പുലർവെട്ടം 387

{പുലർവെട്ടം 387}

ആകാശം സദാ ഒരു നിഗൂഢതയും അജ്ഞാതത്വവും നിലനിർത്തുന്നുണ്ട്. ശാസ്ത്രഗവേഷണങ്ങളിലെ യുക്തി കൊണ്ട് പരിഹരിക്കപ്പെടാനാവാത്ത കൗതുകങ്ങൾ. അതുകൊണ്ടാണ് ഇത്തരം പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട പദങ്ങൾ അലങ്കാരകല്പനകളായി പരിണമിച്ചത്. ആകസ്മികതകളുടെ ആവേഗമായാണ് ‘ഉൽക്ക’ ഉള്ളിൽ പതിച്ചത്. ഭ്രമണപഥത്തിൽ നിന്നുമാറി വളരെ വേഗത്തിൽ സഞ്ചരിച്ച് നോക്കിനിൽക്കുമ്പോൾ കത്തിത്തീർന്നുപോകുന്ന മനുഷ്യരേയും പ്രസ്ഥാനങ്ങളേയും സൂചിപ്പിക്കേണ്ടിവരുമ്പോൾ ഈ ശിലാശകലങ്ങൾ ഭാവനയിൽ തീവ്രതയോടെ തറച്ചുകയറുന്നു. പതനക്കാഴ്ചകളെ കൂടുതൽ വിഭ്രമിപ്പിക്കുന്ന വിധത്തിൽ അഗ്നിശോഭകളുണർത്തി, കണ്ണഞ്ചിപ്പിച്ച് തുറക്കുംമുൻപേ മാഞ്ഞുപോകുന്ന അസ്ഥിരവും അനിശ്ചിതവുമായ ജീവിതത്തിന്റെ താഴ്വാരങ്ങളിലാണ് ഉൽക്കകൾ പലപാടു വന്നുവീഴുന്നത്. മുഖ്യധാരയിൽ നിന്ന് വഴിമാറി സഞ്ചരിക്കാനും ക്ഷണത്തിൽ കടന്നുപോകാനും പരിശുദ്ധമായൊരു ഭസ്മക്കുറിയായി ഓർമയിൽ നിലനിൽക്കാനുമാണ് കൊള്ളിമീന്റെ ക്ഷണം.
ശാസ്ത്രനോവലിസ്റ്റുകളുടെ മുൻഗാമിയായി കരുതപ്പെടുന്ന ഫ്രഞ്ചുകാരൻ ഷൂൾസ് വേൺ മരണത്തിനു മൂന്നു വർഷം മുൻപെഴുതിയ നോവലിന്റെ പേര് – The Chase of the Golden Meteor – സുവർണ ഉൽക്കയെന്നാണ്. പ്രമേയം മറ്റൊന്നാണെങ്കിലും ആ വാക്കിന്റെ ചാരുത നമ്മളെ തൊടുന്നുണ്ട്. കത്തിത്തീരുക, എരിഞ്ഞടങ്ങുക തുടങ്ങിയ പദങ്ങൾ ഉൽക്കയുടെ പശ്ചാത്തലത്തിൽനിന്നാണ് ഭാഷയിലേക്കു വിരുന്നുവന്നത്.
എം. മുകുന്ദന്റെ എല്ലാ നോവലുകളുടേയും സാരാംശം ഉൽക്കയുടെ കഥയാണെന്ന് ഒറ്റ വാക്കിൽ സംഗ്രഹിച്ച ഒരു സാഹിത്യവിദ്യാർത്ഥി സ്നേഹിതനായി ഉണ്ടായിരുന്നു. അന്നയാൾ തിരുവല്ല മാർത്താമാ കോളജിലെ വിദ്യാർത്ഥിയായിരുന്നു. എൻ എസ് എസിന്റെ ദശദിനക്യാമ്പിലെ കൊച്ചുവർത്തമാനങ്ങൾക്കിടയിലായിരുന്നു അത്. ആദിത്യവർമ്മ കഴിഞ്ഞ ദിവസം കടന്നുപോയി . വലിയ പ്രതീക്ഷകളുണർത്തി, നോക്കിനിൽക്കുമ്പോൾ അണഞ്ഞുപോയ മനുഷ്യരുടെ കഥകളാണ് എം. മുകുന്ദന്റെ മിക്കവാറും കഥാപാത്രങ്ങൾ. ഉയരം കൂടുന്നതനുസരിച്ച് ആഘാതത്തിന്റെ ഊക്ക് എത്ര ശക്തമാണെന്നാണ് അവരെല്ലാവരും പറഞ്ഞുതരുന്നത്.
അമൃതാപ്രീതത്തിന്റെ ‘റവന്യൂ സ്റ്റാംപി’നു തുടർച്ചയായുള്ള ‘അക്ഷരങ്ങളുടെ നിഴലിൽ’ വായിക്കുമ്പോൾ ആ പദം ഉള്ളിൽ തടഞ്ഞു. അമ്മയും അനുജനും അച്ഛനും അവരുടെ ചെറിയ പ്രായത്തിൽത്തന്നെ മൺമറഞ്ഞു. തന്റേതെന്നു പറയുവാൻ ആരുമില്ലാത്ത ലോകത്ത് ഒറ്റയ്ക്കായിത്തീർന്ന ഒരുവളുടെ നെടുവീർപ്പാണ് അതിലെ ആദ്യത്തെ ശീർഷകം.
“എത്രയോ വഴിപാടുകൾ നേർന്നിട്ടാണ് അമ്മയ്ക്കെന്നെ കിട്ടിയത്! ഇത്ര പെട്ടെന്നു ഭൂമിയിൽ ഒറ്റയ്ക്കാക്കി പോകാനായിരുന്നെങ്കിൽ എന്തിനാണെന്നെ സ്വന്തമാക്കിയത്? അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഒരു തീജ്വാല കണക്കെ ഞാൻ പിറന്നുവീണപ്പോൾ ഏതോ നിഴൽ എന്നെ പുക പിടിച്ചൊരു കഷായം കുടിപ്പിച്ചിരിക്കണം.
ഏറെക്കാലം കഴിഞ്ഞ് ഉൽക്ക എന്ന വാക്കു കേട്ടപ്പോൾ എനിക്കുതോന്നി – സൂര്യന്റെ സമീപത്തുള്ള ഉൽക്കസമൂഹത്തിൽ നിന്ന് തീജ്വാല കണക്കെ പതിച്ചൊരാളാണ് ഞാൻ. തീ അണയുവോളം എനിക്കു ജീവിച്ചേ മതിയാവൂ.”
ഡോ. പി. കെ. രാധാമണിയുടെ പരിഭാഷയാണ്. പ്രസാധകർ മാതൃഭൂമി ബുക്സ്.

– ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment