” ഹെലോ ജോസച്ചനല്ലേ “

“അതേലോ ആരാണ് ഇത്”.

“അച്ഛാ ഞാൻ വടക്കെതിലെ മരിച്ചുപോയ ജംയിസിന്റെ മോളാണ് പ്രിയ.”

” ഒകെ ആ പ്രിയമോൾ, അറിയാം നിന്റെ നഴ്സിങ് പഠനം ഒക്കെ കഴിഞ്ഞോ”?

“അച്ഛാ ഇവിടെ അതല്ല വിഷയം. ഞാൻ ആത്മഹത്യ ചെയ്യാൻ പൊവ്വ. “

” ഓഹോ അങ്ങിനെ ആണോ. ശരി പക്ഷെ എന്തിനാണേന്നു ഒന്നു പറയാമോ.”

” ജീവിതം മൊത്തം പരാജയം ആണച്ചാ. ആർക്കും എന്നെ വേണ്ട.”

“ഓ അതാണോ കാര്യം. മോളേ ഇപ്പോഴാ ഒരു കാര്യം ഓർത്തത്.കഴിഞ്ഞ അവധിക്കു നീ പ്രാർത്ഥന കൂട്ടായ്മയിൽ പാടിയ പാട്ടു കൊള്ളാമായിരുന്നു കേട്ടൊ. പാട്ടിനു നിനക്കു ഒത്തിരി സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ടല്ലേ. “

” അച്ഛാ അതുകൊണ്ടൊന്നും കാര്യമില്ല.എന്റെ ജീവിതം തീർന്നു. എന്നെ ആർക്കും വേണ്ട.”

” പെട്ടെന്ന് ഇങ്ങനെ ചിന്തിക്കാൻ എന്താ കാരണം. ശരിക്കും മോളുടെ പ്രശ്നം എന്താ.”

“അച്ഛാ ഹരി എന്നെ ഉപേക്ഷിച്ചു പോയി. രണ്ടുവർഷം സ്നേഹിച്ചത് ആണ്. ഇപ്പോൾ അവനു എന്നെ വേണ്ട.ഈ പേരും പറഞ്ഞു ഞാൻ വീട്ടുകാരെ പോലും പിണക്കി. എന്നിട്ട് ഇപ്പോൾ അവനു ഞാൻ വേണ്ടാത്തവളായി. എനിക് ഇനി ജീവിക്കണം എന്നില്ല. ജീവിതത്തോട് തന്നെ വെറുപ്പ് ആണിപ്പോൾ. എങ്ങിനെ എങ്കിലും ഒക്കെ ചത്താൽ മതി. ആകെ ഒരു മടുപ്പ് ആണച്ചാ എനിക് അവനെ കുറിച്ചു ഓർക്കേണ്ട എന്നൊക്കെ ഉണ്ട്. പക്ഷെ സാധിക്കുന്നില്ല. ഒന്നുമില്ലേലും കുറെ നാളെങ്കിലും സ്നേഹിച്ചത് അല്ലെ അച്ഛാ.”

” മോൾക് ഇപ്പോൾ 20 വയസ്സായി അല്ലെ. ഈ ഇരുപത് വർഷത്തിനുള്ളിൽ 18 വർഷം നിന്റെ കൂടെ ഉണ്ടായിരുന്ന അമ്മയെക്കാൾ 2 വർഷം മാത്രം പരിചയം ഉള്ള ഹരി പ്രധാനപെട്ടതായി മാറി എന്നുള്ളത്തിൽ വലിയ അതിശയോക്തി ഒന്നും എനിക്കില്ല. കാരണം പ്രേമം അങ്ങിനെ ആണ്. പക്ഷെ ഒരു കാര്യം അവനു വേണ്ടി നീ അമ്മയെ തള്ളി പറഞ്ഞാലും ഇപ്പോഴും അമ്മക്ക് നീ പ്രിയപെട്ടവൾ തന്നെയാണ്. അതാണ് രക്തബന്ധം. അവനു നിന്നെ മടുത്തിട്ടു ഇട്ടേച്ചു പോകാം പക്ഷെ അമ്മക്ക് അതിനു കഴിയില്ല. അതാണ് അമ്മ മനസ്സ്.

