പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന


“കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ അവനില്‍ ജീവിക്കുവിന്‍. അവനില്‍ വേരുറപ്പിക്കപ്പെട്ടും പണിതുയര്‍ത്തപ്പെട്ടും നിങ്ങള്‍ സ്വീകരിച്ചവിശ്വാസത്തില്‍ ദൃഢതപ്രാപിച്ചും കൊണ്ട് അനര്‍ഗളമായ കൃതജ്ഞതാ പ്രകാശനത്തില്‍ മുഴുകുവിന്‍.” (കൊളോസോസ് 2, 6-7) “ഞങ്ങളുടെ രക്ഷകനായ ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുവാൻ അങ്ങ് നൽകിയ അനുഗ്രഹത്തിന് നന്ദി അർപ്പിക്കുന്നു. ഓണം പ്രതിധാനം ചെയ്യുന്ന സന്തോഷവും സമൃദ്ധിയും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ ഇടയാക്കണമേ. കർത്താവേ, ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങ് വിശുദ്ധീകരിക്കണമേ. ദൈവത്തോട് ചേർന്ന് നിൽക്കുവാൻ അനുഗ്രഹിക്കണമേ. എല്ലാ വിധ ദുഃഖങ്ങളിൽ നിന്നും ആകുലതകളിൽ നിന്നും സംരക്ഷിക്കണമേ. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ കടന്നു വരുമ്പോൾ, സഹന അനുഭവങ്ങളിൽ കൂടെ ഞങ്ങൾ കടന്നു പോകുമ്പോൾ ദൈവമേ അവിടുത്തെ മാലാഖമാരുടെ സാന്നിദ്ധ്യം തുണയാകട്ടെ. ജീവിത പ്രതിസന്ധികളിൽ ഉഴലുമ്പോൾ ഒരിക്കലും ദൈവ സന്നിധിയിൽ നിന്നും അകന്നു പോകുവാൻ ഇടയാക്കാതെ കാത്തു കൊള്ളണമേ. വിശുദ്ധി നിറഞ്ഞ ഒരു ജീവിതം ഉണ്ടാകുവാൻ കൃപ നൽകണമേ. കർത്താവെ, ഇന്നേ ദിനത്തിൽ ഞങ്ങൾ ചെയ്യുവാൻ പോകുന്ന എല്ലാ കാര്യങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ജോലി സ്ഥലങ്ങളിലും, പ്രവർത്തന മേഖലകളിലും ക്രിസ്തീയ സാക്ഷ്യം നൽകുവാൻ അനുഗ്രഹംനല്കണമേ. ഈശോയെ ഇന്ന് പ്രത്യകമായി സാമ്പത്തിക ബാദ്ധ്യത അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവിടുത്തെ സന്നിധിയിൽ ജീവിതം സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ അവർക്ക് താങ്ങായിരിക്കണമേ. വലിയ അനുഗ്രഹം നൽകി സാമ്പത്തികമായി ശക്തിപ്പെടുത്തണമേ. ബിസിനസ് തകർച്ചയിൽ ആയിരിക്കുന്നവരെ ഓർക്കുന്നു. അവരെ ആശ്വസിപ്പിക്കണമേ. വിശ്വാസത്തോടെ, അവിടുന്നിൽ ആശ്രയിച്ചു ജീവിക്കുമ്പോൾ വലിയ സന്തോഷം അനുഭവിക്കുവാൻ ഇടവരുത്തണമേ. നാഥാ, ഇന്നേ ദിനത്തിൽ ഞങ്ങൾ കണ്ടു മുട്ടുന്ന എല്ലവരോടും ഈശോയെ പങ്കു വയ്ക്കുവാൻ കൃപ നൽകണമേ. യഥാർത്ഥ ക്രിസ്ത്യാനി ആയി ജീവിക്കുവാനും, വലിയ നന്മകൾ ലോകത്തിനു നൽകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. കോവിഡ് മഹാമാരിയിൽ വിഷമിക്കുന്ന ദേശത്തിനു വിമുക്തി നൽകി അനുഗ്രഹിക്കണമേ. എല്ലാ കോവിഡ് രോഗികൾക്കും സൗഖ്യം നല്കണമേ. ആമേൻ
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

Leave a comment