പുലർവെട്ടം 315

{പുലർവെട്ടം 315}

കഥകളേക്കാൾ വിചിത്രമായ ജീവിതമുണ്ട്. ലബനനിലെ ഹോളി വാലിയിലുള്ള കനൗബിൻ മൊണാസ്ട്രിയിൽ നിന്ന് മരിനോസ് എന്നൊരു യുവസന്യാസിയെ പുറത്താക്കി. ഒരു കുട്ടിയുടെ പിതൃത്വം അയാളിൽ ചാർത്തിയായിരുന്നു അത്. അതേ ആശ്രമത്തിന്റെ പടവുകളിൽ ഭിക്ഷാടനത്തിനിരുന്നും ചെറിയ ജോലികളിൽ ഏർപ്പെട്ടും അയാൾ കുഞ്ഞിനെ വളർത്തിയെടുത്തു. ആ ഇടം അത്രയും പ്രിയപ്പെട്ടതായതുകൊണ്ട് അയാൾക്ക് അവിടം വിട്ട് പോകാൻ തോന്നിയതേയില്ല. മരിനോസ് മരിച്ചു. മൊണാസ്ട്രിയിൽ സംസ്കരിക്കാനുള്ള അനുവാദം കിട്ടി. മൃതശരീരം കുളിപ്പിച്ചൊരുക്കിയവരെ അമ്പരപ്പിച്ചുകൊണ്ട് അതൊരു സ്ത്രീയാണെന്ന് അവർക്കു ബോധ്യപ്പെട്ടു. പുണ്യവതിയായിട്ടാണ് കാത്തലിക് / ഓർത്തഡോക്സ് സഭകൾ അവരെ എണ്ണുന്നത്. മരിനോസ് എന്ന പേരിലല്ല, മരിന ദ് മങ്ക് എന്നാണവർ ഇന്നറിയപ്പെടുന്നത്. ട്രാൻസ്‌വെസ്റ്റിസത്തിന്റെ – transvestism – ചരിത്രത്തിൽ ഇങ്ങനെയും ഒരു കഥ നിങ്ങൾ കാണും. തെറ്റിദ്ധാരണയിൽ ജീവിക്കുകയും തിരുത്തലിന്റെ ആനുകൂല്യം കിട്ടാതെ കടന്നുപോവുകയും ചെയ്ത കോടിക്കണക്കിനു മനുഷ്യരുടെ പുണ്യവതിയായാണവർ ഇന്ന് ഓർമ്മിക്കപ്പെടുന്നത്.

അവർ എല്ലായിടത്തും എല്ലാക്കാലത്തുമുണ്ടായിരുന്നു. രാമായണത്തിൽ നിന്ന് ലക്ഷ്‌മണനെയാണ് ഓർമ വരുന്നത്. മാരീചൻ ഒരുക്കിയ കെണിയിൽ ശ്രീരാമൻ പെട്ടുപോകുന്നു. രാമന് എന്തെങ്കിലും ആപത്തു പറ്റിയിട്ടുണ്ടാകുമെന്ന സീതയുടെ ആശങ്കയിൽ പങ്കുചേരാതെ ജ്യേഷ്ഠൻ കല്പിച്ചതുപോലെ അവർക്ക് കാവൽ നിൽക്കാനാണ് ലക്ഷ്മണൻ ശ്രദ്ധിച്ചത്. അതോടുകൂടി അനുജന്റെ ഉദ്ദേശ്യശുദ്ധിയെ കഠിനമായി സംശയിക്കുകയാണ് സീത; രാമന് ആപത്തുണ്ടായാൽ തന്നെ സ്വന്തമാക്കാനുള്ള വഴി തെളിഞ്ഞുകിട്ടുമെന്നൊക്കെ പറഞ്ഞ്. അതുൾപ്പടെ പിന്നീട് സംഭവിച്ചതൊക്കെ നമുക്കറിയാം. ആശാന്റെ ‘ചിന്താവിഷ്ടയായ സീത’യിൽ, താൻ മൂലം ലക്ഷ്‌മണൻ കടന്നുപോയ വേദനയെ അനുതാപത്തോടെ സീത ഓർമിച്ചെടുക്കുന്നുണ്ട്.

“കനിവാർന്നനുജാ പൊറുക്ക ഞാൻ

നിനയാതോതിയ കൊള്ളിവാക്കുകൾ”

വേദപുസ്തകത്തിൽ തെറ്റിദ്ധാരണയുടെ മീതെ പൊത്തിഫറിന്റെ തടവുകാരനായ ജോസഫുണ്ട്, സമാന്തര അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് സാവൂൾ വേട്ടയാടിയ ദാവീദുണ്ട്. യേശുവിനേക്കുറിച്ച് ഇന്ന് ഒന്നും മിണ്ടില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

The Lost Art of Listening-ൽ മൈക്കിൾ നിക്കൊളസ് പറയുന്നതുപോലെ, ഏറ്റവും ചെറിയ ഭാഷണങ്ങളിൽപ്പോലും ആവശ്യത്തിലേറെ തെറ്റിദ്ധാരണയുടെ അപകടം അടക്കം ചെയ്തിട്ടുണ്ട്. ഏതു ശരി ഏതു തെറ്റ് എന്ന ഒരു ആശയക്കുഴപ്പം ജീവിതത്തിന്റെ കുതറാനാവാത്ത വിധിയാണ്. സത്യം ആപേക്ഷികവും ആത്മനിഷ്ഠവുമാണെന്ന ബോധം ആഴത്തിൽ പതിയാൻ അകിര കുറൊസാവയുടെ ‘റാഷമോണി’ന്റെ കാഴ്ച സഹായിച്ചിട്ടുണ്ട്. റാഷമോൺ ഇഫക്റ്റ് എന്നൊരു പേരു പോലുമുണ്ടായി. ഒരു കൊലപാതകത്തിന്റെ കഥ നാലു പരസ്പരവിരുദ്ധമായ വിശദീകരണങ്ങളിലൂടെ മുന്നോട്ടുപോവുകയാണ്. നാലു പേരും കണ്ടുവെന്നു തന്നെയാണ് ആണയിടുന്നത്. കണ്ടുവെന്നു കരുതുന്ന കാര്യങ്ങൾക്കു മീതെ പോലും ഏകതയില്ലാതെ പോകുമ്പോൾ മനോവ്യാപാരങ്ങളേക്കുറിച്ചും ഓരോരോ ലക്ഷ്യങ്ങളേക്കുറിച്ചും തീർപ്പു കല്പിക്കുക എന്ന അയുക്തി തന്നെയാണ് തെറ്റിദ്ധാരണയുടെ മൂലക്കല്ല്. കുറേയൊക്കെ വിശദീകരിക്കാൻ ശ്രമിക്കാം. പരസ്പരം പാലം പണിയാൻ തയാറുള്ള പൊതുവായ ചങ്ങാതിമാരുടെ സഹായം തേടാം, സമീപനങ്ങളിൽ വ്യക്തത കൊടുക്കണമെന്ന് കാഴ്ചയുടെ തമ്പുരാനോട് പ്രാർത്ഥിക്കാം. എന്നിട്ടും കുരുക്കഴിക്കാതെ കാര്യങ്ങൾ അവശേഷിക്കുകയാണെങ്കിൽ ‘ഇതിലൂടെയും കടന്നുപോകേണ്ടിവരുന്നു’ എന്നൊരു നിർമമമന്ത്രം ചൊല്ലി കാത്തിരിക്കാം.

എല്ലാ ദുര്യോഗങ്ങൾക്കും ഒരു മഹാവൈദ്യനേയുള്ളു- കാലം. അയാൾക്ക് ഇടപെടാൻ നേരം കൊടുക്കുകയും വേണം. പത്തു വർഷത്തിനു ശേഷം, രണ്ടായിരത്തി ഇരുപതിലെ വസന്ത എന്ന ഒറ്റവാക്കിൽ ഈ കാലം ഓർമിക്കപ്പെടും; നാമനുഭവിക്കുന്ന ക്ലേശങ്ങളുടെ മേദസില്ലാതെ. കാത്തിരിക്കാനാവണം. Patience is not about how long you can wait, but on how you behave while waiting; എത്ര കാലം കാത്തിരിക്കുന്നു എന്നതല്ല, എത്ര കുലീനമായി അതു ചെയ്യുന്നു എന്നതാണ് പ്രധാനം.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment