April 2 | പ്രകാശപൂർണയായ മറിയം

ഏപ്രിൽ 2 | പ്രകാശപൂർണയായ മറിയം

1968 ഏപ്രിൽ 2 മുതൽ ഈജിപ്തിലുള്ള കെയ്റോയിലെ ബെയ്റ്റോമിൽ തിരുക്കുടുംബത്തിന് പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന വി. മർക്കോസിന്റെ ദേവാലയത്തിനു മുകളിലായി പ്രകാശവലയത്തിൽ പരിശുദ്ധ കന്യക നൽകിയ ദർശനങ്ങളുടെ ഓർമയാണ് ഈ ദിനത്തിൽ നാം അനുസ്മരിക്കുന്നത്. പാരമ്പര്യമനുസരിച്ച് ഈജിപ്തിലേയ്ക്കുള്ള യാത്രയിൽ തിരുക്കുടുംബം ഇവിടെയാണ് താമസിച്ചത് എന്ന് പറയപ്പെടുന്നു. പരിശുദ്ധ അമ്മയുടെ ആദ്യദർശനം ലഭിച്ചത് ഫറുക്ക് മഹൗദ് അറവ എന്ന മുസ്ലീം സഹോദരനായിരുന്നു. കാലിലുണ്ടായ മാരകവ്രണത്തിന് പിറ്റേദിവസം ഓപ്പറേഷന് വിധേയനാകാൻ ഒരുങ്ങിയിരുന്ന അദ്ദേഹത്തിന് അമ്മയുടെ ദർശനത്താൽ പരിപൂർണ സൗഖ്യം ലഭിച്ചതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. മൂന്നു വർഷത്തേക്ക് ഇടവിട്ട് പരിശുദ്ധ കന്യക അവിടെ പ്രത്യക്ഷപ്പെട്ടു. രണ്ടര ലക്ഷത്തിൽപരം ജനങ്ങളെ ആകർഷിച്ചിരുന്ന ഈ ദർശനങ്ങൾ ചില ദിവസങ്ങളിൽ മണിക്കൂറുകളോളം നീണ്ടുനിന്നു. അതിൽ ക്രിസ്ത്യാനികളും മുസ്ലിംങ്ങളും യഹൂദന്മാരും ഉണ്ടായിരുന്നു. 1971 ലാണ് അവസാനം പരിശുദ്ധ കന്യക ഇവിടെ ദർശനം നൽകിയത്. അന്ന് ധാരാളം മാനസാന്തരങ്ങളും രോഗശാന്തികളും അവിടെ കൂടിയിരുന്ന ജനങ്ങളിലേക്ക് വർഷിക്കപ്പെട്ടു. അത് അനേ
കായിരങ്ങളെ വിശ്വാസത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ചു. ഈജിപ്തിലെ കോപ്റ്റിക് ദേവാലയത്തിലെ പാത്രിയാർക്കീസ് ആണ് ആദ്യം ഈ ദർശനം അംഗീകരിച്ചത്. 1968 മെയ് മാസത്തിൽ റോമൻ കത്തോലിക്കാസഭയിലെ കാർഡിനൽ സ്റ്റെഫാനോസ് ദർശനവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങളും
പൂർത്തിയാക്കി റിപ്പോർട്ട് അന്നത്തെ മാർപാപ്പ പോൾ ആറാമന് സമർപ്പിച്ചു. സഭ ഈ ദർശനത്തെക്കുറിച്ച് ആധികാരികമായി പഠിച്ചതിന്റെ ഫലമായി, കെയിറോയിലെ Zeitoum ൽ പരിശുദ്ധ കന്യകാ മറിയം – പ്രകാശത്തിന്റെ അമ്മ 1968 ഏപ്രിൽ 2 മുതൽ പല രാത്രികളിലും പല സമയങ്ങളിലുമായി പ്രത്യക്ഷപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ ദർശനങ്ങളിൽ പരിശുദ്ധ അമ്മ ഏവർക്കും ദൃശ്യമാകുകയും പരിശുദ്ധ അമ്മയുടെ ഫോട്ടോ എടുക്കാൻ സാധിക്കുകയും ചെയ്തുവെന്നത് ഏറ്റവും അത്ഭുതകരമായ സംഭവമാണ്. ദേവാലയത്തിനു മുകളിലൂടെ ഉണ്ണീശോയെ കൈകളിൽ വഹിച്ച് പ്രാർഥനാപൂർവം നടക്കുന്ന, കുരിശിനെ കുമ്പിട്ടാരാധിക്കുന്ന പരിശുദ്ധ അമ്മ നമ്മെ പ്രാർഥനയിലേക്ക് ക്ഷണിക്കുകയായിരുന്നു. മാത്രമല്ല പരിശുദ്ധ കന്യകയെ വലയം വെച്ച് പറന്നിരുന്ന പ്രത്യേകതരം പ്രാവുകൾ കുരിശടയാളത്തിൽ പറക്കുന്നതുവഴി ക്രിസ്തുമതത്തെയും യേശുവിനെയും അറിയുവാനും ദൈവമഹത്വം വർധിക്കുവാനും, പല മതവിശ്വാസങ്ങളിൽ പെട്ട കോടിക്കണക്കിന് ആളുകൾ ഈ സത്യം അംഗീകരിക്കുവാനും ഇടയാക്കി ഇവിടുത്തെ ദർശനങ്ങളിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത് കാല്പാദം വരെ നീണ്ടുനില്ക്കുന്ന വെള്ളഅങ്കി ധരിച്ചും, കൈയിൽ ഒലിവിന്റെ ശിഖരമേന്തിയും ആയിരുന്നു. അതോടൊപ്പം കൈകൾ ഉയർത്തി ദർശനം സ്വീകരിക്കുന്ന മക്കളെ ആശീർവദിക്കുകയും ശിരസ്സ് താഴ്ത്തി പ്രാർഥിക്കുകയും ചെയ്തിരുന്നു. ചില സന്ദർഭങ്ങളിൽ സാധാരണയിൽ കവിഞ്ഞ് വലുപ്പവും ആകൃതിയുമുള്ള ചിറകടിക്കാത്ത വെള്ളപ്രാവുകളും വലിയ നക്ഷത്രങ്ങളും പ്രകാശഗോളങ്ങളും മേഘങ്ങളും അമ്മയെ അകമ്പടി സേവിക്കാറുണ്ട്. ഓറഞ്ച് നിറത്തിലും നീലനിറത്തിലുള്ളതുമായ പ്രകാശം ദേവാലയത്തിന്റെ താഴികക്കുടത്തെ ആവരണം ചെയ്തിരുന്നു. ചില ദർശനങ്ങളിൽ വലിയൊരു കുരിശും പ്രത്യക്ഷപ്പെടാറുണ്ട്. ദർശനദിവസങ്ങളിൽ ദേവാലയവും പരിസരവും പ്രത്യേകം സുഗന്ധപൂരിതവുമായിരുന്നു എന്ന് ദർശനം ലഭിച്ചവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നമുക്കു പ്രാർഥിക്കാം

പ്രകാശപൂർണയായ മാതാവേ, നിത്യപ്രകാശമായ ക്രിസ്തുവിനോട് ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. പാപത്തിന്റെയും സ്വാർഥതയുടെയും അന്ധകാരത്തിലാണ്ടുപോയ മനുഷ്യ മക്കളിലേക്ക് പ്രകാശം ചൊരിയുന്ന അമ്മേ, ഞങ്ങളും ആ ദിവ്യപ്രകാശത്താൽ പ്രശോഭിതരാകട്ടെ. “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നരുളിയ യേശുവിന്റെ പ്രകാശം എല്ലാ മനുഷ്യഹൃദയങ്ങളെയും നിറയ്ക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതു വഴി മലമേൽ ഉയർത്തപ്പെട്ട പ്രകാശഗോപുരങ്ങളായി, പറയുടെ മുകളിൽ വെയ്ക്കപ്പെട്ട ദീപങ്ങളായി ഞങ്ങൾ പ്രകാശിക്കട്ടെ. ഞങ്ങളും ഞങ്ങളെ കാണുന്നവരും, അങ്ങാകുന്ന പ്രകാശധാരയാൽ ജ്വലിക്കുവാൻ ഇടയാകട്ടെ. പ്രകാശത്തിന്റെ ആയുധങ്ങൾ ധരിച്ച് തിന്മയുടെ അന്ധകാരത്തെ കീഴടക്കുവാൻ ഞങ്ങളെ സഹായിക്കണമെ. ആമ്മേൻ.

സുകൃതജപം: പ്രകാശപൂർണയായ മറിയമേ, നിത്യവും ഞങ്ങളുടെ ജീവിതവഴികളിൽ പ്രകാശം വിതറണമെ.

Advertisements

Leave a comment