ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം | വിശുദ്ധ മരിയാനെ കോപ് (1838- 1918)

“ക്ഷണികമായ നിമിഷങ്ങൾ നമുക്കു നന്നായി വിനിയോഗിക്കാം , അവ ഒരിക്കലും മടങ്ങിവരികയില്ല.” – വിശുദ്ധ മരിയാനെ കോപ് (1838 – 1918)

മരിയാനെ കോപ് ജർമ്മനിയിലെ ഹെപ്പൻഹൈമിലാണ് (Heppenheim) ജനിച്ചത്, കുഞ്ഞായിരിക്കുമ്പോൾ തന്നെ അവളുടെ മാതാപിതാക്കൾ അമേരിക്കയിലെ ന്യൂയോർക്കിലേക്കു കുടിയേറി . പത്തു മക്കളിൽ മൂത്തവളായിരുന്ന മരിയാനെ മാതാപിതാക്കളെയും സഹോദരങ്ങളെയും സഹായിക്കുന്നതിനായി എട്ടാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച് ഒരു ഫാക്ടറിയിൽ ജോലി ആരംഭിച്ചു. 1862-ൽ ചിരകാല അഭിലാഷമായിരുന്ന ഫ്രാൻസിസ്കൻ സന്യാസജീവിതത്തിലേക്കു കടന്നു വന്നു. Sisters of St Francis of Syracuse എന്നതായിരുന്നു അവളുടെ സന്യാസസഭയുടെ പേര്. നാൽപതു വയസ്സുള്ളപ്പോൾ തന്നെ സഭയുടെ സുപ്പീരിയർ ജനറലായി അവൾ തിരഞ്ഞെടുക്കപ്പെട്ടു.

1883-ൽ ഹൊനോലുലു രൂപതയുടെ മെത്രാനിൽ നിന്ന് സുപ്പീരിയർ ജനറലായ മരിയാനെയ്ക്കു ഹവായിലെ കുഷ്ഠരോഗികളെ പരിചരിക്കാൻ സഹോദരിമാരെ അയയ്ക്കണമെന്ന അഭ്യർത്ഥനയുമായി ഒരു കത്തു ലഭിച്ചു. . ആറ് സഹോദരിമാരെ അയക്കുക മാത്രമല്ല മരിയാനെ ചെയ്തത് അവരോടൊപ്പം കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിക്കാനായി ഇറങ്ങി പുറപ്പെട്ടു. അടുത്ത മുപ്പത്തിയഞ്ച് വർഷക്കാലം, സിസ്റ്റർ മരിയാനെയുടെ ശുശ്രൂഷ മേഖല കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു.

സിസ്റ്റർ മരിയാനെയും അവളുടെ സഹോദരിമാരും ഒരു ആശുപത്രി സ്ഥാപിക്കുകയും കുഷ്ഠരോഗികളുടെ പെൺമക്കളുടെ പുനരധിവാസത്തിനായി ഒരു വീട് തുറക്കുകയും ചെയ്തു. പിന്നീട് മൊളോക്കാ ദ്വീപിലെ കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു പ്രവർത്തനം, അവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഒരു വീട് തുറന്നു. കുഷ്ഠരോഗികൾക്കായി സ്വജീവിതം സമർപ്പിച്ച വിശുദ്ധ ഡാമിയനെ അവസാന കാലത്തു പരിചരിച്ചിരുന്നത് മരിയാനെയായിരുന്നു. 1918-ൽ മരിക്കുന്നതുവരെ സിസ്റ്റർ മരിയാനെ കോപ്, തന്റെ ജീവിതത്തിന്റെ അവസാന മുപ്പതുവർഷക്കാലം മൊളോക്കയിയിൽ കുഷ്ഠരോഗികൾക്കു വേണ്ടി ജീവിച്ചു.

മൊളോക്കയിലെ വിശുദ്ധ മരിയാനെ എന്നും ഈ വിശുദ്ധ അറിയപ്പെടാറുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ
2005-ൽ അവളെ വാഴ്ത്തപ്പെട്ടവളായും 2012-ൽ വിശുദ്ധയായും പ്രഖ്യാപിച്ചു. വിശുദ്ധ മരിയാനെ ആദ്യം ദൈവത്തെ സ്നേഹിച്ചതിനാൽ, ദൈവം സ്നേഹിക്കുന്നവരെയും ക്രിസ്തുവിലുള്ള അവളുടെ സഹോദരീസഹോദരന്മാരെയും അവൾ സ്നേഹിച്ചു.

വിശുദ്ധ മരിയാനെ കോപയോടൊപ്പം പ്രാർത്ഥിക്കാം.

വിശുദ്ധ മരിയാനെ, വളരെയധികം ക്ലേശങ്ങൾ നിറഞ്ഞ ശുശ്രൂഷ ഏറ്റെടുക്കുവാൻ നീ യാതൊരു വൈമനസ്യവും കാണിച്ചില്ല. ക്ഷണിമകമായ ഈ ലോക ജീവിതത്തിൽ ദൈവകൃപയുടെയും കാരുണ്യത്തിൻ്റെയും അവസരങ്ങൾ ധൈര്യപൂർവ്വം ആശ്ലേഷിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment