February 11 | ലൂർദ് മാതാവ്

പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലനാമമാണ് “ലൂർദിലെ മാതാവ്’ എന്നത്. ഫ്രാൻസിലെ ലൂർദിൽ അമ്മ നല്കിയ ദർശനങ്ങളുടെ ഫലമായി കത്തോലിക്കാസഭ ബഹുമാനപൂർവം അമ്മയെ ലൂർദിലെ കന്യക എന്നു വിളിക്കുന്നു. 1858 ഫെബ്രുവരി 11-00 തിയതി ബർണദീത്തയും അവളുടെ സഹോദരി ടൊയിനെറേറയും കൂട്ടുകാരി ജിയന്നായും കൂടി വിറകു പെറുക്കുവാൻ പോയി. മസ്സാബിലി ഗുഹയുടെ അടുക്കലുള്ള തോടു കടക്കാൻ ചെരുപ്പും കാലുറയും മാറ്റിവയ്ക്കുവാൻ നിന്ന ബർണദീത്ത കാറ്റടിക്കുന്നതുപോലുള്ള ഒരു സ്വരം കേട്ടു. എന്നാൽ അടുത്തുള്ള മരച്ചില്ലകൾ ഒന്നും അനങ്ങുന്നുണ്ടായിരുന്നില്ല. ആ ഗുഹക്കുള്ളിൽ മാതാവ് വെളുത്ത വസ്ത്രം ധരിച്ച് അത്യുഗ്രമായ പ്രകാശത്തിൽ അവൾക്ക് പ്രത്യക്ഷപ്പെട്ടു. അരയിൽ ഒരു നീല ബെൽറ്റും ധരിച്ചിരുന്നു. കാലിന്മേൽ മഞ്ഞ റോസപൂക്കളും ഉണ്ടായിരുന്നു. ബർണദീത്ത ഇത് വളരെ രഹസ്യമായി സൂക്ഷിച്ചുവെങ്കിലും ഈ സംഭവം അനുജത്തി അമ്മയോട് പറഞ്ഞു. അങ്ങനെ എല്ലാവരും ഇത് അറിഞ്ഞു. അതേത്തുടർന്ന് അവൾ മാനസികമായും ശാരീരികമായും വളരെയധികം പീഡിപ്പിക്കപ്പെട്ടു. ഫെബ്രുവരി 18-ന് അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ പറഞ്ഞു: “നിനക്ക് സന്തോഷം നൽകാമെന്ന് ഉറപ്പ് തരുന്നു. എന്നാൽ ഇവിടെയല്ല, വരും ലോകത്തിലാണ് എന്നു മാത്രം”.

ഫെബ്രുവരി 24 ന് ബർണദീത്തയ്ക്ക് വീണ്ടും മാതാവ് പ്രത്യക്ഷപ്പെട്ട് “അവൾ നില്ക്കുന്നിടത്ത് മാതാവ് ചൂണ്ടിക്കാണിച്ച സ്ഥലത്ത് കൈകൊണ്ട് മണ്ണ് കുഴിക്കാൻ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്തപ്പോൾ അവിടെ നിന്ന് ഒരു ഉറവ പൊട്ടിപ്പുറപ്പെട്ടു. ആ വെള്ളം ബർണദീത്ത കോരിക്കുടിക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം നാലാം ദിവസം ആ ചെളിവെള്ളത്തിൽ കണ്ണുതേച്ച് കഴുകിയപ്പോൾ കല്ലുവെട്ടുകാരൻ ലൂയി ബൂറിയറ്റിന് കാഴ്ച ലഭിച്ചു. ദിനംപ്രതി ഈ ഉറവയിൽനിന്നും 27000 ഗ്യാലൻ വെള്ളം വന്നുകൊണ്ടിരിക്കുന്നു. ഇന്നും അനേകമനേകം രോഗശാന്തികൾ ആ ജലം കുടിക്കുകയും ആ ജലത്തിൽ കുളിക്കുകയും വഴി ഉണ്ടാകുന്നു. ബർണദീത്ത പറഞ്ഞു: “ഒരുവന് വിശ്വാസവും അതുപോലെ പ്രാർഥനയും വേണം. വിശ്വാസമില്ലെങ്കിൽ ഈ ജലത്തിന് വിലയുമില്ല. ഇന്ന് ലൂർദ് ലോകം മുഴുവന്റെയും ശ്രദ്ധ പിടിച്ചു പറ്റുന്ന വലിയൊരു തീർഥാടന കേന്ദ്രമായി മാറി. തീർഥാടകരുടെ ബാഹുല്യം മൂലമുണ്ടായ അസ്വസ്ഥതകൾ നീക്കുവാനായി ഫ്രാൻസിലെ ഗവൺമെന്റ് അധികാരികൾ ഗ്രോട്ടോ അടച്ചു പൂട്ടി. ലൂർദിലെ അത്ഭുതശക്തിയാൽ രോഗിയായ തന്റെ മകന് രോഗശാന്തി ലഭിച്ചതിനെ തുടർന്ന് 1858 ഒക്ടോബർ 4ന് നെപ്പോളിയൻ 3-ാമൻ ചക്രവർത്തി ഗ്രോട്ടോ തുറന്നു കൊടുക്കാൻ ഉത്തരവിടാൻ നിർബന്ധിതനായി. ജൂലൈ 16 ന് ഒരിക്കൽ കൂടി മാതാവ് അവൾക്ക് ദർശനം നല്കി. അവൾ പറഞ്ഞു: “ഇതുപോലെ സുന്ദരിയായ ഒരു സ്ത്രീയെ ഇതുവരെയും ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ അവളെ കണ്ടാൽ ജീവൻ നല്കിയും അവളെ കാണുവാൻ ഞാൻ ആഗ്രഹിക്കും. വളരെയധികം പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും വെളിച്ചത്തിൽ, 1862 ജനുവരി 18 ന് ടാർബസിലെ അഭിവന്ദ്യ മെത്രാൻ ബർണദീത്തയ്ക്ക് ലഭിച്ച മാതാവിന്റെ ദർശനം ശരിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

