ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല

‘ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല’; സ്‌ക്കൂട്ടര്‍ പണയംവെച്ച് മുണ്ട് ബിസ്‌നസ് തുടങ്ങി; കോവിഡ് കാലത്തെ അതിജീവന കഥ

പണിയുണ്ടായിരിക്കുകയെന്നത്, പണിചെയ്യുകയെന്നത് ആശ്വാസമാണ്, ധൈര്യമാണ്, കഴിവാണ്, പ്രതീക്ഷയാണ്. ശീലമാണ്.
പണി ചെയ്യാൻ പറ്റാത്ത അവസ്ഥ നരകമാണ്. എന്റെ അഭിപ്രായമാണ്.. തെറ്റാവാം.

കാശിന് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനും സ്വന്തം ഊർജ്ജം ഉപയോഗപ്പെടുത്താനും ജീവിച്ചിരിക്കാനുംവേണ്ടിയാണ് ഞാൻ പണിയെടുക്കുന്നത്. ലോക്ഡൗണിനു മുമ്പുവരെ ഒരു ട്രൈബൽ സ്കൂളിൽ താല്കാലിക അധ്യാപികയായിരുന്നു. ഇപ്പോ സ്കൂളുകൾ പ്രവർത്തിക്കുന്നില്ല. പക്ഷേ ആ ജോലി മാത്രമേ ചെയ്യൂ എന്ന വാശിയില്ല.
സ്കൂൾ പൂട്ടുന്ന കാര്യം ആലോചിച്ച് നാലുമാസം മുമ്പേ ടെൻഷനുണ്ടായിരുന്നു. 2 മാസത്തെ അടവിന്റെ സമയത്ത് എന്ത് പണിക്കു പോകും എന്നാലോചിച്ചിട്ട്. അങ്ങനെ SSA ക്ലാസുകൾ എടുക്കാം എന്ന് തീരുമാനമായി. പക്ഷേ ഒന്നും വേണ്ടി വന്നില്ല. കൊറോണയ്ക്ക് എന്നെക്കാളും വലിയ വാശി.

ജോലിയുള്ളതിന്റെ സമാധാനം ഒന്നു വേറെത്തന്നെയാണ്. അവനവന്റെ കാര്യത്തിലെങ്കിലും ധൈര്യമായി അഭിപ്രായം പറയാം. ജോലിയില്ലെങ്കിൽ വഴിയെ പോകുന്ന എല്ലാവരും നമ്മുടെ കാര്യത്തിൽ അഭിപ്രായം പറയും. വീട് അതൊക്കെ മുഖവിലക്കെടുക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ എങ്ങോട്ടും ഇറങ്ങിപ്പോകാനും കഴിയില്ല.

അരിഷ്ടിച്ച് ജീവിക്കാനുള്ള കാശുണ്ട്., വായിക്കാൻ പുസ്തകമുണ്ട്, കയറാൻ മരമുണ്ട്, കുളിക്കാൻ പുഴയുണ്ട്. എനിക്ക് അധികപ്രസംഗം നടത്താൻ അച്ഛമ്മയുണ്ട്. പഠിക്കാനൊരുപാടുണ്ട്. വേഗം ഒരു സ്ഥിരം ജോലി വാങ്ങേണ്ടതുണ്ട്. വെപ്പും തീനും കുടിക്കും കുളിയും തിരുമ്പലും കഴിഞ്ഞാൽ ഒരുപാട് നേരമുണ്ട്. പക്ഷേ ഒന്നും നടന്നില്ല. പണിക്കു പോകുമ്പോൾ പഠിച്ചിരുന്നത്രയും പഠിക്കാൻ കഴിഞ്ഞില്ല. രാവിലെ എന്തെങ്കിലും ലക്ഷ്യത്തോടെ വീട്ടിൽ നിന്നിറങ്ങി സ്കൂളിൽ ചെന്ന് കുട്ടികളോട് ശാസിച്ചും ചിരിച്ചും പിണങ്ങിയും സഹപ്രവർത്തകർക്കൊപ്പം ചായ കുടിച്ചും വൈകീട്ട് വീട്ടിലെത്താൻ വൈകുന്നതിന് അച്ഛമ്മ പറയുന്ന ഉപമകൾ കേട്ടും ജീവിച്ചിരുന്ന ദിവസങ്ങൾ എത്ര മനോഹരം. എവിടേക്കും പോകാനും കഴിയില്ല. ചെയ്യാനും ഒന്നുമില്ല.
വീട് എന്നെ സംബന്ധിച്ചിടത്തോളം ഒരു ടാസ്കാണ്.18 വർഷത്തിനു ശേഷമാണ് 10 മാസം സ്ഥിരമായി വീട്ടിൽ താമസിക്കുന്നത്. ജോലിയില്ലാത്തപ്പോഴുള്ള വീട് ഒരു കോടതി മുറിയാണ്.
പോരാത്തതിന് ‘പാലിൻവെള്ളത്തിൽ കിട്ടിയ പണി’കളുടെ അനന്തരഫലങ്ങൾ.. എന്നോളം പ്രതിരോധശേഷിയില്ലാത്ത എന്റെ പ്രേമം വൈറസ് ബാധിച്ച് മരിച്ചു. എന്തിനേയും വളരെ ക്രിയേറ്റീവായി ഞാൻ മറികടക്കും. പക്ഷേ പണിയുണ്ടായിരുന്നെങ്കിൽ അത് മറ്റൊരു തരത്തിലായേനെ.
ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത ഒരു ലഹരി പോലെയാണെനിക്കു തോന്നിയത്.ഒരു പാട് ചിന്തിച്ച് അവസാനം വേണ്ടാന്നു വെച്ചു. പണിയില്ലായ്മ പണിയെടുക്കാനവസരമില്ലായ്മ മരിക്കാനുള്ള കാരണമായേക്കുന്നതിൽ അത്ഭുതമില്ല.
കൈയിലെ കാശ് തീർന്ന് പാപ്പരായപ്പോൾ പുറത്തിറങ്ങാതെ തരമില്ലല്ലോ.

അടുത്തകാലത്തായി പരിചയപ്പെട്ട ജിത്തു വിനോടൊപ്പം അച്ചാർ, പച്ചക്കറി, പഴങ്ങൾ, ഉണക്കമീൻ എന്നിവ വിൽക്കാൻ പോയി. എന്റൊപ്പം സ്കൂളിൽ ജോലി ചെയ്ത മാഷാണ്. ഊരുകളിൽ കയറിയിറങ്ങി ഞങ്ങൾ ഓരോ സാധനങ്ങളും വിറ്റു. ലാഭം കിട്ടി. പ്രതീക്ഷയും. അവിടെ തുടങ്ങിയതാണ് പുതിയ അധ്വാനം. വഴി കണ്ടാൽ പിന്നെ മടിച്ച് നിക്കരുത്. ഓടണം.
സ്വന്തമായി കാശുണ്ടാക്കി വാങ്ങിയ സ്കൂട്ടർ ആരോടും ചോദിക്കാതെ പണയം വെച്ചു. കാശു കൊണ്ട് മുണ്ട് ബിസിനസ് തുടങ്ങി.. മൊതലാളിമാരാകാനല്ല., ജീവിച്ചിരിക്കാനാണ്. കഴിയുമെങ്കിൽ ജീവിപ്പിക്കാനാണ്. അതേയുള്ളു ലക്ഷ്യം.
ഇന്ന് വിശപ്പുണ്ട് ,ദാഹമുണ്ട്, ക്ഷീണമുണ്ട്, കിടന്നാൽ ഉറക്കമുണ്ട്.
താഴത്തെ കുറിപ്പെഴുതിയ ആളോട്.. പണിയില്ലായ്മ മരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കാരണം തന്നെയാണ്. പക്ഷേ നോക്കൂ.. ഓൺലൈൻ ഓർഡർ പിടിക്കാനും പാർസൽ പാക്ക് ചെയ്യാനും അയക്കാനും ഓട്ടോറിക്ഷയിൽ കൊണ്ടുപോയി വിൽക്കാനും എല്ലാം ഞങ്ങൾ രണ്ടു പേർ മാത്രേയുള്ളൂ….. മരിക്കണ്ടായിരുന്നു…

Leave a comment