വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

സൈമണി എന്ന് പറഞ്ഞാൽ എന്താണെന്നറിയാമോ?

ക്രിസ്തീയസഭകളിലെ കൂദാശകളും സഭാധികാരശ്രേണിയിലെ വിശുദ്ധപദവികളും വിലയ്ക്കു വിൽക്കുന്ന തെറ്റാണ് സൈമണി എന്ന പേരിൽ അറിയപ്പെടുന്നത്. പുതിയനിയമത്തിൽ അപ്പസ്തോലപ്രവർത്തനങ്ങളിൽ എട്ടാം അദ്ധ്യായത്തിൽ പ്രത്യക്ഷപ്പെടുന്ന സൈമൺ (ശിമയോൻ) എന്ന വ്യക്തിയുടെ പേരാണ് ഇതിന് ലഭിച്ചത്. ആദിമസഭയിൽ ശ്ലീഹന്മാരായ പത്രോസും യോഹന്നാന്നും വിശ്വാസികളുടെ മേൽ കൈവച്ച് അവർക്ക് പരിശുദ്ധാത്മാവിനെ പകർന്നു നൽകുന്നതു കണ്ട സൈമൺ, അവർക്കുണ്ടായിരുന്ന ഈ വരം തന്റെ പണം സ്വീകരിച്ചു കൊണ്ട് തനിക്ക് നൽകാൻ ആവശ്യപ്പെടുന്നു.അതിൽ നിന്നാണ് ഈ തെറ്റിന് അയാളുമായി ബന്ധപ്പെട്ട പേരു ലഭിച്ചത്.

പതിനൊന്നാം നൂറ്റാണ്ടിൽ യോഗ്യതകൾ നോക്കി അല്ലാതെ, കൂടുതൽ പണം ആര് നൽകുന്നോ അവർക്ക് സഭയിലെ പദവികൾ ലഭിക്കും എന്ന അവസ്ഥ വന്നു. ഉയർന്ന സ്ഥാനങ്ങൾ പണക്കാരുടെയും ശക്തരുടെയും കൈകളിലായി. മെത്രാന്മാരെ നിയമിക്കുന്നത് സമൂഹത്തിൽ സ്വാധീനമുള്ള കുടുംബങ്ങളാണെന്ന നില വന്നു. പോപ്പിനെ എതിർത്തുകൊണ്ട് ആന്റിപോപ്പിനെ പോലും ഇറക്കാൻ തുടങ്ങി.

വിശുദ്ധ പീറ്റർ ഡാമിയൻ പ്രാർത്ഥനയാലും ശക്തമായ എഴുത്തിനാലും തന്റെ പ്രവൃത്തികളാലും, പതിനൊന്നാം നൂറ്റാണ്ടിൽ സൈമണിയെയും വൈദികർക്കിടയിലെ അലസതയെയും ബ്രഹ്മചര്യം അനുവർത്തിക്കുന്നതിൽ കാണിച്ചു വന്ന അലംഭാവത്തെയും പ്രതിരോധിച്ച് ധാർമിക നവീകരണം സഭയിൽ നടപ്പാക്കാൻ ശ്രമിച്ച നവോത്ഥാനനായകനാണ്.

ഞെരുക്കത്തോടെ തുടക്കം

പാരമ്പര്യമഹിമയുള്ള, കുലീനമായ തലമുറയിൽ ആണ് ജനനമെങ്കിലും പീറ്റർ ഒണെസ്റ്റി ഒരു പാവപ്പെട്ട കുടുബത്തിലെ അനേകമക്കളിൽ ഏറ്റവും ഇളയവനായിരുന്നു. 1007ൽ ഇറ്റലിയിലെ റവേന്നയിലാണ് പീറ്റർ ജനിച്ചത്. ബാല്യത്തിൽ തന്നെ മാതാപിതാക്കൾ മരിച്ചതുകൊണ്ട് തന്റെ ഒരു മൂത്ത സഹോദരന്റെ വീട്ടിൽ വളരേണ്ടി വന്ന പീറ്ററിനെ ഒരു അടിമയെപ്പോലാണ് ആ വീട്ടിലുള്ളവർ കണ്ടത്. പയ്യനായപ്പോഴേ പന്നികളെ നോക്കാൻ അവനെ ഏൽപ്പിച്ചു. അത്രയും താഴ്ന്ന സാഹചര്യങ്ങളിൽ വളർന്ന ഒരാൾ ആ നൂറ്റാണ്ടിലെ തന്നെ ഏറ്റവും സമർത്ഥനും സ്വാധീനശേഷിയുമുള്ളവനായിതീരുമെന്ന് ആരറിഞ്ഞു!

റവേന്നയിലെ പ്രധാനപുരോഹിതനായിരുന്ന, പീറ്ററിന്റെ മറ്റൊരു സഹോദരനായ, ഡാമിയൻ അവനിൽ അലിവ് തോന്നി, കൊണ്ടുപോയി അവന് വിദ്യാഭ്യാസത്തിനായി ഏർപ്പാട് ചെയ്തു. അതിന് നന്ദിയായാണ് തന്റെ പേരിന്റെ കൂടെ സഹോദരന്റെ പേരും കൂടെ കൂട്ടിച്ചേർത്ത് അവൻ പീറ്റർ ഡാമിയൻ എന്നാക്കിയത്.

പകുതിയല്ല, മുഴുവനായും

പാർമ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം തുടർന്ന പീറ്റർ 25 വയസുള്ളപ്പോൾ അവിടത്തെ ഒരു പ്രൊഫസർ ആയി. ഉപവാസം, ജാഗരണപ്രാർത്ഥന, മണിക്കൂറുകളോളം പ്രാർത്ഥനയിൽ ലയിച്ചിരിക്കൽ, കുത്തിക്കയറുന്ന രോമമുള്ള ചാക്കുവസ്ത്രം ധരിക്കൽ ഇവയൊക്കെ അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ദാനധർമ്മങ്ങൾ ഏറെ ചെയ്തിരുന്ന അവൻ സ്വന്തം കൈ കൊണ്ടുതന്നെ പാവങ്ങളെ പരിചരിച്ചു.

ദൈവത്തെ സേവിക്കാൻ തന്റെ ജീവിതചര്യയുടെ പകുതി മാത്രം ഉപയോഗപ്പെടുത്തുന്നതുകൊണ്ട് പീറ്റർ തൃപ്തനായില്ല. അവന്, തന്റെ പ്രാർത്ഥനകളും ഏകാന്തതയും ധ്യാനങ്ങളും പ്രവൃത്തികളും എല്ലാമെല്ലാം ദൈവത്തിനായി സമർപ്പിക്കാൻ തോന്നി. ആയിടക്കാണ് ഫോന്തേ അവലാനയിൽ നിന്നുള്ള രണ്ട് ബെനഡിക്ടൈൻ സന്യാസിമാർ അവന്റെ ഭവനം സന്ദർശിക്കുന്നത്. അവരുടെ നിയമങ്ങളെകുറിച്ചും കഠിനമായ ജീവിതരീതികളെക്കുറിച്ചും അവൻ ശ്രദ്ധയോടെ കേട്ടിരുന്നു. നാല്പത് ദിവസം നീണ്ടുനിന്ന ധ്യാനത്തിനും ഒരുക്കത്തിനും ശേഷം അവൻ അവരുടെ ആശ്രമത്തിൽ ചേർന്നു.

വിശുദ്ധ പഠനങ്ങൾക്കായി ഏറെ സമയം ചിലവഴിച്ച പീറ്റർ തിരുവചനങ്ങളിൽ അഗാധപാണ്ഡിത്യമുള്ളവനായി. കൂടെയുള്ള സന്യാസസഹോദരങ്ങളെയും സമീപത്തുള്ള ആശ്രമങ്ങളിൽ ഉള്ളവരെയും പഠിപ്പിക്കാൻ തുടങ്ങി. വിശുദ്ധ റോമുവേൾഡിന്റെ ജീവചരിത്രം എഴുതി. 1043കളിൽ ആശ്രമത്തിന്റെ ആബ്ബട്ടായി തന്നെ കരുതപ്പെട്ട പീറ്റർ അങ്ങേയറ്റത്തെ ഭക്തിയോടെയും ബുദ്ധിവൈഭവത്തോടെയും ആ സമൂഹത്തെ നയിച്ചു. അതുപോലുള്ള അഞ്ച് ആശ്രമങ്ങൾ സ്ഥാപിച്ചു. മൗനം, ഉപവി, എളിമ എന്നീ പുണ്യങ്ങൾ തന്റെ ശിഷ്യരിൽ വളർത്താൻ പരിശ്രമിച്ചു.

