ശൂന്യവൽക്കരിക്കുന്ന സ്നേഹമില്ലെങ്കിൽ…

ആരോട് പറയാനാണ് സങ്കടങ്ങൾ? ആര് കേൾക്കാനാണ്? ആരും ആരെയും ശ്രദ്ധിക്കുന്നു പോലുമില്ല. സൗമ്യമായുള്ള ഉപദേശങ്ങൾക്ക് പോലും അധിക്ഷേപവും പരിഹാസവുമാണ് മറുപടി. ചെറുപ്പത്തിൽ, പത്രങ്ങളിൽ ഓർത്തഡോക്സ്-യാക്കോബായ പള്ളികളിലെ പ്രശ്നങ്ങളും അടച്ചുപൂട്ടലും ഒക്കെ കാണുമ്പോൾ ഇവർക്കൊക്കെ എന്താ ഒന്ന് ക്ഷമിച്ചാൽ, താഴ്ന്നുകൊടുത്താൽ, ക്രിസ്തുവിനെ പ്രതി അനുരഞ്ജനത്തിലായാൽ എന്നൊക്കെ തോന്നുമായിരുന്നു. ഞാൻ ആയിരിക്കുന്ന സഭയെപ്പറ്റി അഭിമാനവും സമാധാനവും തോന്നുമായിരുന്നു. പക്ഷേ കുറേ കാലങ്ങളായി… സീറോ മലബാർ സഭയുടെ അവസ്ഥ..

‘നമ്മുടെ ദൈവത്തെ നമ്മൾ കോലാഹലത്തിന്റെ, സമാധാനമില്ലാത്തിടത്തെ, ദൈവമാക്കി ‘ (Ref. 1 കോറി.14:33). ക്രിസ്തുവും ക്രിസ്തുമതവും വ്യത്യസ്തമാകുന്നത് ശൂന്യവൽക്കരണത്തിന്റെ പാതയിലായിരുന്നു. മറ്റ് മതങ്ങളുടെ ദൈവസങ്കൽപ്പങ്ങൾക്ക് തികച്ചും അന്യമായത്. ബലിയർപ്പണത്തിന്റെ കാതലാണ് ശൂന്യവൽക്കരണം. ക്രിസ്തീയതയുടെ പ്രാക്റ്റിക്കൽ വേർഷനാണത്. ശൂന്യവൽക്കരിക്കുന്ന സ്നേഹമില്ലെങ്കിൽ ക്രിസ്ത്യാനി എന്ന പേര് തന്നെ വ്യർത്ഥം. ആദിമക്രൈസ്തവരുടെ സ്നേഹവും ത്യാഗവും കണ്ടാണ് ആയിരക്കണക്കിനാളുകൾ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കപ്പെട്ടത്. എന്നാൽ ഇന്നോ? എന്ത് സന്ദേശമാണ് നമ്മൾ പുറമെയുള്ളവർക്ക് കൊടുക്കുന്നത്.

തന്റെ മതത്തോടുള്ള തീക്ഷ്‌ണത കൊണ്ടാണ് സാവൂൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത്. പെരുമാറ്റത്തിൽ ക്രിസ്തീയത അശേഷമില്ലെങ്കിലും ബലിയർപ്പണത്തിൽ അത് നമ്മൾ വിചാരിക്കുന്ന രീതിയിൽ ആകണമെന്ന് ശഠിച്ച് തീക്ഷ്‌ണതയാൽ എരിയുന്ന നമ്മളോടാണ് കർത്താവ്‌ ഇപ്പോൾ ചോദിക്കുന്നത്. ‘നീ എന്തിനെന്നെ പീഡിപ്പിക്കുന്നു?”

Religion to many, is something that stays in Church. But that is not where Christ practiced it. നമ്മുടെ ദൈനംദിനജീവിതത്തിൽ ദൈവത്തിനു റോൾ കൊടുക്കാത്തത് കൊണ്ടാണ്, ബലിയർപ്പണരീതികളിൽ, അനുഷ്ഠാനങ്ങളിൽ, നമ്മൾ കാണിക്കുന്ന ശുഷ്‌കാന്തി നമ്മുടെ പ്രവൃത്തികളിലും പെരുമാറ്റത്തിലും കാണാത്തത്. വെറുപ്പും പരിഹാസവും നിറയുന്നത്.

സഭ അവളുടെ തലപ്പത്തിരിക്കുന്നവരിലൂടെ അനുശാസിക്കുന്ന കാര്യങ്ങളും നിർദ്ദേശിക്കുന്ന ബലിയർപ്പണരീതിയും (ആ തീരുമാനത്തിലെത്താൻ അവരെ പ്രേരിപ്പിച്ച വസ്തുതകൾ എന്തും ആയിക്കോട്ടെ) അത് അനുസരിക്കപ്പെടേണ്ടതാണ്, ദൈവതീരുമാനമെന്ന രീതിയിൽ സ്വീകരിക്കപ്പെടേണ്ടതാണ് എന്നതാണ് എന്റെ നിലപാട്. അതിൽ പാകപ്പിഴകളുണ്ടെങ്കിൽതന്നെ ദൈവത്തോട് ഉത്തരം പറയേണ്ട ബാധ്യസ്ഥത അവരുടേതാണ്. പക്ഷേ, അവരെ അനുസരിക്കുമ്പോൾ നമ്മുടെ കടമയാണ് നമ്മൾ നിറവേറ്റുന്നത്. അങ്ങനെ അവർ എന്ത് പറഞ്ഞാലും നിങ്ങൾ അനുസരിക്കുമോ എന്ന് ചോദിച്ചാൽ, പാപമാണെന്ന് ഉറപ്പുള്ളത് അനുസരിച്ചെന്നു വരില്ല. ബലിയർപ്പണരീതികളിൽ നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ മറ്റെന്തെങ്കിലും ആയിരിക്കാം. ഇത്ര കാലവും പിന്തുടർന്ന രീതികളും. പക്ഷേ അവർ നിർദ്ദേശിക്കുന്ന ഏകീകൃതരീതികൾ അനുസരിക്കുന്നത് പാപമൊന്നും ആകുന്നില്ലല്ലോ.

ഇവിടത്തെ പള്ളിയിൽ മലയാളം കുർബ്ബാന ഉള്ളത് ആഴ്ചയിൽ രണ്ടു ദിവസമാണ്. ഒരു ദിവസം ലത്തീൻ ക്രമം ആണെങ്കിൽ അടുത്ത ദിവസം സീറോ മലബാർ ക്രമം. ലത്തീൻ കുർബ്ബാനയിൽ മുഴുവൻ സമയവും ജനാഭിമുഖമായി നിൽക്കുന്ന വൈദികൻ അടുത്ത ദിവസം കുറച്ചു സമയം ജനാഭിമുഖവും കുറച്ചു സമയം അൾത്താര അഭിമുഖവുമാണ്. അതിൽ ഏതെങ്കിലും ഒരു കുർബ്ബാനക്ക് ദൈവകൃപ കുറയുന്നതായി തോന്നിയിട്ടില്ല.

എന്റെ fb ഫ്രണ്ട്സിൽ ഒരു വിഭാഗം, എറണാകുളം-അങ്കമാലിയിൽ എതിർത്തു നിൽക്കുന്ന അംഗങ്ങളെ പരസ്യമായി സപ്പോർട്ട് ചെയ്തില്ലെങ്കിലും അവർക്ക് ഉള്ളുകൊണ്ട് ഐക്യദാർഢ്യം കൊടുക്കുന്നവരാണ്. അവർ എന്നോട് പറയാറുണ്ട് ഏകീകൃതകുർബ്ബാനരീതിയോട് അനുബന്ധിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം എന്ന് വിചാരിക്കരുതെന്ന്. അതിനും വളരെ മുൻപേ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു. പക്ഷേ ഇതിൽ ന്യായം മുഴുവൻ, നൂറു ശതമാനവും, ഏകീകൃതകുർബ്ബാനയെ എതിർക്കുന്നവരുടേതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ പോലും ആ പക്ഷത്തിന്റെ നിലപാടും പ്രവൃത്തികളും എനിക്ക് അംഗീകരിക്കാൻ നിവൃത്തിയില്ല. അവരുടെ എതിർപ്പ് ക്രിസ്തീയമായ രീതിയിലേ അല്ല. പരിഹാസകരുടെ പീഠങ്ങളിൽ ഇരുന്ന് അധിക്ഷേപവും കയ്യാങ്കളികളും നടത്തുന്നവർ, നയിക്കപ്പെടുന്നത് പരിശുദ്ധാത്മാവിനാലാണെന്നും അവർ ‘ക്രിസ്തുവിന്റെ മനസ്സറിയുന്നവരാണെന്നും’ വിശ്വസിക്കാൻ പ്രയാസവുണ്ട്.

തങ്ങളുടെ വാശികളുടെ മുൻപിൽ ഈശോ സഹിക്കേണ്ടി വരുന്ന പീഡകളെ പറ്റിയോ സഭ ലോകത്തിനെ മുൻപിൽ നാണം കെടുന്നതിനെ പറ്റിയോ സഭാമക്കളുടെ വിഷമത്തെ പറ്റിയോ അവർക്ക് ലഭിക്കുന്ന ഉതപ്പിനെ പറ്റിയോ ഇപ്പോൾ ചിന്തിക്കാൻ എതിർക്കുന്നവർക്ക് നേരമില്ല. 2 മക്കബായർ ആറാം അധ്യായത്തിൽ എലെയാസാറിന്റെ ധീരസാക്ഷ്യമുണ്ട്. പന്നിമാംസത്തിനു പകരം മറ്റ് മാംസം കഴിച്ച് തന്റെ ജീവൻ രക്ഷിച്ചുകൊള്ളാൻ ഉപദേശിക്കുന്നവരോട് എലെയാസർ അത് വേണ്ടെന്ന് പറഞ്ഞത് എന്തുകൊണ്ടാണ്? ചെറുപ്പക്കാർക്ക് ദുർമ്മാതൃക നൽകാൻ താല്പര്യമില്ലാത്തത് കൊണ്ടാണ്. തൽക്കാലം മനുഷ്യരുടെ കണ്ണിൽ പൊടിയിടാമെങ്കിലും സർവ്വശക്തനായ ദൈവത്തിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നറിയാവുന്നത് കൊണ്ടാണ്. സഭയുടെ അപമാനത്തിന് കാരണക്കാരാവുന്നവർ ചിന്തിക്കണം തങ്ങൾ എത്ര വലിയ പാതകമാണ് ചെയ്യുന്നതെന്ന് , അത് ഏത് പക്ഷത്തിൽ പെട്ടവരാണെങ്കിലും.

കേരളസഭ എന്നും അഭിമാനത്തോടെ തല ഉയർത്തിപ്പിടിച്ചു നിന്നിട്ടേ ഉള്ളു. പക്ഷെ ഇപ്പോൾ അങ്ങനെയാണോ? ഇവിടെ ഒരു ഇംഗ്ലീഷ് കാത്തലിക് വോട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നുള്ള അനേകം ആളുകളുണ്ട്. കേരളത്തിലെ പള്ളികളിൽ നടക്കുന്ന കയ്യാങ്കളികൾ അവർ ഗ്രൂപ്പിൽ ഇടുമ്പോൾ, പരിചയമുള്ളവർ പേർസണൽ ആയി ഇതൊക്കെ ഫോർവേഡ് ചെയ്ത് പ്രതികരണം ചോദിക്കുമ്പോൾ, സങ്കടത്തോടെ, പ്രതിയെപ്പോലെ നിൽക്കാനേ കഴിയുന്നുള്ളു. ഈ സങ്കടമൊക്കെ ആരറിയാൻ? വാർത്തകൾ അറിയുന്ന മറ്റ് മതസ്ഥർക്ക് നമ്മളോട് ഉണ്ടാകുന്ന പുച്ഛം ആരറിയാൻ? ഈശോയോട്, സഭയോട്, അവളുടെ അധികാരികളോട് അനുസരണം വാഗ്ദാനം ചെയ്ത് പൗരോഹിത്യശുശ്രൂഷ ഏറ്റെടുത്ത വൈദികർ പോലും വിഘടിച്ചുനിൽക്കുമ്പോൾ, അവരുടെ പ്രതിബദ്ധത ആരോടാണ്?

Religion is not what you believe… But what you do with that belief.

“Faith without works is dead”

ജിൽസ ജോയ്

Advertisements

Leave a comment