“മോളേ ഈ രണ്ടുവര്ഷത്തിന് മുൻപ് വരെ മോളുടെ ജീവിതം എന്തായിരുന്നു എന്നു മോൾക് നല്ലോണം അറിയാം അല്ലെ. എല്ലാ മേഖലയിലും മോള് മിടുക്കി ആയിരുന്നു. പക്ഷേ ഈ ബന്ധം തുടങ്ങിയതിനു ശേഷം മോളുടെ സ്വഭാവം തന്നെ മാറി. ഫോണിൽ മാത്രമായി മോളുടെ ജീവിതം ഒതുങ്ങി.

ഒരു കാര്യം ഓർമ്മയിൽ വയ്ക്കൂ…

നമ്മളെ സ്നേഹിക്കുന്നവർ നമ്മളെ വളർത്താനെ നോക്കൂ. അല്ലാത്തവർ നമ്മളെ അവരിലേക്ക് മാത്രമായി ചുരുക്കും.

നമ്മളുടെ ലോകത്തെ ഒരാളിലേക് മാത്രം ഒതുക്കുന്നവർ ആണോ അതോ നമുക്കു ബന്ധത്തിന്റെ, സൗഹൃദത്തിന്റെ വലിയ ലോകം തുറക്കുന്നവരോ, ആരാണ് യഥാർത്ഥത്തിൽ നമ്മളെ സ്നേഹിക്കുന്നവർ?.

മോള് തന്നെ ആലോചിച്ചു നോക്കൂ. പ്രായപൂർത്തി ആയവൾ ആണ് മോളെന്നും നിന്റെ ജീവിതം എങ്ങിനെയാണ് പോവേണ്ടതെന്നു നിശ്ചയിക്കാൻ മോൾക് മാത്രമേ അവകാശമുള്ളൂ. ഞാൻ അതിലേക് ഒന്നും കടക്കുന്നില്ല. പക്ഷെ മോളുടെ സ്വന്തം എന്നു, മോള് തന്നെ കണ്ടെത്തിയ ജീവിതം, ഇങ്ങനെ വഴിമുട്ടി നിൽക്കുമ്പോൾ, ജീവിതം തന്നെ അവസാനിപ്പിക്കാൻ ആയി ധൃതി പിടിക്കുമ്പോൾ പിൻവിളിയായിപോലും നിന്റെ അമ്മയുടെയും സൗഹൃദങ്ങളുടെയും സ്നേഹം വരുന്നില്ലേ.

നീ ആയിട്ട് വിട്ടുപേക്ഷിച്ചത് നിനക്കു തന്നെ നേടിയെടുക്കാവുന്നതെ ഉള്ളൂ. അതിപ്പോൾ ബന്ധങ്ങൾ ആയാലും നിന്റെ കഴിവുകൾ ആയാലും.

നീ ജീവിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. നിന്നെ വേണ്ട എന്നു പറഞ് നിന്നെ പുറംകാലിന് തട്ടിയേറിഞ്ഞവന് വേണ്ടി, തീർക്കാൻ ഉള്ളതാണോ നിന്റെ ജീവിതം എന്നു നീ തന്നെ ചിന്തിക്കുക. ഇങ്ങനെയുള്ള അവനെ ഒരു നിമിഷം പോലും ഓർക്കാതിരിക്കാൻ പറ്റില്ല എന്ന് നീ പറയുമ്പോഴും, ചെറുപ്രായത്തിൽ അപ്പൻ മരിച്ചിട്ടും അല്ലലറിയിക്കാതെ നിന്നെ വളർത്തിയ അമ്മയെകുറിച്ചു ഒരു നിമിഷം എങ്കിലും ഓർക്കുന്നതും നല്ലത്.

അച്ഛന് പറയാൻ ഇത്രേ ഉള്ളൂ. ഇനി മോള് എന്ത് വേണമെന്ന് തീരുമാനിച്ചോളുക. മോള് അമ്മയുമായി വഴക്കിട്ടു അവസാനം ഹോസ്റ്റലിലേക്ക് പോയ രാത്രി അമ്മ എന്നെ വിളിച്ചിരുന്നു. നിന്നെ ഓർത്തു ഒത്തിരി കരഞ്ഞിരുന്നു. അമ്മയോട് നീ പറഞ്ഞ ഓരോ വാക്കുകളും ആ മനസ്സിനെ വ്രണപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകാരുടെ മുൻപിൽ വച്‌ അമ്മയെ അപമാനിച്ചതും ഞാൻ അറിഞ്ഞിരുന്നു. അമ്മ എന്നെ വിളിച്ചത് നിന്റെ പരാതി പറയാൻ അല്ലായിരുന്നു. നിന്റെ നന്മക്കുവേണ്ടി പ്രാർത്ഥിക്കാൻ ആയിരുന്നു. അന്ന് അമ്മ പറഞ്ഞ ഒരു കാര്യം ഉണ്ട്.

‘എത്ര വഴക്കിട്ടാലും അപമാനിച്ചാലും അവൾ എന്റെ മോള് അല്ലാതാകില്ലല്ലോ. എന്നേലും അവൾ ഇതൊക്കെ മനസ്സിലാക്കി തിരിച്ചുവരും എന്നു.’

മോളേ അതാണ് അമ്മയുടെ സ്നേഹം. ഇനി ഏല്ലാം മോളുടെ ഇഷ്ടം.”

ഏകദേശം അഞ്ചു വർഷങ്ങൾ കടന്നു പോയി. ജോസച്ചൻ ജർമ്മനിയിൽ നിന്നും വരുന്ന തന്റെ സുഹൃത്തിനെ സ്വീകരിക്കാൻ കൊച്ചി എയര്പോര്ട്ടിൽ വന്നതാണ്. അപ്പോൾ കുറച്ചു ദൂരെ നിന്ന് ചിരിച്ചുകൊണ്ട് ഒരു പെണ്കുട്ടി ഓടി വരുന്നത് കാണുന്നത്. കൈയിൽ ഒരു കുഞ്ഞു കുട്ടിയും ഉണ്ട്.

” ജോസച്ചാ, എന്നെ ഓർക്കുന്നുണ്ടോ?. ഞാൻ പ്രിയ.”

” ഹ മോളോ….ഇതെന്താ ഇവിടെ? “

” ജർമ്മനിയിൽ നിന്നു ഹസ്ബന്റ് വരുന്നുണ്ട്.”

“അതു കൊള്ളാലോ.മോള് സുഖയിരിക്കുന്നോ? അമ്മക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.”

“സുഖം അച്ഛാ. അമ്മക്കും സുഖം ഞാൻ അബുദാബിയിൽ ആയിരുന്നു. അമ്മയും എന്റെ കൂടെ വന്നു.”

“നിനക്കു കഴിഞ്ഞ വർഷം ഏതോ റിയാലിറ്റി ഷോയിൽ പ്രൈസ് ഒക്കെ കിട്ടിയില്ലേ. ‘അമ്മ പറഞ്ഞിരുന്നു.”

” അതേ അച്ഛാ മ്യൂസിക് റിയാലിറ്റി ഷോയിൽ ബെസ്റ്റ് സിംഗർ ആയിരുന്നു.”

“അപ്പോൾ ജീവിതവും തിരിച്ചുകിട്ടി കൂടെ കഴിവുകളും അല്ലേ മോളേ.”
“അതേ അച്ഛാ. ഒത്തിരി നന്ദി. അച്ഛന്റെ വാക്കുകൾ ആണ് എനിക് ജീവിതം തിരിച്ചു തന്നത്.”
“എല്ലാം സ്തുതിയും ദൈവത്തിനു. നന്ദിയുണ്ടെങ്കിൽ അത് നിന്റെ അമ്മക്ക് കൊടുത്തേക്കൂ കേട്ടൊ.”

” അറിയാം അച്ഛാ അതല്ലേ അമ്മയെ ഞാൻ എന്റെ കൂടെ തന്നെ നിർത്തിയിരിക്കുന്നത്.”

“ഒക്കെ മോളേ ദൈവം അനുഗ്രഹിക്കട്ടെ.”തന്റെ അനുഗ്രഹവും വാങ്ങിച്ചു കുട്ടിയുമായി നടന്നകന്നുപോകുമ്പോൾ അച്ഛൻ ചിന്തിച്ചു.

ആ അമ്മയെ പോലെ ഉള്ളു നിറയെ സ്നേഹവും ക്ഷമിക്കാൻ മനസ്സുമുണ്ടെങ്കിൽ തീർച്ചയായും നഷ്പ്പെട്ടതെല്ലാം ദൈവം തിരിച്ചു തരും. അതിപ്പം അല്പം കണ്ണീർ ചിന്തിയിട്ട് ആണെങ്കിൽ പോലും.

✍️ചങ്ങാതീ❣️
26/10/20′

Fediverse reactions

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading