നക്ഷത്രമുയർത്തുന്ന മാലാഖമാർ

ക്രിസ്തുമസ് – നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ കാത്തിരിപ്പിന്റെ സമാപ്തിയാണ്. പക്ഷേ, ഒരുനിമിഷം പോലും കാത്തിരിക്കാൻ ഇഷ്ടമില്ലാത്ത ചിലരുണ്ടിവിടെ, കുടമാളൂരുള്ള സംപ്രീതിയിൽ. ഓണപ്പൂക്കളം ഉമ്മറത്തുനിന്നും കളയും മുൻപ് നക്ഷത്രമിടാമോയെന്ന് ചോദിച്ച് പിന്നാലെ കൂടുന്നവർ…. പുൽക്കൂടഴിക്കുംമുൻപ് പതാക ഉയർത്തി വന്ദേമാതരം പാടി തുടങ്ങുന്നവർ…. എന്നും birthday ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവർ…. ചെണ്ടയുടെ താളത്തിൽനിന്ന് ആർപ്പൂക്കരയമ്പലത്തിന്റെ ആറാട്ടും കുടമാളൂർ പള്ളിയിലെ തിരുന്നാളും തിരിച്ചറിയാവുന്നവർ ചുറ്റുമുള്ള ബാങ്കുവിളികൾക്ക് കാതോർക്കുന്നവർ… ഓരോ ശബ്ദവും ഇവർക്ക് പ്രതീക്ഷയാണ്… ഓരോ ചലനവും പ്രത്യാശയാണ്… മനസിന്റെ വിശാലതയിലൂടെ ഉലകംചുറ്റി tour പോയവർ … ജീവിതത്തിന്റെ ഓരോദിവസവും ആഘോഷമാക്കാൻ ഇഷ്ടപ്പെടുന്നവർ…. എന്നും എന്തെങ്കിലുമൊക്കെ പുതുമകൾ ആഗ്രഹിക്കുന്നവർ…. ഓരോ തൊങ്ങലുകളിൽ പോലും പുത്തൻ പ്രതീക്ഷകൾ കണ്ടെത്താൻ സാധിക്കുന്നവർ… ചെയ്യുന്ന ഓരോ ചെറിയ ജോലിയും എന്തിനൊക്കെയോ ഉള്ള വലിയ ഒരുക്കങ്ങളാക്കുന്നവർ. ഇവരാണ് സംപ്രീതിയെ ഉണർത്തുന്നവർ…. ബുദ്ധിവികാസം പൂർണമാകാത്തതു കൊണ്ട് പ്രതിസന്ധികൾക്ക് തളർത്താനാവാത്ത നിഷ്കളങ്കജീവിതങ്ങൾ. ബുദ്ധിയുണ്ടെന്ന് നടിക്കുന്നതുകൊണ്ട് ചെറിയ പരാജയത്തിനും പ്രതിസന്ധിയ്ക്കും മുമ്പിൽ തളർന്നിരിക്കുമ്പോൾ ഇവരൊക്കെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. ദുഃഖം തളം കെട്ടിയ മനസ്സുമായിരിക്കുന്ന ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ മാലാഖമാരുടെ നിഷ്കളങ്കമായ ഒരു പുഞ്ചിരി, സ്നേഹംനിറഞ്ഞ, എന്നാൽ അപൂർണ്ണവും അവ്യക്തവുമായ വാക്കുകൾ, ചിലപ്പോൾ തീർത്തും നിശബ്ദമായ ഇവരുടെ സാന്നിധ്യം, ചലനങ്ങൾ ഇവയെല്ലാം പ്രതീക്ഷ നൽകുന്ന അനുഭവങ്ങളാണ്.

പ്രതീക്ഷയറ്റവരാകാതെ പ്രത്യാശയുള്ളവരാകൻ ഒരു നക്ഷത്രം നമുക്കുമുൻമ്പേ യുണ്ട്… നമ്മോടൊപ്പമുണ്ട്‌… ആരുമില്ലെന്ന് തോന്നുമ്പോൾ ചേർത്തുപിടിക്കാൻ… വഴിയിൽ വെളിച്ചമേകാൻ….
ആ നക്ഷത്രം ചിലപ്പോൾ ഈശ്വരനാകാം… മറ്റു ചിലപ്പോൾ ഒരു കൂട്ടം നക്ഷത്രങ്ങൾ നമ്മോടൊപ്പമുണ്ട്… അത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ കണ്ടുമുട്ടിയവരോ
മതഗ്രന്ഥ വചസ്സുകളോ പുസ്തകങ്ങളോ ചിന്തകളോ പ്രവൃത്തി മണ്ഡലങ്ങളോ ജീവിതാവസ്ഥകളോ എന്തുമാകാം.

അനന്തവിഹായസ്സിലെ ഓരോ നക്ഷത്രവും എന്റെ കണ്ണിന് കുളിർമ നൽകുന്നത് നാമറിയാതെ അതിൽ നടക്കുന്ന ഉഗ്രതാപത്തിന്റെയും വെന്തുരുകലിന്റെയും സ്ഫോട നങ്ങളുടെയും ഫലമായാണ്. അതുകൊണ്ട്, എന്റെ ജീവിതത്തിലും ഒരുനിമിഷമെങ്കിലും പ്രതീക്ഷ നൽകിയ ഏതൊരു വ്യക്തിയും അയ്യാൾ കടന്നുപോയ കുരിശുമരണത്തിന്റെയോ ഞാനറിയാതെ, എന്നെ അറിയിക്കാതെ നടന്നുപോയ കുരിശിന്റെവഴിയുടെയോ എനിക്കുവേണ്ടി മാറ്റിവച്ച സമയത്തിന്റെയോ ഫലമാണ്. ദൈവ മനുഷ്യ ബന്ധവും കുടുംബ – സുഹൃത്ത് ബന്ധങ്ങളും എല്ലാം എനിക്ക് പ്രകാശം തരുന്ന നക്ഷത്രങ്ങളാകുന്നതും അങ്ങനെയാണ്.

നമുക്കൊരുവർണ്ണ നക്ഷത്രമുയരുന്നു. ആകാശത്തിന്റെ വിദൂരദിക്കിൽ നിന്ന് വീട്ടുമുറ്റത്തെ മരക്കൊമ്പുകളിലേയ്‌ക്കും എന്റെ വീടിന്റെ ഉമ്മറ പടിയിലേയ്‌ക്കും സാവധാനം പ്രതീക്ഷയറ്റ എന്റെ ഇരുളാർന്ന മനസ്സിലേയ്‌ക്കും നക്ഷത്രം ഇറങ്ങിവരും…വെള്ളിവെളിച്ചമായി… ശിശിരകാലത്തിന്റെ കുളിരണിഞ്ഞ പ്രത്യാശയായി…

ലോകം വ്യത്യസ്തരെന്നു പേരുചാർത്തുന്ന, എന്നാൽ സംപ്രീതി എപ്പോഴും മാലാഖമാരെന്ന്‌ മാത്രം വിളിക്കുന്ന ഇവരുടെ ഈ വർഷത്തെ നക്ഷത്രവും തികച്ചും വ്യത്യസ്തമാണ്…ഇവരെപോലെതന്ന….

നക്ഷത്രമുയർത്തുന്ന മാലാഖമാർ 🤩

Fr Tijo Mundunadackal MCBS, Director, Sampreethy

Advertisements

Leave a comment