താപസരുടെ ദൈവശാസ്ത്രത്തെ പറ്റി അനേകം പുസ്തകങ്ങൾ രചിച്ചു. പരിശുദ്ധ അമ്മയെ ഏറെ സ്നേഹിച്ചിരുന്നു.കവിതാശകലങ്ങളും സ്തോത്രഗീതങ്ങളും പാടിയിരുന്നു.

സഭാസേവനത്തിൽ

അധികകാലം പീറ്ററിന്റെ കഴിവുകൾ മൂടിവെക്കാനും ഒതുക്കിനിർത്താനും സാധിച്ചില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യവും അചഞ്ചലഭക്തിയും കത്തോലിക്കസഭയെ നയിക്കുന്നതിൽ പരിശുദ്ധ പിതാവിനും ആവശ്യമായി വന്നു. തുടർച്ചയായി ഏഴ് മാർപാപ്പമാരാണ് പീറ്റർ ഡാമിയനെ തങ്ങളുടെ ഉപദേഷ്ടാവാക്കിയത്. ഓസ്റ്റിയയുടെ ബിഷപ്പും പിന്നീട് കർദ്ദിനാളും ആകേണ്ടി വന്നു പീറ്ററിന്. പോപ്പ് ആയപ്പോൾ ഗ്രിഗറി ഏഴാമൻ എന്ന് പേര് സ്വീകരിച്ച മറ്റൊരു ബെനഡിക്ടൈൻ സന്യാസിയായ ഹിൽടെബ്രാന്റിന്റെ വലിയ സുഹൃത്തായിരുന്ന പീറ്റർ ഡാമിയനും അദ്ദേഹത്തെ പോലെ പതിനൊന്നാം നൂറ്റാണ്ടിലെ, സഭയുടെ മഹത്തായ വെളിച്ചമായിരുന്നു.

ജർമ്മനിയിലെ ചക്രവർത്തിയായിരുന്ന ഹെൻറി നാലാമന്റെ വിവാഹമോചനം തടയാനായി പീറ്റർ അയക്കപ്പെട്ടു. ക്ലൂണിയിലെ ആശ്രമത്തിലെ സന്യാസികളുടെ സഹായത്തിനായി ഫ്രാൻസിലേക്ക് പോയി. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ആഗ്നസ് ചക്രവർത്തിനിക്ക് കോൺവെന്റിൽ ചേരാനുള്ള ഉപദേശം നൽകി. മെത്രാൻമാർ തമ്മിലുള്ള തർക്കങ്ങൾ തീർക്കാനും പീറ്റർ അയക്കപ്പെടാറുണ്ടായിരുന്നു.

സൈമണിയെയും വൈദികർക്കിടയിലുണ്ടായ മറ്റനേകം പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ശ്രമിച്ച് സഭയുടെ നവീകരണത്തിനായി ആവുന്നത്ര യത്നിച്ചു.

ഏകാന്തതക്കായുള്ള ആഗ്രഹം

ഇതിനെല്ലാമിടയിലും ശാന്തതയും ഏകാന്തതയും പീറ്റർ ഏറെ കൊതിച്ചു.എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കാൻ പോപ്പിനോട് യാചിച്ചു. 1072ൽ അലക്സാണ്ടർ രണ്ടാമൻ പാപ്പ, തനിക്ക് എപ്പോൾ ആവശ്യം വന്നാലും വരണമെന്ന നിബന്ധനയിന്മേൽ കർദ്ദിനാൾ – മെത്രാൻ പദവിയിൽ നിന്ന് പീറ്ററിനെ ഒഴിവാക്കി. എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും സ്വതന്ത്രനായി ഒരു സാധാരണ സന്യാസിയായി പീറ്റർ തിരിച്ചെത്തി.

തപശ്ചര്യകൾ മറ്റുള്ളവർക്കായി നിർദ്ദേശിക്കുമ്പോൾ ആദ്യം സ്വയം അതെല്ലാം ചെയ്തിരുന്നു തന്റെ വാർദ്ധക്യത്തിലും. ഒഴിവുസമയങ്ങളിൽ മരം കൊണ്ടുള്ള സ്പൂണുകളും മറ്റു അവശ്യ വസ്തുക്കളും സ്വന്തം കൈ കൊണ്ടുണ്ടാക്കി.

പരിശുദ്ധ അമ്മയുടെ വലിയ ഭക്തനായിരുന്നു പീറ്റർ. പരിശുദ്ധ അമ്മയോട് നമുക്കുള്ള ഭക്തി അത്ര പോരാ എന്ന് തോന്നിയാൽ ഈ വിശുദ്ധന്റെ സഹായം അപേക്ഷിക്കാവുന്നതാണ്. പരിശുദ്ധ അമ്മയെ എല്ലാവരും സ്നേഹിക്കണമെന്നും മാനിക്കണമെന്നും അത്രക്കധികം അദ്ദേഹം ആഗ്രഹിച്ചിരുന്നു.

തലവേദനയോ ഉറക്കകുറവോ അനുഭവപ്പെടുന്നുണ്ടെങ്കിലും മാധ്യസ്ഥം യാചിക്കാൻ സാധിക്കുന്ന വിശുദ്ധനാണ് പീറ്റർ ഡാമിയൻ എന്ന് പറഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ അത്ഭുതപ്പെടും. അദ്ദേഹം പലപ്പോഴും ഇവ മൂലം കഷ്ടപ്പെട്ടിരുന്നു.

പോപ്പ് അലക്സാണ്ടർ രണ്ടാമൻ ഒരിക്കൽക്കൂടി സഹായം ആവശ്യപ്പെട്ടു, പീറ്ററിന്റെ ജന്മസ്ഥലമായ റവേന്നയെ ആന്റിപോപ്പിന്റെ അനുയായികളിൽ നിന്ന് രക്ഷിക്കാനായി. തന്റെ മിഷൻ സാധിച്ചതിനു ശേഷം അദ്ദേഹം നഗരം വിട്ടു. റോമിലേക്ക് തിരിച്ചുള്ള യാത്രയിൽ ശക്തമായ പനി ബാധിച്ച് ഫയെൻസയിലെ ഒരു ആശ്രമത്തിൽ തങ്ങി. ആ അസുഖത്തെ ദൈവസന്ദേശമായി സ്വീകരിച്ച് അവിടുത്തെ സന്നിധിയിലേക്ക് പോകാനൊരുങ്ങി. എട്ടുദിവസത്തെ രോഗപീഡകൾക്ക് ശേഷം ഫയെൻസയിൽ വെച്ച് 1072 ഫെബ്രുവരി 22ന്, ആശ്രമത്തിലെ സഹോദരങ്ങളെല്ലാം ചുറ്റും നിന്ന് പ്രാർത്ഥനകൾ ഉരുവിടവേ പീറ്റർ ഡാമിയൻ മരണത്തെ പുൽകി. ഇന്ന് വരെയും അദ്ദേഹത്തിന്റെ ശരീരം അവിടെ തന്നെയാണ് വണക്കത്തിന് വെച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നല്ല വാക്ചാതുര്യത്തോടെയും എഴുത്തുകൾ ബൃഹത്തായതും ആണ്.

“നമ്മുടെ പൂർവ്വപിതാക്കളിൽ നിന്ന് നമ്മൾ സ്വീകരിച്ച പുണ്യമാതൃകകൾ നമ്മുടെ പിൻതലമുറക്കാർക്ക് വിശ്വസ്തതയോടെ നമ്മൾ പകർന്നുകൊടുക്കണം ” അദ്ദേഹം പറയുമായിരുന്നു. 1828 ൽ സഭയുടെ വേദപാരംഗതനായി വിശുദ്ധ പീറ്റർ ഡാമിയൻ ഉയർത്തപ്പെട്ടു.

പീറ്റർ ഡാമിയന്റെ ശവകുടീരത്തിൽ അദ്ദേഹം തനിക്കായി മുൻപേ തന്നെ തയ്യാറാക്കി വെച്ച , പ്രസിദ്ധമായ ഒരു കുറിപ്പ് കാണാം : “നിങ്ങൾ ഇപ്പോൾ ആയിരിക്കുന്നത് ഞാൻ ഒരിക്കൽ ആയിരുന്നു. ഞാനിപ്പോൾ ആയിരിക്കുന്നത് നിങ്ങളും ഒരിക്കൽ

ആവും. എന്നെ ഓർക്കണമേ, ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഇവിടെ കിടക്കുന്ന പീറ്ററിന്റെ പൊടിയോട് ദയ കാണിക്കുക”.

ജിൽസ ജോയ് ✍️

Advertisements
St Peter Damian
Advertisements

One thought on “വേദപാരംഗതനായ വിശുദ്ധ പീറ്റർ ഡാമിയൻ

Leave a comment