കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ

Advertisements

കണ്ണടയ്ക്കാത്ത കാവൽ മാലാഖമാർ: വസ്തുതകളും സംശയങ്ങളും

എ. ജെ. ജോസഫ് രചനയും സംഗീതവും നിർവ്വഹിച്ച്, മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം.

കത്തോലിക്കാ സഭ ഒക്ടോബർ 2 കാവൽ മാലാഖമാരുടെ തിരുനാൾ ആഘോഷിക്കുന്നു. 1670 ൽ ക്ലമന്റ് പത്താമൻ പാപ്പയാണ് നമ്മളെ അനുദിനം സംരക്ഷിക്കുന്ന കാവൽ മാലാഖമാർക്കു വേണ്ടി ഒരു തിരുനാൾ ആഗോള കത്തോലിക്കാസഭയിൽ ആരംഭിച്ചത്.

ഈ ദിനം നമ്മുടെ സ്വന്തം കാവൽ മാലാഖമാർക്കാണ് പ്രത്യേക പ്രാധാന്യം നൽകുന്നത്. കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും, നഗരങ്ങൾക്കും, രൂപതകൾക്കും, ഇടവകകൾക്കും സ്വന്തം കാവൽമാലാഖമാർ ഉണ്ട്.ദൈവത്തിന്റെ ആകർഷണീയമായ വലിയ രഹസ്യങ്ങളാൽ ആവൃതമായ ഒരു സൃഷ്ടി ആണ് മാലാഖമാർ .

നന്മുടെ അറിവു പോലും ഇല്ലാതെ നമ്മളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ കാവൽമാലാഖമാരോട് നാം വളരെയധികം കടപ്പെട്ടിരിക്കുന്നു. അവർ ശാന്തമായി നമ്മുടെ കാര്യങ്ങളിൽ ഇടപെടുന്നു, അവരുടെ ജോലി എളിയരിതീയിൽ പൂർത്തീകരിക്കുന്നു.

1) ലോകത്തിലുള്ള എല്ലാ വ്യക്തികൾക്കും കാവൽ മാലാഖമാരുണ്ട്.

ദൈവശാസ്ത്രജ്ഞന്മാർ വിശ്വസിക്കുകയും യുവജന മതബോധന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന യാഥാർത്ഥ്യമാണിത്. “ഓരോ വ്യക്തിയും ദൈവത്തിൽ നിന്ന് ഒരു കാവൽ മാലാഖയെ സ്വീകരിക്കുന്നു.” (55). ഇത് വിശുദ്ധ ഗ്രന്ഥമായും, വിശുദ്ധരായ സഭാപിതാക്കന്മാരായ ബേസിൽ, ജറോം തോമസ് അക്വീനാസ് എന്നിവരുടെ പഠനങ്ങളുമായി ചേർന്നു പോകുന്നവയുമാണ്. കാവൽമാലാഖ രക്ഷിച്ച അനുഭവങ്ങൾ അക്രൈസ്തവർ പോലും പങ്കുവയ്ക്കാറുണ്ട്.

മൈക്ക് അക്വിലീന (Mike Aquilina) തന്റെ പുസ്തകമായ ദൈവത്തിന്റെ മാലാഖമാരിൽ (Angels of God ) അവന്റെ സുഹൃത്തിന്റെ അനുഭവം പങ്കുവയ്ക്കുന്നു.

“എന്റെ ഒരു സുഹൃത്ത് പ്രസിദ്ധനായ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പരിശീലനം നേടിയ തത്വചിന്തകൻ, അവൻ അവിശ്വസിയായ യുവാവായിരുന്നു. ഒരു ദിവസം അവൻ കടലിൽ നീന്തുമായിരിന്നു. പൊടുന്നനെ വന്ന ഒരു അടിയൊഴുക്ക് അവനെ കൊണ്ടുപോയി. സഹായിക്കാൻ ആരുമില്ലാതിരുന്ന അവൻ മരണത്തിന്റെ വക്കിലെത്തി. പെട്ടന്ന് വലിയ ഒരു കരം അവനെ പൊക്കിയെടുത്ത് തീരത്തേക്ക് എറിഞ്ഞു. അവന്റെ രക്ഷകൻ ഉറച്ച പേശിബലുള്ള ശക്തനായിരുന്നു. വിറച്ചുകൊണ്ട് എന്റെ കൂട്ടുകാരൻ അവനു നന്ദി പറയാൻ ശ്രമിച്ചപ്പോൾ, അവനെ നോക്കി ചിരിച്ചുകൊണ്ട് രക്ഷകൻ അദൃശ്യനായി. ഈ സംഭവം എന്റെ സുഹൃത്തിന്റെ മാനസാന്തരത്തിനു നിർണ്ണായ ഘടകമായി. “

