🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 October 2
The Holy Guardian Angels
on Friday of week 26 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. ദാനി 3:58
കര്‍ത്താവിന്റെ സകല മാലാഖമാരേ,
കര്‍ത്താവിനെ വാഴ്ത്തുവിന്‍;
കീര്‍ത്തനങ്ങള്‍ ആലപിക്കുകയും
എല്ലാറ്റിനുമുപരിയായി എന്നേക്കും അവിടത്തെ
പാടിപ്പുകഴ്ത്തുകയും ചെയ്യുവിന്‍.
സമിതിപ്രാര്‍ത്ഥന
ദൈവമേ, അവര്‍ണനീയമായ പരിപാലനത്താല്‍,
അങ്ങേ വിശുദ്ധരായ മാലാഖമാരെ
ഞങ്ങളുടെ സംരക്ഷണത്തിനായി അയയ്ക്കാന്‍
അങ്ങ് തിരുവുള്ളമായല്ലോ.
അവരുടെ സംരക്ഷണത്താല്‍
നിരന്തരം സുരക്ഷിതരാകാനും
അവരുടെ സമൂഹത്തില്‍
നിത്യമായി ആനന്ദിക്കാനുമുള്ള അനുഗ്രഹം
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍ ചൊരിയണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോബ് 38:1,12-21,40:3-5
സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?
അക്കാലത്ത്, കര്‍ത്താവ് ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി. ജീവിതം തുടങ്ങിയതിനു ശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്‍പന കൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനം നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെ ഭൂമിയുടെ അതിര്‍ത്തികള്‍ പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടു കല്‍പിക്കുകയും ദുഷ്ടരെ അവരുടെ ഒളിസങ്കേതങ്ങളില്‍ നിന്നു കുടഞ്ഞുകളയുകയും ചെയ്തിട്ടുണ്ടോ? മുദ്രകൊണ്ട് കളിമണ്ണ് എന്നപോലെ അതിനു രൂപം തെളിയുകയും വര്‍ണശബളമായ വസ്ത്രം പോലെ അതു കാണപ്പെടുകയും ചെയ്യുന്നു. ദുഷ്ടര്‍ക്കു പ്രകാശം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പട്ടിരിക്കുന്നു. സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക. പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏത്? അന്ധകാരത്തിന്റെ പാര്‍പ്പിടം എവിടെ? അങ്ങനെ അതിനെ അതിന്റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ? നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്റെ ആയുസ്സ് അത്രയ്ക്കു ദീര്‍ഘമാണല്ലോ!
ജോബ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 139:1-3,7-8,9-10,13-14ab
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
കര്‍ത്താവേ, അവിടുന്ന് എന്നെ
പരിശോധിച്ചറിഞ്ഞിരിക്കുന്നു.
ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും
അവിടുന്ന് അറിയുന്നു;
എന്റെ വിചാരങ്ങള്‍ അവിടുന്ന്
അകലെനിന്നു മനസ്സിലാക്കുന്നു.
എന്റെ നടപ്പും കിടപ്പും അങ്ങു
പരിശോധിച്ചറിയുന്നു;
എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
അങ്ങയില്‍ നിന്നു ഞാന്‍ എവിടെപ്പോകും?
അങ്ങേ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും?
ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്;
ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ചു
സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നു വസിച്ചാല്‍
അവിടെയും അങ്ങേ കരം എന്നെ നയിക്കും;
അങ്ങേ വലത്തുകൈ എന്നെ പിടിച്ചുനടത്തും.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്;
എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു.
ഞാന്‍ അങ്ങയെ സ്തുതിക്കുന്നു;
എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.
കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.
മത്താ 18:1-5,10
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുന്നു.
അക്കാലത്ത്, ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു.
ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധരായ അങ്ങേ മാലാഖമാരുടെ വണക്കത്തിനായി
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാണിക്കകള്‍ അങ്ങ് സ്വീകരിക്കുകയും
അവരുടെ നിരന്തര സംരക്ഷണത്താല്‍,
ഇക്കാലയളവിലെ ആപത്തുകളില്‍ നിന്ന് ഞങ്ങള്‍ മോചിതരായി
നിത്യജീവനിലേക്ക് സന്തോഷത്തോടെ എത്തിച്ചേരാന്‍
കാരുണ്യപൂര്‍വം അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 138:1
എന്റെ ദൈവമേ, മാലാഖമാരുടെ സന്നിധിയില്‍
ഞാനങ്ങയെ പാടിപ്പുകഴ്ത്തും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഇത്രയേറെ വലിയ കൂദാശയാല്‍
നിത്യജീവനു വേണ്ടി പരിപോഷിതരാകാന്‍
അങ്ങ് തിരുവുള്ളമായ ഇവരെ,
മാലാഖമാരുടെ ശുശ്രൂഷയാല്‍,
രക്ഷയുടെയും സമാധാനത്തിന്റെയും മാര്‍ഗത്തിലൂടെ
അങ്ങു നയിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