“കല്ദായവത്കരണം”

കൽദായവത്കരണം എന്നാക്ഷേപിക്കുന്നതു കൽദായ പാരമ്പര്യത്തിൽ രൂപമെടുത്ത കുർബാന ചൊല്ലിക്കൊണ്ട് തന്നെ വേണോ? സീറോ മലബാർ സഭ പോലെ തന്നെ ഉള്ള ഒരു അപ്പസ്തോലിക സഭയാണ് കൽദായ സഭയും. അവരെ ഒരു കാര്യവും ഇല്ലാതെ ആക്ഷേപിക്കുന്നത് ശരിയാണോ എന്ന് നാം ചിന്തിക്കണം. കൽദായ സഭയും സീറോ മലബാർ സഭയും പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് ഉപയോഗിക്കുന്നത്. നാലാം നൂറ്റാണ്ടുമുതൽ നമ്മൾ ഉപയോഗിക്കുന്നത് ഈ ആരാധനാക്രമമാണ്. ലത്തീൻ മെത്രാന്മാർ വന്നപ്പോൾ പോലും അവർ ഈ ആരാധനാക്രമത്തിൽ ഏതാനും മാറ്റങ്ങൾ വരുത്തിയെന്നെയുള്ളൂ. അല്ലാതെ പൗരസ്ത്യ സുറിയാനി (കൽദായ) ആരാധനക്രമത്തെ പാടെ മാറ്റിയില്ല. ചുരുക്കത്തിൽ കഴിഞ്ഞ പതിനേഴു നൂറ്റാണ്ടായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതു പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആരാധനാക്രമമാണ്. എന്ന് മാത്രമല്ല, ഇന്ന് കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ അനാഫൊറയും നമ്മുടെ കുർബാനയിലേതാണ്. അതിനെക്കുറിച്ചു നാം അഭിമാനിക്കുകയല്ലേ വേണ്ടത്? അപ്പസ്തോലികകാലഘട്ടത്തോട് ചേർന്ന് നിൽക്കുന്ന ആരാധനക്രമം ഉപയോഗിക്കുന്നതിനെ ‘കല്ദായവൽക്കരണം’ എന്ന് വിളിച്ചു ആക്ഷേപിക്കാൻ ചെറുപ്പക്കാരെ പരിശീലിപ്പിക്കുമ്പോൾ ആരാധനക്രമം എന്താണ് എന്ന് കൂടി അവരെ ഒന്ന് പഠിപ്പിക്കേണ്ടേ? നമ്മുടെ ദുരഭിമാനങ്ങൾക്കു കൽദായ സഭയെന്തു പിഴച്ചു? നമ്മുടെ ലത്തീൻ സഹോദരങ്ങൾ റോമൻ ആരാധനാക്രമമാണുപയോഗിക്കുന്നതു. മലങ്കര സഹോദരങ്ങൾ അന്ത്യോക്യൻ ആരാധനാക്രമവും. അവരെല്ലാം അവരുടെ ആരാധനാക്രമത്തെ ആദരവോടെയാണ് കാണുന്നത്. നമ്മൾ മാത്രമെന്തേ ഇങ്ങനെ?
കത്തോലിക്കാ സഭ കൂട്ടായ്മയിലെ എല്ലാ സഭകളും ഓരോ രാജ്യത്തും ഓരോ കുര്ബാനയൊന്നുമല്ല ചെല്ലുന്നത്. പ്രദേശികതക്കും അതീതമാണ് ആരാധനാക്രമങ്ങൾ. ആറ് അപ്പസ്തോലിക ആരാധനാക്രമപാരമ്പര്യങ്ങളാണ് കത്തോലിക്കാ സഭയിലുള്ളത്: ലത്തീൻ, പൗരസ്ത്യ സുറിയാനി (കൽദായ), അന്ത്യോഖ്യൻ, ബൈസന്റൈൻ, അലക്‌സാൻഡ്രിയൻ, അർമേനിയൻ. ഈ ആരാധനാക്രമങ്ങളാണ് ലോകത്തെല്ലായിടത്തുമുള്ള 24 വ്യക്തിസഭകളും ഉപയോഗിക്കുന്നത്.

നമുക്ക് ജയിക്കാൻ വേണ്ടി നമ്മളെന്തിനാണ് നമ്മെത്തന്നെ തള്ളിപ്പറയുന്നത്?

ഇനി “കല്ദായവത്കരണം” എന്നാക്ഷേപിക്കുന്നതിനു മുൻപ് ഒന്നോർക്കുക: ഇന്ന് രാവിലെ നിങ്ങൾ അർപ്പിച്ച കുർബാനയും കൽദായ അഥവാ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലുള്ളതായിരുന്നു. അതത്ര മോശമാണോ?

മാർ തോമസ് തറയിൽ

Advertisements

Leave a comment