2) കാവൽ മാലാഖമാരെ ഓരോ ജീവന്റെയും ആരംഭത്തിൽ ദൈവം നിയോഗിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിവരിക്കുന്നതു പോലെ, ” ജീവിതത്തിന്റെ ആരംഭം മുതൽ മരണം വരെ മനഷ്യ ജീവിതം കാവൽ മാലാഖമാരുടെ മധ്യസ്ഥത്താലും, ശ്രദ്ധാപൂർവ്വമായ സംരക്ഷണയാലും ചുറ്റപ്പെട്ടതാണ് ” (CCC 336). അണ്ഡവും ബീജവും അമ്മയുടെ ഗർഭപാത്രത്തിൽ ഒന്നിക്കുന്ന സമയം മുതൽ നമ്മുടെ കാവൽക്കാരായി മാലാഖമാരെ ദൈവം നിയോഗിക്കുന്നു. ഗർഭണികളായ സ്ത്രീകൾക്ക് രണ്ട് കാവൽ മാലാഖമാർ സംരക്ഷിക്കാനുണ്ട് എന്നത് ഒരു പൊതു വിശ്വസമാണ്.

3) കാവൽ മാലാഖമാർക്ക് പേരില്ല.

വിശുദ്ധഗ്രന്ഥത്തിൽ പേരുകളുള്ള ഗബ്രിയേൽ, മിഖായേൽ റഫായേൽ എന്നിവർക്ക് ഒഴികെ, മാലാഖമാർക്ക് പേരുകൾ നൽകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം എന്നതാണ് കത്തോലിക്കാ സഭയുടെ നിർദേശം. (Congregation of Divine Worship and the Sacraments, The Directory of Popular Piety, n. 217, 2001). നാമം എപ്പോഴും ഒരു പരിധി വരെ മറ്റു വ്യക്തികളുടെ മേൽ ഒരു അധികാരം ഉൾക്കൊള്ളുന്നതാണ്. ഉദാഹരണത്തിന് എനിക്ക് നിന്റെ പേരറിയാം, എനിക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞാൻ പേരെടുത്തു നിന്നെ വിളിച്ചാൽ, അതിൽ അധികാരത്തിന്റെ ഒരു അംശം ഒളിഞ്ഞു കിടപ്പുണ്ട്. നമുക്ക് നമ്മുടെ കാവൽ മാലാഖമാരുടെ മേൽ യാതൊരു അധികാരവുമില്ല. അവരുടെമേൽ അധികാരമുള്ള ഒരേ ഒരു കമാൻഡർ ദൈവം മാത്രമാണ്. നമുക്ക് അവരുടെ സഹായവും, തുണയും അപേക്ഷിക്കാം, പക്ഷേ ഒരിക്കലും അവർ നമ്മുടെ ആജ്ഞാനുവർത്തികളല്ല. അതിനാൽ കാവൽമാലാഖമാർക്ക് പേരിടുന്നത് സഭ നിരുത്സാഹപ്പെടുത്തുന്നു.

4) മരണശേഷം നമ്മൾ കാവൽമാലാഖമാർ ആകുന്നില്ല.

മരണശേഷം നമ്മൾ എല്ലാവരും മാലാഖമാരായി രൂപാന്തരപ്പെടും എന്ന ഒരു ബഹുജന വിശ്വാസമുണ്ട്. എന്നാൽ നമ്മൾ മരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്ന് നാം കുറച്ചു കാലത്തേക്ക് വേർപിരിയും, അവസാന കാലത്ത് വീണ്ടും ഒന്നിക്കാനായി. ഈ കാത്തിരിപ്പു കാലത്ത് നാം മാലാഖമാർ ആകുന്നില്ല. എല്ലാ കാവൽമാലാഖമാരും സൃഷ്ടിയുടെ ആരംഭത്തിലെ ഒരു നിമിഷത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്.

“മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.ജനിക്കുന്നതിനു മുമ്പുതന്നെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.??’ ” (ജെറമിയാ 1:5). എന്ന ജെറമിയാ? പ്രവാചകന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോൾ നമുക്ക് വേണ്ടി ഒരു കാവൽ മാലാഖയെ അവൻ മനസ്സിൽ കണ്ടിരുന്നു.

5) കാവൽ മാലാഖമാർ നമ്മളെ സഹായിക്കാനുള്ളവർ.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം കാവൽ മാലാഖമാരെ നമ്മളെ സംരക്ഷിക്കുകയും നിത്യജീവിതത്തിലേക്ക് നയിക്കുകയും ചെയുന്ന ഇടയന്മാരായാണ് ചിത്രീകരിക്കുന്നത്. നമ്മളെ സ്വർഗ്ഗത്തിലെത്തിക്കുക എന്നതാണ് അവരുടെ പ്രഥമ ലക്ഷ്യം. അനുദിനം അവരുടെ സഹായത്തിനു വേണ്ടി പ്രാർത്ഥിക്കാൻ സഭ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.

പ്രായഭേതമന്യേ പ്രാർത്ഥിക്കാനായി സഭ നമുക്ക് ഒരു പ്രാർത്ഥന തന്നിരിക്കുന്നു:

ദൈവത്തിന്റെ മാലാഖേ, ദൈവസ്നേഹം ഈ ലോകത്തിൽ എന്നെ ഭരമേല്‌പിച്ചിരിക്കുന്ന എന്റെ സംരക്ഷകാ, എന്നെ പ്രകാശിപ്പിക്കാനും സംരക്ഷിക്കാനും, നയിക്കാനും ഭരിക്കാനും എല്ലാ ദിവസവും എന്റെ കൂട്ടിനുണ്ടാവണമേ.

സംശയങ്ങൾ

1) എപ്പോഴാണ് ദൈവം കാവൽ മാലാഖയെ ഒരു ആത്മാവിനു കൂട്ടായി നിയോഗിക്കുന്നത്?

ഇതിനെ സംബന്ധിച്ച് സഭയുടെ ഓദ്യോഗികമായ പഠനങ്ങളൊന്നും നിലവിലില്ലങ്കിലും, പക്ഷേ പല ദൈവശാസ്ത്രജ്ഞരും ഇതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. ഒരു ആത്മാവ് ശരീരവുമായി ഒന്നിക്കുമ്പോൾ ദൈവം ഒരു മാലാഖയെ ചുമതലപ്പെടുത്തുന്നു എന്ന് വി.ആൻസലം പഠിപ്പിക്കുന്നു. “ഓരോ വിശ്വാസിയുടെയും അരികിൽ അവന്റെ സംരക്ഷകനും അവനെ ജീവനിലേക്ക് നയിക്കുന്ന ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നുണ്ട്”. മഹാനായ വി. ബേസിൽ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽനിന്നും ജീവന്റെ ആരംഭത്തിൽത്തന്നെ കാവൽ മാലാഖയെ ചുമതലപ്പെടുത്തുന്നു എന്നു നമുക്കു മനസ്സിലാക്കാം.

2) എല്ലാവർക്കും കാവൽ മാലാഖമാരുണ്ടോ? അക്രൈസ്തവർക്കും.

എല്ലാവർക്കും കാവൽ മാലാഖമാരുണ്ടെന്നും വി. ജറോമും വി.ജോൺ ക്രിസോസ്തോമും പഠിപ്പിക്കുന്നു,നൂറ്റാണ്ടുകളായി ഇവരുടെ പഠനത്തെ എല്ലാ ദൈവശാസ്ത്രജ്ഞന്മാരും പിൻതുടർന്നു പോന്നു. അക്രൈസ്തവരായ പലരും ആപത്തിൽ നിന്നും മാലാഖമാരുടെ കരങ്ങളാൽ രക്ഷപ്പെട്ടു എന്ന് ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്നു.

