ദിവ്യബലി വായനകൾ The Most Holy Trinity – Solemnity 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ

The Most Holy Trinity – Solemnity 

Liturgical Colour: White.

പ്രവേശകപ്രഭണിതം

പിതാവായ ദൈവവും ദൈവത്തിന്റെ ജാതനായ ഏകപുത്രനും
പരിശുദ്ധാത്മാവും വാഴ്ത്തപ്പെട്ടവനാകട്ടെ.
എന്തെന്നാല്‍, അവിടന്ന് തന്റെ കാരുണ്യം നമ്മിലേക്കു ചൊരിഞ്ഞു.

സമിതിപ്രാര്‍ത്ഥന

പിതാവായ ദൈവമേ,
സത്യത്തിന്റെ വചനവും വിശുദ്ധീകരണത്തിന്റെ ആത്മാവും
ലോകത്തിലേക്ക് അയച്ചുകൊണ്ട്,
അങ്ങയുടെ അദ്ഭുതകരമായ രഹസ്യം
മനുഷ്യര്‍ക്ക് അങ്ങു വെളിപ്പെടുത്തിയല്ലോ.
സത്യവിശ്വാസത്തിന്റെ പ്രഘോഷണംവഴി
നിത്യമായ ത്രിത്വത്തിന്റെ മഹത്ത്വം അംഗീകരിക്കാനും
മഹാപ്രാഭവമുള്ള ഏകത്വം ആരാധിക്കാനും
ഞങ്ങള്‍ക്ക് അനുഗ്രഹം നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 34:4-6,8-9
കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം.

അക്കാലത്ത്, ആദ്യത്തേതുപോലുളള രണ്ടു കല്‍പലക മോശ ചെത്തിയെടുത്തു. കര്‍ത്താവു കല്‍പിച്ചതനുസരിച്ച് അവന്‍ അതിരാവിലെ എഴുന്നേറ്റു കല്‍പലകകള്‍ കൈയിലെടുത്ത് സീനായ്മലയിലേക്കു കയറിപ്പോയി. കര്‍ത്താവു മേഘത്തില്‍ ഇറങ്ങി വന്ന് അവന്റെ അടുക്കല്‍ നില്‍ക്കുകയും കര്‍ത്താവ് എന്നതന്റെ നാമം പ്രഖ്യാപിക്കുകയും ചെയ്തു. അവിടുന്ന് ഇപ്രകാരം ഉദ്‌ഘോഷിച്ചുകൊണ്ട് അവന്റെ മുന്‍പിലൂടെ കടന്നു പോയി: കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്‌നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കരുണ കാണിക്കുന്നവന്‍; എന്നാല്‍, കുറ്റവാളിയുടെനേരേ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍.
മോശ ഉടനെ നിലംപറ്റെ കുമ്പിട്ടാരാധിച്ചു. അവന്‍ പറഞ്ഞു: അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍, കര്‍ത്താവേ, അങ്ങയോടു ഞാന്‍ അപേക്ഷിക്കുന്നു: ഞങ്ങള്‍ ദുശ്ശാഠ്യക്കാരാണെങ്കിലും അങ്ങു ഞങ്ങളോടുകൂടെ വരണമേ! ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കുകയും ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിക്കുകയും ചെയ്യണമേ!

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദാനി 3:52-56

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമേ,
അങ്ങ് വാഴ്ത്തപ്പെട്ടവനാണ്;
അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്.
അങ്ങയുടെ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ!
അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും
സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന
അങ്ങയുടെ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

കെരൂബുകളുടെമേല്‍ ഇരുന്ന്
അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ!
അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും
അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ!
രാജകീയ സിംഹാസനത്തില്‍
ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്.
അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും
അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!

കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരിമഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.

രണ്ടാം വായന

2 കോറി 13:11-13
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും.

സഹോദരരേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്റെ ആഹ്വാനം സ്വീകരിക്കുവിന്‍. ഏകമനസ്‌കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. വിശുദ്ധ ചുംബനം കൊണ്ട് അന്യോന്യം അഭിവാദനം ചെയ്യുവിന്‍. വിശുദ്ധരെല്ലാവരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ!

കർത്താവിന്റ വചനം

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

യോഹ 3:16-18
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.

യേശു നിക്കൊദേമോസിനോട് പറഞ്ഞു: അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നതുവഴി,
ഞങ്ങളുടെ ശുശ്രൂഷയുടെ ഈ കാഴ്ചദ്രവ്യങ്ങള്‍
അങ്ങ് പവിത്രീകരിക്കുകയും
അവയാല്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ ഒരു കാഴ്ചവസ്തുവായി മാറ്റുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ഗലാ 4:6

എന്തെന്നാല്‍, നിങ്ങള്‍ മക്കളായതുകൊണ്ട്,
അബ്ബാ – പിതാവേ, എന്നു വിളിക്കുന്ന
തന്റെ പുത്രന്റെ ആത്മാവിനെ
ദൈവം നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അയച്ചിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഈ കൂദാശയുടെ സ്വീകരണവും
നിത്യവും പരിശുദ്ധവുമായ ത്രിത്വത്തിന്റെയും
അവിടത്തെ വ്യക്തിപരമായ ഏകത്വത്തിന്റെയും പ്രഖ്യാപനവും
ഞങ്ങളുടെ ശരീരത്തിന്റെയും ആത്മാവിന്റെയും
ആരോഗ്യത്തിന് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment