പ്രണബ്​ മുഖർജി അന്തരിച്ചു

പ്രണബ്​ മുഖർജി അന്തരിച്ചു

wp-1598877967165.jpg

ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാമത്​ രാഷ്​ട്രപതിയായിരുന്ന പ്രണബ്​ കുമാർ മുഖർജി (84) അന്തരിച്ചു. ഡൽഹി ആർമി റിസർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആരോഗ്യനില ഗുരുതരമായ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇതിനിടെ, കോവിഡ് പരിശോധന പോസിറ്റീവ് ആകുകയും ചെയ്തതോടെ നില വഷളാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

കോൺഗ്രസ്​ ഭരണത്തിൽ ധനം, വിദേശകാര്യം, പ്രതിരോധം വകുപ്പുകളിലും വിവിധ കാലങ്ങളിൽ മന്ത്രിയായിരുന്നു. ഇന്ദിര ഗാന്ധിയുടെ വിശ്വസ്​തൻ, കോൺഗ്രസ്​ പാർട്ടി​ക്ക്​ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ആൾ, പ്രണബ്​ മുഖർജി വിശേഷിപ്പിക്കപ്പെട്ടത്​ ഇങ്ങനെയൊക്കെയാണ്​. രാജീവ്​ ഗാന്ധിയുടെ കാലത്ത്​ കോൺഗ്രസുമായി പിണങ്ങി സ്വന്തം പാർട്ടിയുണ്ടാക്കിയ ഇടക്കാലത്തൊഴികെ എക്കാലവും കോൺഗ്രസിനൊപ്പമായിരുന്നു പ്രണബ്​. ഒടുവിലത്തെ കാലത്ത്​ ബി.ജെ.പിയോട്​ ചായ്​വ്​ ​പ്രകടിപ്പിക്കുന്നുവെന്ന്​ തോന്നിപ്പിക്കുകയും നാഗ്​പൂരിലെ ആർ.എസ്​.എസ്​ ആസ്​ഥാനം സന്ദർശിക്കുകയും ചെയ്​തത്​ വിവാദമായെങ്കിലും പ്രണബ്​ കോൺഗ്രസിനെ വിട്ട്​ മറ്റെവിടേക്കും പോയില്ല.

1935 ഡിസംബർ11ന് പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മിറാത്തി ഗ്രാമത്തിൽ സ്വാതന്ത്ര്യ സമരസേനാനിയും എ.ഐ.സി.സി അംഗവുമായ കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്​മിയുടെയും മകനായി ജനിച്ചു. കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ചരിത്രത്തിലും രാഷ്​ട്രമീമാംസയിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടിയ മുഖർജി പോസ്​റ്റൽ ആൻഡ്​​ ടെലിഗ്രാഫ് വകുപ്പിൽ കുറച്ചുകാലം ജോലി ചെയ്​തു. 1963 ൽ വിദ്യാനഗർ കോളജിൽ അധ്യാപകനായി. പിന്നീട്​ രാഷ്​ട്രീയത്തിൽ സജീവമാകുന്നതിനു മുമ്പ്​ ‘ദശർ ദാക്​’ എന്ന പത്രത്തിലും പ്രവർത്തിച്ചിരുന്നു.

പശ്ചിമ ബംഗാൾ കോൺഗ്രസിലൂടെയായിരുന്നു പ്രണബി​​ന്‍റെ രാഷ്​ട്രീയ ​ജീവിതം ആരംഭിക്കുന്നത്​. 1969 ൽ മിഡ്​നാപ്പുർ ഉപതെരഞ്ഞെടുപ്പിൽ മലയാളിയായ വി.കെ. കൃഷ്​ണമേനോ​ന്‍റെ തെരഞ്ഞെടുപ്പ്​ ഏജൻറായി ​പ്രവർത്തിക്കുകയും ലക്ഷത്തിൽപരം വോട്ടുകൾക്ക്​ ജയിക്കുകയും ചെയ്​തത്​ വഴിത്തിരിവായി. പ്രണബി​ന്‍റെ മിടുക്ക്​ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണ്​ ദേശീയ രാഷ്​ട്രീയത്തിലേക്ക്​ അദ്ദേഹത്തെ ആനയിച്ചത്​. 1969ൽ രാജ്യസഭാംഗമായി പാർലമെന്‍ററി രാഷ്​ട്രീയത്തിലിറങ്ങിയ പ്രണബ്​ 1975ലും 1981ലും 1993ലും 1999 ലും രാജ്യസഭാംഗമായി.

1973ൽ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. അടിയന്തരാവസ്​ഥ കാലത്ത്​ ഇന്ദിര ഗാന്ധിയുടെ ഏറ്റവും വിശ്വസ്​തനായിരുന്നു പ്രണബ്​. 1982ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായ പ്രണബ് കോൺഗ്രസിന്‍റെ രാഷ്​ട്രീയ നയരൂപവത്കരണത്തി​ന്‍റെ മുഖ്യ ആസൂത്രകനായി. ഈ കാലത്താണ്​ മൻമോഹൻ സിങ്ങിനെ റിസർവ്​ ബാങ്ക്​ ഗവർണറായി നിയമിച്ചത്​. 1980 മുതൽ 1985 വരെ രാജ്യസഭയിൽ കോൺഗ്രസി​ന്‍റെ നേതാവുമായിരുന്നു. രാജീവ്​ ഗാന്ധിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ കോൺഗ്രസ്​ വിട്ട പ്രണബ്​ ‘രാഷ്​ട്രീയ സമാജ്​വാദി കോൺഗ്രസ്​’ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും പിണക്കം അവസാനിപ്പിച്ച്​ കോൺഗ്രസിൽ ലയിച്ചു.

1991 മുതൽ 1996 വരെ ആസൂത്രണ ബോർഡ്​ ഉപാധ്യക്ഷനായി. 1993 – 1995 കാലത്ത്​ കേന്ദ്ര വാണിജ്യ മന്ത്രിയായ പ്രണബ്​ 1995 -96ൽ വിദേശകാര്യ മന്ത്രിയായി. 2006 – 09ലും ഇതേ വകുപ്പ്​ പ്രണബ്​ കൈകാര്യം ചെയ്​തു. 2004ൽ പശ്ചിമബംഗാളിലെ ജങ്കിപുർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തി. 2009ലും വിജയം ആവർത്തിച്ചു. 2004 -06 കാലത്ത്​ പ്രതിരോധ മന്ത്രി പദവും വഹിച്ചു. 2009 – 12 കാലത്ത്​ മൻമോഹൻ സിങ്​ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ്​ കൈകാര്യം ചെയ്​തതും പ്രണബായിരുന്നു. 2012 ജൂലൈ 25ന്​ ഇന്ത്യയുടെ 13ാമത്​ രാഷ്​ട്രപതിയായി അദ്ദേഹം ചുമതലയേറ്റു.

ഐ.എം.എഫ്​, ലോകബാങ്ക്​, എ.ഡി.ബി, ആഫ്രിക്കൻ ​ഡെവലപ്​മെന്‍റ് ബാങ്ക്​ എന്നിവയുമായി നയതന്ത്ര ബന്ധം പുലർത്തിയിരുന്നു. കോമൺവെൽത്ത്​ രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിൽ 1982, 83, 84 കാലങ്ങളിൽ പ​ങ്കെടുത്തു. യു.എൻ ജനറൽ അസംബ്ലിയിൽ ധനകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പ​ങ്കെടുത്തിട്ടുണ്ട്​. 2008ൽ പത്​മവിഭൂഷൺ നൽകിയ പ്രണബിനെ 2019ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്​ട്രം ആദരിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ പ്രണബി​ന്‍റെ മൂന്നു ഭാഗങ്ങളുള്ള ജീവചരിത്രം ഇന്ത്യൻ രാഷ്​​ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്​ടിച്ചിരുന്നു. രാഷ്​ട്രപതി സ്​ഥാനം വി​ട്ടൊഴിഞ്ഞ ശേഷം 2018 ജൂണിൽ നാഗ്​പൂരിലെ ആർ.എസ്​.എസ്​ ആസ്​ഥാനത്ത്​ ക്ഷണം സ്വീകരിച്ച്​ യോഗത്തിൽ പ​ങ്കെടുത്തത്​ ഏറെ വിവാദമായിരുന്നു.

എഴുത്തും വായനയും ഏറെ ഇഷ്​ടപ്പെട്ടിരുന്ന പ്രണബ്​ മുഖർജി രബീന്ദ്ര സംഗീതത്തി​ന്‍റെ കടുത്ത ആരാധകനുമായിരുന്നു. ഗായികയും ചിത്രകാരിയുമായ സുവ്​റ മുഖർജിയായിരുന്നു ഭാര്യ. 2015ൽ പ്രണബ്​ രാഷ്​ട്രപതിയായിരിക്കെയാണ്​ സുവ്​റ അന്തരിച്ചത്​. കഥക്​ നർത്തകിയും കോൺഗ്രസ്​ ​പ്രവർത്തകയുമായി ഷർമിഷ്​ഠ മുഖർജി, മുൻ പാർലമെന്‍റംഗവും കോ​ൺഗ്രസ്​ നേതാവുമായ അഭിജിത്​ മുഖർജി, ഇന്ദ്രജിത്​ മുഖർജി എന്നിവരാണ്​ മക്കൾ

One thought on “പ്രണബ്​ മുഖർജി അന്തരിച്ചു

Leave a comment