എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു

അധരം കൊണ്ടുള്ള സ്തുതി കീർത്തനങ്ങൾ എല്ലാവർക്കും സാധ്യമാണ്. എന്നാൽ ആത്മാവുകൊണ്ട് ദൈവത്തെ പാടി പുകഴ്ത്തുന്നതാണ് യഥാർത്ഥമായ ആരാധന.

പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളിനായി അടുത്തൊരുങ്ങുന്ന ഈ നാളുകളിൽ അമ്മയുടെ സ്തോത്രഗീതത്തിലെ ആദ്യ വാക്യം നമുക്ക് ധ്യാന വിഷയമാക്കാം.

“എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.”

ദൈവാത്മാവിനാൽ നയിക്കപ്പെട്ട, ആ ആത്മാവിനാൽ ഗർഭം ധരിച്ച അമ്മയുടെ ആത്മാവിന്റെ സ്പന്ദനം ആണിത്. ദൈവൈക്യം എന്നാൽ ദൈവാത്മാവിന്റെയും മനുഷ്യാത്മാവിന്റെയും കൂടിച്ചേരലാണ്. ഈ ദൈവൈക്യത്തിൽ ജീവിക്കുമ്പോഴാണ് ആത്മാവിനാൽ ദൈവത്തെ ആരാധിക്കുവാൻ സാധിക്കുക.

ചില വ്യക്തികളുടെ പ്രാർത്ഥനകൾ, പാട്ടുകൾ, സന്ദേശങ്ങൾ ഒക്കെ കേൾക്കുമ്പോൾ തന്നെ നമുക്കൊരു സ്വസ്ഥതയും ശാന്തതയും അനുഭവപ്പെടാറില്ലേ?.. അത് വ്യക്തിയുടെ മാത്രം കഴിവു കൊണ്ടല്ല, ദൈവാത്മാവിന്റെ കൃപയാൽ ആണ്. ദൈവാത്മാവിനാൽ നയിക്കപ്പെട്ട ചെയ്യുന്ന ശുശ്രൂഷകൾക്കാണ് കൃപയും സൗഖ്യവും ഉണ്ടാകുന്നത്. പല ധ്യാന സമയങ്ങളിലും ആരാധനാ മണിക്കൂറിലുമൊക്കെ സംഭവിക്കുന്ന അഭിഷേകത്തിന്റെയും സൗഖ്യത്തിന്റെയും പിന്നിൽ ഈ ഒരു കാര്യവും ഉണ്ട്.

1 കൊറി.14:15- വചനം പറയുന്നു:” ഞാനെന്റെ ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പ്രാർത്ഥിക്കും. ആത്മാവുകൊണ്ടും മനസ്സുകൊണ്ടും പാടുകയും ചെയ്യും”. നമ്മുടെ പ്രാർത്ഥനകളും ശുശ്രൂഷകളും ആത്മാവിനാൽ നയിക്കപ്പെടണം. അല്ലാത്തപക്ഷം അതൊരു ചൊല്ലി കൂട്ടലോ, പാടി തീർക്കലോ, അധര വ്യായാമമോ ആയി മാറും. അത് നമുക്കോ കേൾവിക്കാർക്കോ പ്രയോജനം ആകില്ല… ജീവൻ പകരില്ല…

അതിനാലാണ് യോഹന്നാൻ ശ്ലീഹാ പറയുന്നത് :” ആത്മാവാണ് ജീവൻ നൽകുന്നത്. ശരീരമൊന്നിനും ഉപകരിക്കുന്നില്ല”. (യോഹന്നാൻ 6:63).

നമ്മുടെ ശുശ്രൂഷകൾക്ക് ജീവൻ പകരുന്ന ദൈവാത്മാവിനോട് ചേർന്ന് ഈ സർഗാരോപണ തിരുനാളിനായി നമുക്കൊരുങ്ങാം. അങ്ങനെ പരിശുദ്ധ അമ്മയോട് ചേർന്ന് ആത്മാവിനാൽ നിറഞ്ഞ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താം…

✍ Linu Sebastian

Advertisements
Advertisements

Leave a comment