവരുമായ ‘ലാളി’യെപ്പോലുള്ള അനവധി യൂറോപ്യൻ കമാണ്ടർമാർ ഉണ്ടായിരുന്നു. മിർ അസർ അലിഖാൻ എന്ന കുപ്രസിദ്ധനായ കമാണ്ടറും ഈ സംഘത്തിലുണ്ടായിരുന്നു. അലി ഖാൻ എന്ന മൈസൂർ കാലിക്കറ്റ് പ്രൊവിൻസ് സൈന്യാധിപന്റെ കീഴിൽ പരിശീലി പ്പിക്കപ്പെട്ടവരായിരുന്നു ഇവരിൽ പലരും.

ഇവരെ സുൽത്താനായ ടിപ്പു നേരിട്ട് നയിക്കുമ്പോൾ യുദ്ധങ്ങളിൽ പിടിക്കപ്പെട്ടവർ പര്യായമില്ലാത്ത മൃഗീയതകൾക്ക് ഇരയായിരുന്നു. പിതാവ് ഹൈദരാലി മലബാർ നേരത്തെ തന്നെ കീഴടക്കിയിരുന്നുവെങ്കിലും, ബ്രിട്ടിഷുകാരാൽ സ്പോൺസർ ചെയ്യപ്പെട്ട ആഭ്യന്തര കലാപങ്ങൾ പലപ്പോഴും ഹൈദരാലിയുടെയും ടിപ്പുവിന്റെയും ഉറക്കം കെടുത്തിയിരുന്നു.

ഇങ്ങനെയൊരു യുദ്ധത്തിൽ പഴശ്ശിരാജാവ് മൈസൂർപ്പടയെ തോൽപ്പിച്ച് പലരെയും കുറച്ചുകാലം തടവിലാക്കി. കൂടാതെ തിരുവിതാംകൂർ രാജാവ് ഇന്നത്തെ തൃശൂർ ഭാഗത്ത് മൈസൂർ സേനയെ തടയാൻ മണ്ണുകൊണ്ട് നിർമ്മിച്ച നെടുംകോട്ടയെന്ന് വിളിക്കപ്പെട്ട പ്രതിരോധം തീർത്തിരുന്നു.മൈസൂർ പടയ്ക്ക് ഇങ്ങനെ നിരവധി പ്രകോപനങ്ങൾക്കും നഷ്ടങ്ങൾക്കും പ്രതികാരം ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സാധാരണ പടയോട്ടങ്ങളേക്കാൾ–ധനത്തിനും, നികുതി കൂട്ടുന്നതിനും, പ്രതാപത്തിനും വേണ്ടിയുള്ള യുദ്ധങ്ങളേക്കാൾ–ഭീതി വിതച്ചതായി ഈ പടയോട്ടം. ഈ ഭീകര പ്രതിസന്ധിയിൽ ആയക്കോട്ടയിലെ നാമമാത്രമായ ഇംഗ്ലീഷ് പടയാളികളേക്കാൾ, ജനം വിശ്വസിച്ചത് ദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ട പരിശുദ്ധ മറിയമെന്ന അമ്മയെയായിരുന്നു. മാനവകുലത്തിന് രക്ഷാകര ദൗത്യം നിറവേറ്റാൻ നിയോഗിതയായ പ്രിയമുള്ള അമ്മ.

ചിത്രകാരൻ കൂടിയായ ലൂക്ക സുവിശേഷകൻ വരച്ച പരിശുദ്ധ മറിയത്തിന്റെ ചിത്രത്തിന്റെ പകർപ്പാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്നത്. ഈശോസഭക്കാർ പള്ളിപ്പുറത്ത് പ്രതിഷ്ഠിച്ച ഈ ചിത്രത്തിൽ വിശുദ്ധന്മാരായ ഇഗ്നേഷ്യസ് ലൊയോളയും ഫ്രാൻസിസ് സേവ്യറും കൂപ്പുകൈകളോടെ നിൽക്കുന്നത് കാണാം. ലൂക്ക സുവിശേഷകൻ വരച്ച യഥാർത്ഥ ചിത്രം റോമിലെ ഔർ ലേഡി ഓഫ് സ്നോ എന്ന മേജർ ബസിലിക്കയിലാണ് അക്കാലങ്ങളിൽ വണങ്ങപ്പെട്ടിരുന്നത്. കൂപ്പുകരങ്ങളുമായി ദേവാലയത്തിൽ കഴിഞ്ഞിരുന്ന ജനത്തോട് പരിശുദ്ധ മറിയം പ്രകടമാക്കിയ അളവില്ലാത്ത സ്നേഹം ദേശത്തെ ഗ്രസിച്ചിരുന്ന ഭീതിയെ തുടച്ചു മാറ്റുന്നതായിരുന്നു. ഒപ്പം, ഉന്നം പിഴക്കാത്ത പീരങ്കികളെ നിശബ്ദമാക്കിയതുപോലെ, ഭയാനകതയുടെ കണ്ണീരിനെ ആനന്ദാശ്രുക്കളുടെ സ്നേഹധാരയാക്കി ആ അമ്മയുടെ അളവില്ലാത്ത സ്നേഹം.

നസ്രത്തിൽ നിന്നാരംഭിച്ച ഏതുവിളിപ്പുറത്തുനിന്നുമുള്ള പരിശുദ്ധ അമ്മയുടെ രക്ഷാകരമായ ഇടപെടലുകൾ പള്ളിപ്പുറം നിവാസികളും ടിപ്പുവും അന്ന് അനുഭവിച്ചറിഞ്ഞിരിക്കണം. നങ്കൂരമിട്ട കപ്പലുകളിലെ കലിതുള്ളിയ നാവികരെ അമ്പരപ്പിച്ചുകൊണ്ട് പള്ളിപ്പുറവും പള്ളിയും കോട്ടയുമെല്ലാം മഞ്ഞിൽ അദൃശ്യമായപ്പോൾ ടിപ്പുവും പടയാളികളും എന്തായിരിക്കും അനുഭവിച്ചിരിക്കുക. മഞ്ഞുമറ നീങ്ങാൻ ദിവസങ്ങൾ കാത്തുനിന്നിട്ടും ഒന്നും കാണാനാവാതെ അത്ഭുതപ്പെടുമ്പോൾ ഏത് മായക്കാഴ്ചയായിരിക്കും അവർ കണ്ടിരിക്കുക. ലക്ഷ്യത്തെ മറച്ച മഞ്ഞിലേക്ക് അലക്ഷ്യമായി തുരുതുരെ പീരങ്കികളുതിർത്ത് നിരാശയോടെ പിൻവാങ്ങുമ്പോൾ അവർ എന്തിനെപ്പറ്റിയാവും കൂടെക്കൂടെ ആശ്ചര്യപ്പെട്ടിരിക്കുക.

പള്ളിപ്പുറം നിവാസികൾ അന്നുമുതൽ പറയുന്നത് അമ്മ കനിഞ്ഞു നൽകിയ ഈ അത്ഭുതരക്ഷയെ ക്കുറിച്ച് മാത്രമാണ്. നാം ഇന്ന് ആഘോഷിക്കുന്നതും നന്ദിയർപ്പിക്കുന്നതും ‘അമ്മ നമുക്ക് നൽകിയ ഈ ജന്മവും അതിലെ സുകൃതങ്ങളുമാണ്. മഞ്ഞിന്റെ നൈർമല്യതയും തണുപ്പും ഇന്നേറ്റുവാങ്ങുന്നത് ജീവിത തീ ചൂളയിൽ കലുഷിത മനസ്സുമായി അമ്മയ്ക്കരികിൽ ചെല്ലുന്ന മനസ്സുകളാണ്. വിശ്വാസവും സമർപ്പണവുമാണ് ഈ വിശുദ്ധ മഞ്ഞ് അനുഗ്രഹമായി മനസ്സിലും ജീവിതത്തിലും പെയ്യാൻ വേണ്ട ഗുണങ്ങൾ. അതുകൊണ്ടാണ് കഷ്ടപ്പാടുകളുടെ പാരമ്യതകളിൽ വിശ്വസിച്ച് സമർപ്പിക്കുന്നവന് പരിശുദ്ധ കന്യകാമറിയം മഞ്ഞ് എന്ന അടയാളം നൽകുന്നത്. റോമിലെ വേനൽക്കാലത്ത് എസ്ക്വിലിൻ മലയും, കർക്കിടകമഴയും പെരുവെള്ളവും കണ്ട് പിന്മാറാതെ നിന്ന ടിപ്പുവിന് മുന്നിൽ പള്ളിപ്പുറവും അടയാളപ്പെടുത്തിയത് ഈ വിശ്വാസവും സമർപ്പണവുമാണ്. അതിനാലാണ് മക്കളുടെ രക്ഷയ്ക്കായി വിളിപ്പുറത്ത് ഓടിയെത്തുന്ന അമ്മയെക്കുറിച്ച് നാം ആശ്വാസം കൊള്ളുന്നത്. അമ്മയുടെ പരിശുദ്ധ സാന്നിദ്ധ്യത്തിലേക്ക് നാം ഓടിയണയുന്നത്.

അടിക്കുറിപ്പ്: ടിപ്പുവിന്റെ പടയോട്ടവും കാലഘട്ടവും സൂചിപ്പിക്കുന്ന 1789 -1790 ഡച്ചുകാരുടെ ഭരണത്തിന്റെ അവസാന കാലഘട്ടം കൂടിയാണ്. ഡച്ചുകാരിൽ നിന്ന് പള്ളിപ്പുറം കോട്ട വിലയ്ക്ക് വാങ്ങിയ തിരുവിതാംകൂർ രാജാവ്, ടിപ്പുസുൽത്താനെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷ് കാരുടെ സഹായം തേടിയിരുന്നു. അതുകൊണ്ട് തന്ത്ര പ്രധാനമായ പള്ളിപ്പുറം കോട്ട, ബ്രിട്ടീഷ് പടയാളികൾക്ക് ഉപയോഗിക്കാൻ കൊടുത്തു. ആയക്കോട്ടയിൽ വലിയൊരു സേനയൊന്നും ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്നത് നാമ മാത്രമായ ഇംഗ്ലീഷ് പടയാളികൾ മാത്രമായിരുന്നു. അവർ ഡച്ചുകാരോ പോർട്ടുഗീസുകാരോ ആയിരുന്നില്ല.

ടിപ്പുവിന്റെ പടയോട്ടത്തെ, ഒന്നോ രണ്ടോ ദിവസത്തെ യുദ്ധമായി ആരും കാണരുത്. യുദ്ധം തുടങ്ങിയത് ഡിസംബർ മാസത്തിൽ ആണെങ്കിലും, അത് മാസങ്ങളോളം നീണ്ടുപോയിരുന്നു. മാതാവിന്റെ അനുഗ്രഹമായി മഞ്ഞ് പെയ്ത് പള്ളിപ്പുറത്തെ രക്ഷിച്ചത് ആഗസ്ററ് മാസം എന്നാണെന്ന് ഐതിഹ്യം. അപ്പോൾ അത് കർക്കിടക മാസം ആകാനെ തരമുള്ളൂ. കർക്കിടകമഴയും പെരിയാറിൽ വെള്ളം പൊങ്ങിയതും ടിപ്പുവിന്റെ സേനയ്ക്ക് തിരിച്ചടിയായെന്ന് ചരിത്രം.

മാതാവിന്റെ ഈ ചിത്രം പോർട്ടുഗീസുകാർ കൊണ്ടുവന്നതാണ്. ചിത്രത്തിൽ ഇഗ്നേഷ്യസ് ലൊയോളയും ഫ്രാൻസിസ് സേവ്യർ പിന്നീട് വരച്ചു ചേർക്കപ്പെട്ടതാണ് ലൂക്കാ സവിശേഷകന്റെ ഒറിജിനൽ ചിത്രം പരിശുദ്ധ മറിയവും ഉണ്ണിയേശുവും ഉള്ള ചിത്രമാണ്. വിശുദ്ധരായ ഇഗ്നേഷ്യസ് ലയോള ഈ വിശുദ്ധ ചിത്രം വച്ചിരിക്കുന്ന റോമിലെ ദേവാലയത്തിലാണ് ആദ്യമായി തന്റെ ദിവ്യബലി അർപ്പിച്ചത്. ആയതിനാൽ ഈ ചിത്രത്തെ ഈശോസഭക്കാർ ലോകമെമ്പാടും പ്രചരിപ്പിക്കുകയുണ്ടതായി. ഇറ്റലിയിൽ തന്നെ ഔർ ലേഡി ഓഫ് സ്നോ എന്ന പേരിൽ നൂറിൽപ്പരം ദേവാലയങ്ങളുണ്ട്.

കടപ്പാട്.
ജോസഫ് സെബാസ്റ്റ്യൻ
#മഞ്ഞുമാതാവ് #pallippuram

Advertisements
Advertisements

Leave a comment