3) കാവൽ മാലാഖമാർക്ക് നമ്മുടെ രഹസ്യ ചിന്തകൾ അറിയാൻ സാധിക്കുമോ?

ഉത്തരം വളരെ ലളിതം അറിവില്ല. നമ്മുടെ ചിന്തകളിലേക്ക് ഒരു പ്രവേശനം അവർക്ക് സാധ്യമല്ല. എന്നിരുന്നാലും നമ്മൾ സ്വർഗ്ഗത്തിലെ വിശുദ്ധന്മാരോടൊ, ഭൂമിയിലെ സുഹൃത്തുക്കളോടൊ സംസാരിക്കുന്നതുപോലെ, നമ്മുടെ രഹസ്യങ്ങളും ചിന്തകളും നമുക്ക് അവരുമായി പങ്കു വയ്ക്കാൻ സാധിക്കുംമെന്ന് പീറ്റർ ക്രീഫ്റ്റ് എഴുതിയ മാലാഖമാരും പിശാചുക്കളും

(Peter Kreeft, Angels and Demons) എന്ന പുസ്തകത്തിൽ പറയുന്നു. കാവൽ മാലാഖമാർക്ക് നമ്മളെക്കാൾ വളരെ ബുദ്ധികൂർമ്മതയുള്ള മനസ്സും, കാര്യങ്ങൾ അവലോകനം ചെയ്യാനുള്ള കഴിവും ഉണ്ട്.

നമ്മുടെ സമ്മതമില്ലാതെ നമ്മുടെ ചിന്തകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ലങ്കിലും, അവർ നമ്മളെ നിരീക്ഷിക്കുകയും, കൂടെ ആയിരുന്നു കൊണ്ട് നമ്മുടെ ചിന്തകൾ ഗ്രഹിക്കാനുള്ള അതിമാനുഷിക കഴിവ് അവർക്കുണ്ട്. എന്നിരുന്നാലും നമ്മുടെ കാവൽ മാലാഖയെ എന്തെങ്കിലും അറിയിക്കണമെങ്കിൽ പ്രാർത്ഥനയിലൂടെ നാം അത് വെളിപ്പെടുത്തണം.

4) കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയാമോ?

ഈ ചോദ്യം ഇതിനു മുമ്പ് പ്രതിപാദിച്ച ചോദ്യമായി ബന്ധമുള്ളതാണ്.

ഈ ചോദ്യത്തിനുള്ള ഉത്തരവും കാവൽ മാലാഖമാർക്ക് നമ്മുടെ ഭാവി അറിയില്ല എന്നതാണ്. ദൈവം വെളിപ്പെടുത്തി കൊടുക്കാത്തിടത്തോളം കാലം, ഭാവി അവർക്ക് അപ്രാപ്യമാണ്. ദൈവത്തിനു മാത്രമേ നമ്മുടെ ഭാവി അറിയു, കാരണം അവൻ സമയത്തിനും കാലത്തിനും അതീതനാണ്. ഒരു ക്ഷണം കൊണ്ട് എല്ലാ സമയങ്ങളും ദൈവം കാണുന്നു.

അതുപോലെ തന്നെ സാത്താനും ഭാവി അറിയാൻ കഴിവില്ല. മലാഖമാരെ പോലെ ഭാവി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രവചനങ്ങൾ നടത്താൻ അവർക്ക് സാധിക്കും,(അധപതിച്ച മാലാഖമാരാണല്ലോ സാത്താൻ) അതൊരിക്കും മറഞ്ഞിരിക്കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല.

കാര്യങ്ങൾ അവലോകനം ചെയ്യാനും അതുവഴി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കാനും സാധിച്ചേക്കും. അതുകൊണ്ടാണ് കൈനോട്ടക്കാരന്റെ അടുത്തു ചെല്ലുമ്പോൾ അയാൾ ഭാവി പ്രവചിക്കുന്നത് അത് മറഞ്ഞിരിക്കുന്ന അറിവ് വെളിപ്പെടുന്നതുകൊണ്ടല്ല, മറിച്ച് അവരുടെ പിന്നിലുള്ള സാത്താനികശക്തിയാൽ പൊതുവായ ചില നിരീക്ഷണങ്ങൾ നടത്തുവാനും പ്രവചിക്കാനും സാധിക്കുന്നതുകൊണ്ടാണ്.

