മറവി (മർക്കോസ് 6, 30 – 44)

എത്രയോ നൂറ്റാണ്ടുകൾക്കു മുൻപാണ് ക്രിസ്തു ഈ ലോകത്തിൽ ജീവിച്ചത്. എന്നിട്ടും ഇന്നും ലോകം അവനെ ഓർക്കുന്നു. അവൻ്റെ വാക്കുകളും പ്രവർത്തികളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യമനസ്സുകളെ ആകർഷിക്കുന്നുണ്ട്. കടന്നുപോയ വീഥികളിൽ കണ്ടുമുട്ടിയ മനുഷ്യർക്ക് അവൻ നന്മകൾ മാത്രം പങ്കുവച്ചു. അവന്റെ വാക്കുകൾക്കു കാതോർക്കുമ്പോൾ സമയം കടന്നു പോകുന്നതേ അറിഞ്ഞില്ല.സമയം പോയതറിഞ്ഞില്ലങ്കിലും, അവനെ കേൾകാന്നെത്തിയവരെ വിശപ്പ് വല്ലാതെ അലട്ടി. അപ്പോൾ അവൻ ഉണ്ണാൻ മറന്ന് അവരെ ഊട്ടി. ഇത് അവന്റെ മറവിയുടെ കഥയാണ്. ക്രിസ്തുവിന്റെ മറവിയുടെ കഥ.

അൽപ്പം ഭക്ഷണം കഴിച്ചു വിശ്രമിക്കാം എന്ന് കരുതിയാണ് ഗുരുവും ശിഷ്യരും വിജനപ്രദേശത്തേക്കു നീങ്ങിയത്. കാരണം ഇടവേളകൾ നൽകാതെ അതിരാവിലെ മുതൽ ജനം ഗുരുവിന്റെ ചാരെ നിന്നു. വഞ്ചി മെല്ലെ ഒരു വിജന സ്ഥലം ലക്ഷ്യമാക്കി നീങ്ങി. എന്നാൽ വഞ്ചി വിജന സ്ഥലത്തു എത്തിയപ്പോഴേക്കും ഒരു വലിയ ജനാവലി അവിടെയും ഗുരുവിനെ കേൾക്കാൻ ഒത്തുകൂടി. അവരെ കണ്ടപ്പോൾ ഗുരു തന്റെ ക്ഷീണവും വിശപ്പും മറന്നു. ഗുരു അങ്ങനെയാണ് അപരനുവേണ്ടി അവൻ സ്വയം മറക്കുന്നു. ആ വിജന സ്ഥലത്തു അവരെ ഇരുത്തി ഗുരു സുവിശേഷം പങ്കുവച്ചു തുടങ്ങി. ആവേശത്തോടെ അവർ അവനെ ശ്രവിച്ചു. സമയം കടന്നുപോയപ്പോൾ ഭൂമി തന്റെ ശരീരത്തിന്മേൽ മെല്ലെ ഒരു കരിമ്പടം അണിയാൻ തുടങ്ങി. അപ്പോൾ ഗുരുവിന്റെ കാതുകളിൽ ശിഷ്യർ മൊഴിഞ്ഞു, “ഗുരു സമയം വൈകി. നാട്ടിൻപുറങ്ങളിൽ പോയി എന്തെങ്കിലും ഭക്ഷിക്കാൻ ഇവരെ അങ്ങ് പറഞ്ഞുവിട്”. ഗുരുവിന്റെ മറുപടി എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. “നിങ്ങൾ തന്നെ അവർക്ക് ഭക്ഷിക്കാൻ കൊടുക്കുവിൻ”. എന്നാൽ പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് ഗുരുവിന്റെ കണ്ണ് ശിഷ്യർ തങ്ങൾക്കായി സൂക്ഷിച്ച അപ്പത്തിലും മീനിലും ആണെന്ന്. അതെ, ഗുരുവും ശിഷ്യരും വിജന പ്രദേശത്തേക്ക് നീങ്ങിയത് ഒന്ന് വിശ്രമിച്ചു അല്പം ഭക്ഷിക്കാം എന്ന് കരുതിയാണ്. പതിമൂന്നു പേർക്ക് അൽപ്പം വീതം ഭക്ഷിക്കാൻ അഞ്ചപ്പവും രണ്ടു മീനും. സ്വന്തം ഉദരത്തെ മറന്നു അപരന്റെ ഉദരത്തെ ത്രിപ്തിപെടുത്താനാണ് ഗുരു പറയുന്നത്. ശിഷ്യരുടെ കണ്ണുകൾ പരസ്പരം എന്തോ മന്ത്രിക്കുന്നുണ്ട്. “എന്തെ ഗുരു ഇങ്ങനെ പറയുന്നത്? ഇത്രയും പേർക്ക് ഭക്ഷിക്കാൻ ഇതെന്താകാൻ?” ഉള്ളിലെ ന്യായമായ ചോദ്യങ്ങളെ അവഗണിച്ചു ഗുരു പറഞ്ഞതല്ലേ എന്ന് കരുതി അഞ്ചപ്പവും രണ്ടു മീനും ശിഷ്യർ ഗുരുവിന്റെ കൈകളിൽ നൽകി.

വലിയ അത്ഭുതം! മുറിക്കുംതോറും അപ്പം പെരുകുന്നു.

എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ മിച്ചമുള്ളവ അവർ ശേഖരിച്ചു. പന്ത്രണ്ട് കുട്ട നിറയെ മിച്ചം! ഓരോ ശിഷ്യനും ഓരോ കുട്ട അപ്പം വീതം. അപ്പോഴും അപ്പം ഇല്ലാത്തവൻ ഒരുവൻ മാത്രം. ഗുരുവിനു മാത്രം അപ്പമില്ല. ഗുരു അങ്ങനെയാണ്. അവൻ സ്വയം മറന്ന് അപരനെ ഊട്ടുന്നു. ഗുരുവിന്റെ ഈ മറവി അവന്റെ ബലഹീനതയല്ല. മറിച് അതവന്റെ ശക്തിയാണ്. സ്വയം മറന്ന് അവൻ ചെയ്തവ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോഴും മനുഷ്യൻ ഓർക്കുന്നു. മറവി നല്ലതാണെന്നു ക്രിസ്തു എന്ന ഗുരു എന്നെ പഠിപ്പിക്കുന്നു.

JUDE MCBS

ജൂഡ് എം.സി.ബി.എസ്

2 thoughts on “മറവി (മർക്കോസ് 6, 30 – 44)

Leave a comment