🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________________________________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
*ദിവ്യബലി വായനകൾ -ലത്തീൻക്രമം*
_____________________________________
🔵 *ചൊവ്വ, 11/2/2020*
Tuesday of week 5 in Ordinary Time
or Our Lady of Lourdes
Liturgical Colour: Green.
*പ്രവേശകപ്രഭണിതം*
സങ്കീ 94: 6-7
വരുവിന്‍, നമുക്ക് ദൈവത്തെ ആരാധിക്കാം,
നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുമ്പില്‍ കുമ്പിട്ടുവണങ്ങാം.
എന്തെന്നാല്‍, അവിടന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്.
*സമിതിപ്രാര്‍ത്ഥന*
കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍
അങ്ങയുടെ കുടുംബത്തെ സംരക്ഷിക്കണമേ.
അങ്ങനെ, സ്വര്‍ഗീയ കൃപയുടെ
ഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്,
അങ്ങയുടെ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ഒന്നാം വായന*
1 രാജാ 8:22-23,27-30
അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
അക്കാലത്ത്, സോളമന്‍ കര്‍ത്താവിന്റെ ബലിപീഠത്തിനു മുന്‍പില്‍ ഇസ്രായേല്‍ജനത്തിന്റെ സന്നിധിയില്‍, ഉന്നതങ്ങളിലേക്കു കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്തസ്‌നേഹം അവരുടെമേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെപ്പോലെ ആകാശത്തിലും ഭൂമിയിലും വേറൊരു ദൈവമില്ല.
എന്നാല്‍, ദൈവം യഥാര്‍ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം! എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന്റെ പ്രാര്‍ഥനകളും യാചനകളും ശ്രവിക്കണമേ! അങ്ങയുടെ ദാസന്‍ ഇന്നു തിരുമുന്‍പില്‍ സമര്‍പ്പിക്കുന്ന അര്‍ഥനകളും നില വിളിയും കേള്‍ക്കണമേ! അങ്ങയുടെ ദാസന്‍ ഈ ഭവനത്തില്‍ വച്ചു സമര്‍പ്പിക്കുന്ന പ്രാര്‍ഥന കേള്‍ക്കുന്നതിന് അങ്ങയുടെ കടാക്ഷം ഇതിന്മേല്‍ രാപകല്‍ ഉണ്ടായിരിക്കണമേ! അങ്ങയുടെ നാമം ഇവിടെ ഉണ്ടായിരിക്കുമെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ സമര്‍പ്പിക്കുന്ന യാചനകള്‍ സ്വീകരിക്കണമേ! അങ്ങു വസിക്കുന്ന സ്വര്‍ഗത്തില്‍ നിന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ട് ഞങ്ങളോട് ക്ഷമിക്കണമേ!
കർത്താവിന്റെ വചനം.
*പ്രതിവചനസങ്കീർത്തനം*
സങ്കീ 84:3-5,10-11
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്റെ ആത്മാവു കര്‍ത്താവിന്റെ
അങ്കണത്തിലെത്താന്‍ വാഞ്ഛിച്ചു തളരുന്നു;
എന്റെ മനസ്സും ശരീരവും ജീവിക്കുന്നവനായ
ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്റെ രാജാവും ദൈവവുമായ
സൈന്യങ്ങളുടെ കര്‍ത്താവേ,
കുരികില്‍പ്പക്ഷി ഒരു സങ്കേതവും
മീവല്‍പ്പക്ഷി കുഞ്ഞിന് ഒരു കൂടും
അങ്ങയുടെ ബലിപീഠത്തിങ്കല്‍ കണ്ടെത്തുന്നുവല്ലോ.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട്
അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
ഞങ്ങളുടെ പരിചയായ ദൈവമേ,
അങ്ങയുടെ അഭിഷിക്തനെ കടാക്ഷിക്കണമേ!
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍
അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നതു
കൂടുതല്‍ അഭികാമ്യമാണ്;
ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍,
എന്റെ ദൈവത്തിന്റെ ആലയത്തില്‍
വാതില്‍കാവല്‍ക്കാരനാകാനാണു
ഞാന്‍ ആഗ്രഹിക്കുന്നത്.
സൈന്യങ്ങളുടെ കര്‍ത്താവേ, അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം!
*സുവിശേഷ പ്രഘോഷണവാക്യം*
……….
……….
……….
*സുവിശേഷം*
മാര്‍ക്കോ 7:1-13
ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
അക്കാലത്ത്, ഫരിസേയരും ജറുസലെമില്‍ നിന്നു വന്ന ചില നിയമജ്ഞരും യേശുവിനുചുറ്റും കൂടി. അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. പൂര്‍വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതുസ്ഥലത്തുനിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല പാരമ്പര്യങ്ങളും അവര്‍ അനുഷ്ഠിച്ചുപോന്നു. ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു: നിന്റെ ശിഷ്യന്മാര്‍ പൂര്‍വികരുടെ പാരമ്പര്യത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്? അവന്‍ പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശരിയായിത്തന്നെ പ്രവചിച്ചു. അവന്‍ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ ദൂരെയാണ്. വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
അവന്‍ തുടര്‍ന്നു: നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. എന്തെന്നാല്‍, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. പിതാവിനെയോ മാതാവിനെയോ ദുഷിച്ചുപറയുന്നവന്‍ മരിക്കട്ടെ എന്നു മോശ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരുവന്‍ തന്റെ പിതാവിനോടോ മാതാവിനോടോ നിങ്ങള്‍ക്ക് എന്നില്‍ നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ – അതായത് വഴിപാട് – ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. പിന്നെ പിതാവിനോ മാതാവിനോ വേണ്ടി യാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച പാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.
കർത്താവിന്റെ സുവിശേഷം.
*നൈവേദ്യപ്രാര്‍ത്ഥന*
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളുടെ ബലഹീനതയില്‍ സഹായമായി
ഈ സൃഷ്ടവസ്തുക്കളെ അങ്ങ് രൂപപ്പെടുത്തിയല്ലോ.
അങ്ങനെ, ഇവ നിത്യതയുടെ കൂദാശയായിത്തീരാന്‍
അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
*ദിവ്യകാരുണ്യപ്രഭണിതം*
cf. സങ്കീ 106: 8-9
കര്‍ത്താവിന് അവിടത്തെ കാരുണ്യത്തെപ്രതിയും
മനുഷ്യമക്കള്‍ക്കായി അവിടന്നുചെയ്ത അദ്ഭുതങ്ങളെപ്രതിയും
അവര്‍ നന്ദിപറയട്ടെ.
എന്തെന്നാല്‍, അവിടന്ന് ദാഹാര്‍ത്തന് തൃപ്തിവരുത്തുകയും
വിശപ്പുള്ളവന് വിശിഷ്ടവിഭവങ്ങള്‍കൊണ്ട്
സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.
Or:
മത്താ 5: 5-6
വിലപിക്കുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ ആശ്വസിപ്പിക്കപ്പെടും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും
ചെയ്യുന്നവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍ അവര്‍ സംതൃപ്തരാകും.
*ദിവ്യഭോജനപ്രാര്‍ത്ഥന*
ദൈവമേ, ഒരേ അപ്പത്തില്‍നിന്നും ഒരേ പാനപാത്രത്തില്‍നിന്നും
ഞങ്ങള്‍ പങ്കുകൊള്ളാന്‍ അങ്ങ് തിരുമനസ്സായല്ലോ.
ക്രിസ്തുവില്‍ ഒന്നായിത്തീര്‍ന്നുകൊണ്ട്,
ലോകരക്ഷയ്ക്കായി ആനന്ദത്തോടെ
ഫലം പുറപ്പെടുവിക്കാന്‍ തക്കവിധം ജീവിക്കുന്നതിന്
ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