5) “കാവൽ മാലാഖയ്ക്ക് എങ്ങനെ നമ്മളെ സ്വാധീനിക്കാൻ കഴിയും?”

കാവൽ മാലാഖമാർക്ക് നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന വഴികളെപ്പറ്റി പീറ്റർ ക്രീഫ്റ്റ് ചുരുക്കി പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്: ചിന്തയുടെ ഒരു വിഷയമെന്ന നിലയിൽ, കാവൽ മാലാഖമാർക്ക് നമ്മളെ ആകർഷിക്കാനും, നമ്മുടെ ജിജ്ഞാസയും , ആശ്ചര്യവും ഉത്തേജിപ്പിക്കാൻ കഴിയും. ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകർ എന്ന നിലയിൽ ദൈവത്തിന്റെ സന്ദേശങ്ങളും സത് വാർത്തകളും അവർ നമ്മളെ അറിയിക്കും. ഉദാഹരണങ്ങൾക്ക് സഖറിയായിക്കുണ്ടായ ദർശനം, പരി. കന്യാകാമറിയത്തിനു ലഭിച്ച മംഗളവാർത്ത, ആട്ടിടയന്മാർക്ക് ലഭിച്ച സന്ദേശം (ലൂക്കാ 1: 11-19, 26-38, 2:8-14) തുടങ്ങിയവ. തിന്മയുടെ അരൂപികൾ നമ്മളെ പ്രലോഭിക്കുമ്പോൾ അവർക്കെതിരെ യുദ്ധം ചെയ്യാനും, അത്ഭുതകരമായി ശാരീരിക ഉപദ്രവങ്ങളിൽ നിന്നു സംരക്ഷിക്കുവാനും കാവൽ മാലാഖമാർക്ക് കഴിയുന്നു.”നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്നു തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ വഹിച്ചുകൊള്ളും.” ( സങ്കീ: 91: 11-12). അപൂർവ്വമായി മലാഖമാർക്ക് നമ്മുടെ ഭാവനയും വിചാരങ്ങളും സ്വാധീനിക്കാൻ കഴിയും .

ചുരുക്കത്തിൽ, നമ്മുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും, നമ്മെ നയിക്കുകയും, സംരക്ഷിക്കുകയും, ആവശ്യനേരത്ത് തിരുത്തുകയും ചെയ്യുന്ന ഒരു നല്ല ഇടയന്റെ ചിത്രമാണ് കാവൽ മാലാഖമാർ തരുന്നത്. ബനഡിക്ട് പതിനാറാമൻ പാപ്പാ മാലാഖയെക്കുറിച്ച് ഇപ്രകാരം എഴുതി:” ദൈവം എന്നിലേക്കു തിരിയുന്ന വ്യക്തിപരമായ ചിന്തയാണ് മാലാഖ”. നല്ല ചിന്തകളും ഭാവനകളും നൽകി നമ്മുടെ പ്രവർത്തികളെ സ്വാധീനിക്കുമെങ്കിലും, ഒരിക്കലും സ്വതന്ത്രമായ നമ്മുടെ ഇച്ഛാശക്തിയെ മറികടന്ന് ഒരു കാര്യത്തിനും നമ്മളെ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ഇല്ല. കാവൽ മാലാഖമാർക്ക് നമ്മളെ സഹായിക്കാം, അതിനായി അവരെ നമ്മൾ അനുവദിക്കണം. തുടർച്ചയായി അവരുടെ നിർദ്ദേശങ്ങളും, പ്രചോദനങ്ങളും അവഗണിച്ചാൽ പാപകരമായ സാഹചര്യങ്ങളിൽ നിന്നു കാവൽ മാലാഖമാർക്ക് നമ്മളെ രക്ഷിക്കാൻ കഴിയുകയില്ല. അതിനാൽ കാവൽ മാലാഖമാരുടെ കാവലിനായി നമുക്കും തുറവിയുള്ളവരാകാം.

ഫാ. ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment