പുലർവെട്ടം 313

{പുലർവെട്ടം 313}

2.3 ബില്യൻ വിശ്വാസികളുണ്ടെന്നാണ് ക്രിസ്തുമതം ഹുങ്കു പറയുന്നത്. എന്നാലതിന്റെ പൊരുളറിഞ്ഞവർ അതിലെത്രയുണ്ടാവും? പണ്ടൊരിക്കൽ, ‘വത്തിക്കാനിൽ എത്ര പേർ ജോലി ചെയ്യുന്നുണ്ട്?’ എന്ന പത്രക്കാരന്റെ ചോദ്യത്തിന് ഒരു മാർപാപ്പ നൽകിയ ക്ലാസിക് മറുപടി പോലെ, ഏതാണ്ട് മൂന്നിലൊന്നു പേർ!

ദൈവം ഒരു വെൻഡിങ് മെഷീനായി ഇപ്പോഴും ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും ഭീകരദുരന്തം. ഐശ്വര്യത്തിന്റെ സദ്‌വാർത്ത – prosperity gospel – പ്രഘോഷിക്കുന്നതിന്റെ ആവേശത്തിനിടയിൽ ഭിത്തിയിലെ ക്രൂശിതരൂപത്തെ നോക്കാൻ നേരമില്ലാതെയായി. ദൈവപരിപാലനയാണ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിചാരം. അതിനെ പൊലിപ്പിക്കുന്ന കഥകളാണ് സുവിശേഷപ്രഘോഷണങ്ങളുടെ സിംഹനേരവും അപഹരിക്കുന്നത്. അതുകൊണ്ടാണ്, ക്രൂശിതനായ യേശുവിനേക്കുറിച്ചല്ലാതെ മറ്റൊരു സുവിശേഷം വാനമേഘങ്ങളിലെ മാലാഖമാർ വന്നുപറഞ്ഞാലും നിങ്ങൾ കാതോർക്കരുത് എന്നു പോൾ ശഠിച്ചത്.

കുറച്ചു കാലം മുൻപായിരുന്നു. ഏതാനും ചെറുപ്പക്കാർ ഒരു മലയോരവിനോദകേന്ദ്രത്തിലേക്കു പോയി. അഞ്ചു പേരെന്നാണ് ഓർമ. തിരികെ വരുന്നവഴി സംഭവിച്ച വാഹനാപകടത്തിൽ നാലു പേർ മരിച്ചു, ഒരാൾ മാത്രം ബാക്കിയായി. ദൈവം അവനെ കാത്തുസംരക്ഷിച്ചു എന്നാണ് ഹോസ്പിറ്റലിലെത്തിയ എല്ലാവരും അവനോടു പറഞ്ഞിരുന്നത്. ആദ്യമൊക്കെ എന്റെ നാലു ചങ്ങാതിമാർക്കു ലഭിക്കാത്ത ദൈവസംരക്ഷണം എനിക്കു മാത്രം ലഭിച്ചുവെന്നു പറയുന്നതിന്റെ യുക്തിഭംഗത്തെ അവൻ കണ്ണീരോടെ നേരിട്ടു. പിന്നെ നിശബ്ദനായി.

പ്രശ്നം മുതിർന്നവർ സൃഷ്ടിച്ചെടുത്ത ദൈവപരിപാലനയുടെ സങ്കല്പമായിരുന്നു. നാടകീയമായ സംരക്ഷണങ്ങളെ മാത്രമാണ് ദൈവപരിപാലനയെന്ന പേരിൽ നാം വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജോലിയില്ലാതെ നട്ടം തിരിയുന്നൊരാൾക്ക് ആരോ കൈമാറുന്ന ഭക്ഷണക്കിറ്റ് മാത്രമായി അതു ചുരുങ്ങുന്നു. ജോലിയുണ്ട്, അർഹമായ വേതനം ലഭിക്കുന്നുണ്ട് എന്നത് തലയിൽ പതിഞ്ഞിട്ടില്ല. നമ്മൾ മനുഷ്യരുടെ പ്രധാന പ്രശ്നം എല്ലാത്തിനകത്തും അറിഞ്ഞോ അറിയാതെയോ ഒരു ഡ്രാമ സൃഷ്ടിച്ചെടുക്കാനുള്ള പ്രലോഭനമാണ്. ഭാഷ പോലും കാര്യങ്ങളെ നാടകീയമായി അവതരിപ്പിക്കുക എന്നൊരു ധർമമാണ് പലപ്പോഴും പുലർത്തുന്നത്.

അവനുയർത്തുന്ന പ്രശ്നം ഗൗരവമുള്ളതുതന്നെയാണ്. അവന്റെ കൂട്ടുകാർക്ക് എന്തു പരിപാലനയാണ് കിട്ടിയത്? നാടകീയമായ സംരക്ഷണങ്ങളല്ല, സംഭവിക്കുന്നതൊക്കെ നിന്റെ അറിവോടും നിനക്കു വിധേയപ്പെട്ടുമാണെന്ന ബോധമാണ് പരിപാലന. അതങ്ങനെയല്ലെങ്കിൽ എന്തു പരിപാലനയാണ് നസ്രത്തിലെ ആ നൊമാഡിക് മരപ്പണിക്കാരനു ലഭിച്ചത്? എന്താണ് ‘Eli Eli Lama Sabachthani’ എന്ന നിലവിളിയുടെ അർത്ഥം? അപ്പോൾ അതു പരിപാലനയല്ല. എന്നാൽ, അതിനുശേഷം ഒരു പരിപാലനയുടെ മന്ത്രം മുഴങ്ങി: “നിന്റെ കരങ്ങളിൽ എന്റെ പ്രാണനെ ഞാനർപ്പിക്കുന്നു.” മനുഷ്യരുടെ കരങ്ങളിൽ പെട്ടുപോകുന്നു എന്നുള്ളതാണ് ജിവിതത്തിന്റെ ദുര്യോഗം. അത് ദുശാഠ്യമുള്ള പങ്കാളിയാവാം, ധാർഷ്ട്യമുള്ള മേലധികാരിയാവാം, കാർക്കശ്യമുള്ള നിയമവ്യവസ്ഥയാവാം… എന്നാൽ ആ കരങ്ങളല്ല എന്റെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്നത്. എന്റെ ഭൂതഭാവിവർത്തമാനങ്ങൾ അടയാളെപ്പെട്ടിരിക്കുന്നത് നിന്റെ ഉള്ളംകൈയിലാണ്.

പുറകോട്ടു മാത്രം വായിച്ചെടുക്കാവുന്ന ഹീബ്രുഭാഷ പോലെയാണ് ദൈവപരിപാലനയുടെ കഥ. ജിഗ്സോ പസിൽ പോലെ, പരസ്പരബന്ധമില്ലെന്നു തോന്നിക്കുന്ന കുറേയധികം കളിക്കട്ടകൾ. ഓരോന്നായി അടുക്കിവരുമ്പോൾ ജീവിതചിത്രം തെളിയുന്നുണ്ട്. “In the designs of Providence, there are no mere coincidences.” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ അതിന് അടിവരയിടുന്നു.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment