കരുണയുടെ നൊവേന

“കരുണയുടെ നൊവേന വഴിയായി ആത്മാക്കളിലേക്ക് എല്ലാവിധ കൃപാവരങ്ങളും ഞാൻ ഒഴുക്കും”.
ദുഃഖവെള്ളിയാഴ്ച മുതൽ കരുണയുടെ തിരുനാളായ പുതുഞായറാഴ്ച (ഈസ്റ്റർ കഴിഞ്ഞുവരുന്ന ഞായർ) വരെയുള്ള 9 ദിനങ്ങൾ കരുണയുടെ നൊവേന ചൊല്ലാൻ ഈശോ പറഞ്ഞു. (കൂടാതെ ആവശ്യാനുസരണം ഏതവസരങ്ങളിലും ഇതു ചൊല്ലുന്നത് അനുഗ്രഹ പ്രദമാണെന്നും ഈശോ പറഞ്ഞ). ഈ അനുഗ്രഹനൊവേനയും ജപമാലയും വഴി എന്തെല്ലാം ചോദിച്ചാലും ഞാൻ തരും എന്ന് നമ്മുടെ കർത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ധ്യാനം

ഇന്ന് എല്ലാ മനുഷ്യരെയും പ്രത്യേകിച്ച് പാപികളെയും എന്റെ അടുക്കൽ കൊണ്ടുവരിക

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോയേ, ഞങ്ങളോടു ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ വീക്ഷിക്കരുതേ. അങ്ങയുടെ അപാരമായ നന്മയെ ലക്ഷ്യം വച്ച് ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും
കരുണയുള്ള ആത്മാവിൽ ഞങ്ങളെ സ്വീകരിക്കണമേ. അങ്ങിൽ നിന്ന് ഒരിക്കലും വിട്ടു നിൽക്കുവാൻ ഇടയാക്കല്ലേ. പിതാവിനോടും പരിശുദ്ധാത്മാവിനോടും അങ്ങയെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങൾ യാചിക്കുന്നു.

നിത്യപിതാവേ, ഏറ്റവും അനുകമ്പയുള്ള ഈശോയുടെ തിരുഹൃദയത്തിൽ വസിക്കുന്ന പാപികളിലും മനുഷ്യകുലം മുഴുവനിലും അങ്ങയുടെ ദയാദൃഷ്ടി പതിയണമേ. കർത്താവീശോമിശിഹായുടെ പീഡാനുഭവത്തെക്കുറിച്ച് അങ്ങയുടെ കാരുണ്യത്തിന്റെ സർവ്വശക്തിയെ എപ്പോഴും എന്നേക്കും ഏവരും പുകഴ്ത്തട്ടെ, ആമ്മേൻ.
(1 സ്വ. 1. നന്മ. 1. ത്രീ)

Advertisements

ധ്യാനം

ഇന്ന് സകല വൈദികരുടെയും, സന്ന്യാസികളുടെയും ആത്മാക്കളെ എന്റെ അടുക്കൽ കൊണ്ടുവരിക.

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ എല്ലാ നന്മകളുടെയും ഉറവിടമേ അങ്ങയുടെ പ്രസാദവരങ്ങൾ ഞങ്ങളിൽ വർദ്ധിപ്പിക്കണമേ കരുണയുടെ പ്രവൃത്തികൾ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം സ്വർഗ്ഗത്തിലുള്ള കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ.

നിത്യനായ പിതാവേ, കരുണാർദ്രമായ അങ്ങയുടെ കണ്ണുകൾ, അങ്ങയുടെ മുന്തിരിത്തോപ്പിലെ തിരഞ്ഞെടുക്കപ്പെട്ട വേലക്കാരായ വൈദികരുടെയും സന്ന്യസ്ഥരുടെയും നേർക്കു തിരിക്കണമേ. അങ്ങയുടെ ശക്തിപ്രദാനങ്ങളായ അനുഗ്രഹങ്ങൾകൊണ്ട് അവരെ ആവരണമണിയിക്കണമേ. അങ്ങയുടെ തിരുക്കുമാരന്റെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ മുദ്രിതരായിരിക്കുന്ന അവർക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യുന്ന അങ്ങനെ അവർ മറ്റുള്ളവരെയും രക്ഷയുടെ മാർഗ്ഗത്തിലേക്കു നയിക്കുന്നതിനും ഏകസ്വരത്തിൽ അങ്ങയുടെ അളവില്ലാത്ത നന്മയെ പാടിപ്പുകഴ്ത്തുന്നതിനും ഇടയാകട്ടെ. എപ്പോഴും എന്നേക്കും, ആമ്മേൻ.

(1 സ്വ. 1. നന്മ. 1. ത്രീ)

Advertisements

ധ്യാനം

ഭക്തി തീക്ഷ്ണതയും വിശ്വസ്തതയുമുള്ള എല്ലാ ആത്മാക്കളെയും ഇന്ന് എന്റെ അടുക്കൽ കൊണ്ടു വരിക

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തിൽനിന്നും, ഞങ്ങളെല്ലാവർക്കും, ഓരോരുത്തർക്കും സമൃദ്ധമായ അളവിൽ പ്രസാദവരങ്ങൾ വർഷിക്കണമേ. സഹതാപനിർഭരമായ അങ്ങയുടെ ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ. അവിടെനിന്ന് അകന്നുപോകാൻ ഞങ്ങളെ അനുവദിക്കരുതേ. സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താൽ അതിതീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന
അങ്ങയുടെ ഹൃദയത്തെപ്രതി ഈ അനുഗ്രഹം അങ്ങയോടു ഞങ്ങൾ യാചിക്കുന്നു.

നിത്യനായ പിതാവേ, വിശ്വസ്തരായ ആത്മാക്കളുടെമേൽ കരുണാർദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവർ അങ്ങയുടെ പുത്രന്റെ അനന്തരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിനപീഡകളെപ്രതി അങ്ങയുടെ അനുഗ്രഹങ്ങൾ അവരിൽ ചൊരിയേണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടു കൂടിയുണ്ടായിരിക്കണമേ. അങ്ങനെ അവർ അങ്ങയോടുള്ള സ്നേഹത്തിൽ പരാജയപ്പെടാതിരിക്കട്ടെ. അങ്ങയോടുള്ള പരിശുദ്ധമായ വിശ്വാസത്തിൽനിന്ന് അവർ അയഞ്ഞുപോകാതിരിക്കട്ടെ. പകരം സ്വർഗ്ഗത്തിലുള്ള എല്ലാ മാലാഖാമാരോടും വിശുദ്ധരോടുമൊപ്പം അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്ത്വപ്പെടുത്തുന്നതിന് അവർക്കിടയാവുകയും ചെയ്യട്ടെ, എപ്പോഴും എന്നേക്കും, ആമ്മേൻ.

(1 സ്വ. 1 നന്മ. 1ത്രീത്വ )

Advertisements

ധ്യാനം

അവിശ്വാസികളെയും ഇതുവരെ എന്നെ അറിയാത്തവരെയും ഇന്ന് എന്റെ സമീപേ കൊണ്ടുവരിക.

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം ദയാനിർഭരമായ അങ്ങയുടെ ഹൃദയത്തിൽ അവിശ്വാസികളുടെയും അങ്ങയെ അറിയാത്തവരുടെയും ആത്മാക്കളെ സ്വീകരിക്കണമേ.
അങ്ങയുടെ കൃപാകിരണങ്ങൾ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ ഞങ്ങളോടു ചേർന്ന് അവരും അങ്ങയുടെ മഹനീയമായ കരുണയെ വാഴ്ത്തുവാനിടയാവുകയും ചെയ്യട്ടെ. കരുണാസമ്പന്നനായ അങ്ങയുടെ ഹൃദയത്തിൽ നിന്നും അകന്നുപോകാൻ അവരെ അനുവദിക്കരുതേ.

നിത്യനായ പിതാവേ, അങ്ങയിൽ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരുമെങ്കിലും, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തിൽ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെമേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കേണമേ. അങ്ങയെ സ്നേഹിക്കുക എന്ന ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കൾ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാൻ ഇവർക്കും വരമേകണമേ. എപ്പോഴും എന്നേക്കും, ആമ്മേൻ.

(1 സ്വ. 1 നന്മ. 1 ത്രി)

Advertisements

ധ്യാനം

കത്തോലിക്കാസഭയിൽനിന്നു വേർപിരിഞ്ഞുപോയ സഹോദരങ്ങളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, നന്മയുടെ ഉറവിടമേ, അങ്ങയുടെ പ്രകാശം അന്വേഷിക്കുന്നവരെ അങ്ങു നിരസിക്കുകയില്ലല്ലോ. വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂർണ്ണഹൃദയത്തിൽ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നൽകി സഭയുടെ ഐക്യത്തിലേക്ക് അവരെആനയിക്കേണമേ. സഹതാപസമ്പൂർണ്ണമായ അങ്ങയുടെ ഹൃദയത്തിൽ നിന്ന് അകന്നുപോകുവാൻ അവരെ അനുവദിക്കരുതേ. പകരം അവർക്ക് അവിടെ സ്ഥാനം നൽകി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.

നിത്യനായ പിതാവേ, വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ മേൽ പ്രത്യേകിച്ച്, അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ച് മനഃപ്പൂർവ്വം തെറ്റിൽ നിലനിൽക്കുന്നവരുടെമേൽ അങ്ങയുടെ ദയാദൃഷ്ടി തിരിക്കേണമേ. അവരുടെ പരാജയങ്ങളെ അങ്ങു പരിഗണിക്കരുതേ, അങ്ങയുടെ പുത്രന് അവരോടുള്ള സ്നേഹവും
അവർക്കുവേണ്ടി ഏറ്റ സഹനവും, അവർക്ക് ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുള്ള സ്ഥാനവും അങ്ങു പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പുകഴ്ത്തിപ്പാടുവാൻ അവരെ അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ. എപ്പോഴും എന്നേക്കും, ആമ്മേൻ.

(1 സ്വ. 1 നന്മ. 1 ത്രി)

Advertisements

ധ്യാനം

എളിമയും ശാന്തതയുമുള്ളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കളെ ഇന്ന് എന്റെ സമീപത്തേക്ക് കൊണ്ടുവരിക.

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നിൽ നിന്നു പഠിക്കുവിൻ എന്ന് അങ്ങുതന്നെ അരുൾ ചെയ്തിട്ടുണ്ടല്ലോ. വിനീതഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കരുണാനിർഭരമായ ഹൃദയത്തിൽ സ്വീകരിക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും സ്വർഗ്ഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിനു മുമ്പാകെ
സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവർ. അവയുടെ മധുരസുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു.
ഈശോയുടെ കനിവു നിറഞ്ഞ ആത്മാക്കൾക്കൊരു നിത്യഗേഹമാണ്. സ്നേഹത്തിന്റെയും കരുണയുടെയും ഒരു മധുരഗാനം അവർ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നിത്യനായ പിതാവേ, കനിവിന്നുറവായ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുള്ളവരുടെ ആത്മാക്കളുടെ മേൽഅങ്ങയുടെ ദയയുള്ള ദൃഷ്ടികൾ പതിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാണവർ. ഭൂമിയിൽ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വർഗ്ഗത്തിൽ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സർവ്വനന്മകളുടെയും ഉറവിടമേ,
ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹത്തെ പ്രതി ഞാൻ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനു
ഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികൾ പാടിപ്പുകഴ്ത്തുവാൻ ഇടവരട്ടെ. എപ്പോഴും എന്നേക്കും, ആമ്മേൻ.

(1 സ്വ, 1 നന്മ. 1 ത്രി)

Advertisements

ധ്യാനം

എന്റെ കരുണയെ മഹത്ത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്റെ സവിധേ കൊണ്ടുവരിക.

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാണല്ലോ അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കൾക്ക് അങ്ങയുടെ ഹൃദയത്തിൽ അഭയം നൽകണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണ് ഈ ആത്മാക്കൾ ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ച് അവർ മുമ്പോട്ടുപോകുന്നു. (ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ
ആത്മാക്കൾ മാനവലോകത്തെ മുഴുവൻ തങ്ങളുടെ തോളിൽ സംവഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ല.) ഈ ജീവിതത്തിൽ നിന്നു പിരിയുമ്പോൾ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്തു സ്വീകരിക്കും.

നിത്യനായ പിതാവേ, ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളും അങ്ങയുടെ അളവില്ലാത്ത കരുണയെ പാടിപ്പുകഴ്ത്തുന്നവരുമായ ആത്മാക്കളുടെ മേൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷത്താൽ നിറഞ്ഞുതുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതനു കാരുണ്യത്തിന്റെ ഒരു ഗീതം ആലപിക്കുന്നു. അങ്ങയിൽ അവർ സമർപ്പിച്ചിരിക്കുന്ന പ്രതീക്ഷയ്ക്കും ശരണത്തിനും അനുസൃതമായി അവരോടു കരുണ കാണിക്കണമേയെന്ന് ഞാനങ്ങയോടു യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന ഈശോയുടെ വാഗ്ദാനംഅവരിൽ പൂർത്തിയാകട്ടെ എപ്പോഴും എന്നേക്കും. ആമ്മേൻ.

(1 സ. 1 നന്മ. 1 ത്രി)

Advertisements

ധ്യാനം

ശുദ്ധീകരണസ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക.

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് അങ്ങുതന്നെയരുളിയിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അങ്ങയുടെ സഹതാപാർദ്രമായ ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങേക്കു വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂർത്തിയാക്കേണ്ടവരാണവർ അങ്ങയുടെ ഹൃദയത്തിൽനിന്നു പുറപ്പെട്ട രക്തവും ജലവും അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ.

നിത്യനായ പിതാവേ, ഈശോയുടെ ദയ നിറഞ്ഞ ഹൃദയത്തിൽ സ്ഥാനമുള്ള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ മേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച് കയ്പ്പ് നിറഞ്ഞ ക്ലേശങ്ങളെപ്രതിയും, അവിടുത്തെ ആത്മാവിൽ നിറഞ്ഞ എല്ലാ സഹനങ്ങളെ പ്രതിയും ഞാൻ അങ്ങയോടു യാചിക്കുന്നു. നീതിവിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെ മേൽ അങ്ങയുടെ കാരുണ്യം വർഷിക്കേണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്നു ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. ആമ്മേൻ.

(1 സ്വ. 1 നന്മ. 1 ത്രി)

Advertisements

ധ്യാനം

മന്ദതയിൽ നിപതിച്ച ആത്മാക്കളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക.

പ്രാർത്ഥന

ഏറ്റവും കരുണയുള്ള ഈശോ, മന്ദതയിൽ നിപതിച്ച ആത്മാക്കളെ ഇന്ന് ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നിജ്വാലയാൽ ഒരിക്കൽകൂടി എരിയിക്കേണമേ. ഏറ്റവും കാരുണ്യമുള്ള ഈശോ അങ്ങയുടെ കാരുണ്യത്തിന്റെ മഹനീയ ശക്തി ഇവരിൽ പ്രവർത്തിപ്പിക്കേണമേ. അങ്ങയുടെ സ്നേഹത്തിന്റെ തീക്ഷ്ണതയിലേക്ക് ഇവരെ ആനയിക്കേണമേ. പരിശുദ്ധമായ സ്നേഹത്തിന്റെ ദാനം അവരിൽ ചൊരിയേണമേ. എന്തെന്നാൽ, യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ.

നിത്യനായ പിതാവേ, ഏറ്റവും ദയയുള്ള ഈശോയുടെ ഹൃദയത്തിൽ സ്ഥാനമുള്ള മന്ദത ബാധിച്ച് ആത്മാക്കളുടെ മേൽഅങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്റെ പിതാവേ, അങ്ങേ പുത്രന്റെ കയ്പേറിയ പീഡകളെ പ്രതിയും കുരിശിലെ മൂന്നു മണിക്കൂർ നേരത്തെ സഹനത്തെ പ്രതിയും ഞാനങ്ങയോടു യാചിക്കുന്നു.അങ്ങയുടെ ദയാദൃഷ്ടി അവരും അങ്ങയുടെ അഗാധമായ കാരുണ്യത്തെ മഹത്ത്വപ്പെടുത്തുവാനിടയാകട്ടെ, ആമ്മേൻ.

(1 സ്വ, 1 നന്മ. 1 തി),

Advertisements

കർത്താവേ! ഞങ്ങളുടെമേൽ കരുണയുണ്ടാകേണമേ
മിശിഹായേ! ഞങ്ങളുടെമേൽ കരുണയുണ്ടാകേണമേ
കർത്താവേ! ഞങ്ങളുടെമേൽ കരുണയുണ്ടാകേണമേ
മിശിഹായേ! ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ
മിശിഹായേ! ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

സ്വർഗ്ഗീയപിതാവായ ദൈവമേ!
ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

പുത്രനായ ദൈവമേ! ലോകത്തിന്റെ വിമോചകാ,
ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ

സഷ്ടാവിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ!
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രിത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്റെ സർവ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!
അമാനുഷസൃഷ്ടികളിൽ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയിൽ നിന്നു ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവൻ ചൂഴ്ന്നുനിൽക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളിൽ അമർത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ
അർഹിക്കുന്ന ശിക്ഷയിൽ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്റെ ദുരിതത്തിൽനിന്നു നമ്മെ ഉയർത്തുന്ന ദൈവകാരുണ്യമേ!സൃഷ്ടലോകത്തിൽ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളിൽ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തിൽ നിന്നൊഴുകുന്ന ദൈവകാരുണ്യമേ.
കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നൽകിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലിൽ പ്രകാശിതമായ ദൈവകാരുണ്യമേ!
സാർവ്വത്രികസഭയുടെ സ്ഥാപനത്തിൽ പ്രകടിതമായ ദൈവകാരുണ്യമേ!
പരി. കൂദാശയിൽ പ്രകടമായിരിക്കുന്ന ദിവ്യകാരുണ്യമേ!
മാമ്മോദീസായിലും പാപസങ്കീർത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തിൽ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തിൽ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂർണ്ണതയിലെത്തിക്കാൻ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
മൃദുലഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയിൽ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരെയും എല്ലായ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാൽ മുന്നാസ്വാദനം നൽകുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗൃഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!

കുരിശിൽ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള ഏറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

എല്ലാ ദിവ്യബലികളിലും ഞങ്ങൾക്കുവേണ്ടി സ്വയം അർപ്പിച്ചുകൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ!
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

അങ്ങയുടെ അളവില്ലാത്ത കരുണയിൽ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ

മിശിഹായേ ഞങ്ങളുടെമേൽ കരുണയുണ്ടാകേണമേ
കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ

കർത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കർത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.

Advertisements
Advertisements

Leave a comment