1870 ൽ 9-ാം പീയൂസ് മാർപാപ്പ അമ്മയോടുള്ള ബഹുമാനാർഥം ലൂർദിൽ ഒരു ബസിലിക്ക പണിത് പ്രത്യേക ദണ്ഡവിമോചനം കൽപിച്ചു നൽകി ഈ ഭക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1907-ൽ വി. പത്താം പീയൂസ് മാർപാപ്പ പരിശുദ്ധ അമ്മയോടുള്ള ഭക്തിയാൽ പ്രേരിതനായി ഈ ദിനത്തെ ഒരു തിരുനാളായി ഉയർത്തുകയും Pascendi Dominic Gregis എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചുകൊണ്ട് ആഗോളസഭയിൽ ലൂർദിലെ മാതാവിനെ വണങ്ങുവാൻ അനുവാദം നല്കുകയും ചെയ്തു. 1854 ഡിസംബർ 8-ാം തിയതി ഒൻപതാം പീയൂസ് മാർപാപ്പ “പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം’ ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചതിനുള്ള സ്വർഗത്തിന്റെ അംഗീകാരമായി 1858 മാർച്ച് 25-ന് “ഞാൻ അമലോത്ഭവയാണ്” എന്ന് ബർണദീത്ത യിലൂടെ പരിശുദ്ധ അമ്മ വെളിപ്പെടുത്തി. ലൂർദിൽ അനുദിനം നടക്കുന്ന ജപമാല പ്രദക്ഷിണത്തിലും ദിവ്യകാരുണ്യ ആശീർവാദത്തിലും അനേകായിരങ്ങൾ പങ്കെടുത്ത് പരിശുദ്ധ അമ്മയിൽ നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ബർണദീത്ത പറഞ്ഞ പ്രകാരം 1863 ൽ ജോസഫ് ഹ്യൂഗിന്റെ നേതൃത്വത്തിൽ മാതാവിന്റെ ഒരു പൂർണകായ രൂപം ഉണ്ടാക്കുകയും 1864 ഏപ്രിൽ 4 ന് 20,000 തീർഥാടകരുടെ സാന്നിദ്ധ്യത്തിൽ അത് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. 1992 മെയ് 13 ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഫെബ്രുവരി 11 ലോകരോഗീദിനമായി പ്രഖ്യാപിക്കുകയും അന്നേദിനം രോഗികളെ തൈലം പൂശി പ്രാർഥിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

നമുക്കു പ്രാർഥിക്കാം

പിതാവായ ദൈവമേ, ഞങ്ങൾക്കു മാതൃകയും മദ്ധ്യസ്ഥയുമായി പരിശുദ്ധ കന്യകാമറിയത്തെ നൽകിയതിന് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, അങ്ങേക്കു നന്ദി പറയുന്നു. പരിശുദ്ധ മറിയമേ, ദൈവമാതാവേ, അലോത്ഭവയേ, ലൂർദിൽ 18 പ്രാവശ്യം ബർണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട് ഒരു ക്രിസ്ത്യാനിയിൽ നിന്നും സുവിശേഷം എന്താണ് ആവശ്യപ്പെടുന്നത് എന്ന് ഞങ്ങളെ പഠിപ്പിച്ച്, ദിവ്യകാരുണ്യഭക്തിയിലൂടെ പ്രാർഥിക്കുവാനും പരിഹാരം ചെയ്യുവാനും സഭയോടു ചേർന്ന് ജീവിക്കുവാനും നീ ഞങ്ങളെ ആഹ്വാനം ചെയ്തു. അങ്ങയുടെ ഈ വിളിയ്ക്ക് പൂർണമായും പ്രത്യുത്തരിക്കുവാൻ ഞങ്ങളെ മുഴുവനായും അമ്മയ്ക്കും അമ്മയുടെ തിരുപ്പുത്രനുമായി പ്രതിഷ്ഠിക്കുന്നു. “അവൻ പറയുന്നത് ചെയ്യുവിൻ” എന്ന് ഞങ്ങളെ ഓർമിപ്പിക്കുന്ന അമ്മേ, നിരന്തരം അവിടുത്തെ തിരുഹിതം നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമെ. അമ്മയെപ്പോലെ നിർമലരായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ലോകരോഗീദിനമായ ഇന്ന് എല്ലാ രോഗികളേയും സമർപ്പിച്ച് ഞങ്ങൾ പ്രാർഥിക്കുന്നു. അവരെ സുഖപ്പെടുത്തണമേ. അമ്മേ, നിർമല ജാതേ, അമ്മയ്ക്കു സ്തുതിയായിരിക്കട്ടെ. ആമ്മേൻ.

സുകൃതജപം: ലൂർദ് മാതാവേ, എല്ലാവിധ ആപത്തുകളിൽ നിന്നും രോഗങ്ങളിൽനിന്നും ഞങ്ങൾക്കു വിടുതൽ നൽകണമെ.

Advertisements
Advertisements

Leave a comment