മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ

മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ
വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയർ
 
St. Rupert Mayer
 
നവംബർ മൂന്നാം തീയതി ജർമ്മനിയിലെ മ്യൂണിക് നഗരത്തിൻ്റെ അപ്പസ്തോലൻ വാഴ്ത്തപ്പെട്ട റൂപ്പെർട്ട് മയറിൻ്റെ ഓർമ്മ ദിനം.
2020 നവംബർ ഒന്നിനു മ്യൂണിക്ക് നിവാസികളുടെ പ്രിയപ്പെട്ട റൂപ്പർട്ടച്ചൻ വിടവാങ്ങിയിട്ടു എഴുപത്തഞ്ചു വർഷം തികഞ്ഞു.
ആ പുണ്യ സ്മരണയിൽ വാ. റൂപ്പെർട്ട് മയർ എന്ന ഈശോസഭാ വൈദീകനെക്കുറിച്ചായിരിക്കട്ടെ ഇന്നത്തെ കുറിപ്പ്.
 
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്കിടയിൽ മ്യൂണിക് നഗരത്തിലെ പാവപ്പെട്ടവർക്കു ശുശ്രൂഷ ചെയ്ത ഒരു പുണ്യ പുരോഹിതൻ്റെ ഓർമ്മ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്. ഹിറ്റ്ലറിൻ്റെയും നാസി ഭരണകൂടത്തിൻ്റെയും തിന്മകൾക്കെതിരെ മ്യൂണിക് നഗരത്തിൽ മുഴങ്ങിയ ധീര ശബ്ദമായിരുന്നു ഈ ഈശോ സഭാ വൈദീകൻ്റെത്. പ്രതിദിനം അയ്യായിരത്തിനും ആറായിരത്തിനും ഇടയിൽ വിശ്വാസികൾ മ്യൂണിക് നഗരത്തിലെ ബുഗർസാലിലുള്ള അദ്ദേഹത്തിൻ്റെ കബറിടം സന്ദർശിക്കുന്നു .
1876 ജനുവരി ഇരുപത്തിമൂന്നാം തീയതി സ്റ്റുട്ട്ഗാർട്ടിലെ ഒരു ബിസനസ് കുടുംബത്തിലാണ് മയർ ജനിച്ചത്. റൂപ്പർട്ടിനു ഒരു സഹോദരനും നാലു സഹോദരിമാരും ഉണ്ടായിരുന്നു. അനുഗ്രഹീതനായ വയലിനിസ്റ്റും കുതിര സവാരിക്കാരനുമായിരുന്ന റൂപ്പർട്ട് 1894 സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഈശോ സഭയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച റൂപ്പർട്ടിനോട് ആദ്യം രൂപതാ വൈദീകനാകായിരുന്നു പിതാവിൻ്റെ മറുപടി . വൈദീകനായ ശേഷവും ഈശോ സഭയിൽ ചേരാനാണ് താൽപര്യമെങ്കിൽ പിന്നീടു ചേരാമല്ലോ എന്നു പിതാവ് ഉപദേശിച്ചു. സ്വിറ്റ്ർലണ്ടിലെ ഫൈബുർഗിലും ജർമ്മനിയിലെ മ്യൂണിക്കിലുമായി തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയ റൂപ്പർട്ട് ദൈവശാസ്ത്രം പഠിച്ചത് ടൂബിങ്ങനിലാണ് 1899 മെയ് മാസം രണ്ടാം തീയതി വൈദികനായി അഭിഷിക്തനായ റൂപ്പർട്ട് തൻ്റെ ചിരകാല അഭിലാഷമായ ഈശോസഭയിൽ ചേരാൻ തീരുമാനിച്ചു. 1900 ഒക്ടോബർ ഒന്നിനു ഈശോസഭയുടെ നവ സന്യാസ ഭവനത്തിൽ പ്രവേശിച്ചു. 1906 മുതൽ 1911 വരെ ജർമ്മനി സ്വിറ്റ്ർലണ്ട് ഹോളണ്ട് എന്നി രാജ്യങ്ങളിലെ ഈശോ സഭയുടെ മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. 1912 മുതൽ ജർമ്മനിയിലെ മ്യൂണിക്കായിരുന്നു റൂപ്പർട്ടച്ചൻ്റെ പ്രവർത്തന മേഖല.
 
1914 ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ റൂപ്പർട്ടച്ചൻ മിലിട്ടറി ചാപ്ലയിനാകാൻ സ്വയം തീരുമാനിച്ചു. ആദ്യം സൈനീകാശുപത്രിയിലായിരുന്നു നിയമനമെങ്കിലും യുദ്ധ മുന്നണിയിലെ സൈനീകരോടൊപ്പമായിരിക്കാനാണ് റൂപ്പർട്ടച്ചൻ ആഗ്രഹിച്ചത്. തൽഫലമായി ഫ്രാൻസ്, പോളണ്ട് , റോമേനിയ എന്നീ രാജ്യങ്ങളിൽ സൈനീകർക്കൊപ്പം അവരുടെ ആത്മീയ പിതാവായി ജോലി ചെയ്തു.
 
കത്തോലിക്കർക്കു വേണ്ടിയുള്ള ചാപ്ലയിനായിരുന്നുവെങ്കിലും പ്രൊട്ടസ്റ്റൻ്റു സൈനീകരും ഉപദേശം തേടി അദ്ദേഹത്തിൻ്റെ സമീപം എത്തിയിരുന്നു. ഒരിക്കൽ യുദ്ധ മുന്നണിയിൽ തീവ്രമായി പരിക്കേറ്റ ഒരു സൈനീകനു സ്വജീവൻ വകവയ്ക്കാതെ കൂദാശകൾ പരികർമ്മം ചെയ്യുന്നതു കണ്ട മറ്റൊരു സൈനീകൻ റൂപ്പർട്ടച്ചനോട് രക്ഷപ്പെടാൻ പറഞ്ഞപ്പോൾ ” എൻ്റെ ജീവിതം ദൈവത്തിൻ്റെ കരങ്ങളിൽ ആണ് ” എന്നായിരുന്നു മറുപടി. സൈന്യത്തോടൊപ്പം യുദ്ധ മുന്നണിയിൽ നിൽക്കാൻ റൂപ്പർട്ടച്ചൻ കാണിച്ച ധൈര്യത്തിനു 1915 ഡിസംബറിൽ ഭരണകൂടം അയൺ ക്രോസ് (Iron Cross) ബഹുമതി നൽകി ആദരിച്ചു.
 
1916 ഡിസംബറിൽ യുദ്ധമുന്നണിയിൽ മുറിവേറ്റ ഒരു ഭടനെ ശുശ്രൂഷിക്കാൻ ഓടുന്നതിനിടയിൽ പതിച്ച ഒരു ഗ്രനേഡ് റൂപ്പർട്ടച്ചൻ്റെ കാലിൽ മാരകമായ മുറിവു തീർത്തു, തൽഫലമായി ഒരു കാൽ മുറിച്ചു കളയേണ്ടി വന്നു. മ്യൂണിക്കിൽ തിരിച്ചെത്തിയ റൂപ്പർട്ടച്ചൻ ഞൊണ്ടുന്ന അച്ചൻ (Limping Priest) എന്നാണ് അറിയപ്പെടിരുന്നത്. തനിക്കു സംഭവിച്ച ശാരീരിക സഹനങ്ങൾ റൂപ്പർട്ടച്ചനെ കൂടുതൽ ദയാലുവും മനസ്സലിവുമുള്ള വൈദീകനാക്കി.
 
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം റൂപ്പർട്ടച്ചൻ മ്യൂണിക്കിലെ പാവപ്പെട്ടവരെ സഹായിക്കാനായി തൻ്റെ ജീവിതം മാറ്റിവച്ചു, കാരിത്താസു പോലുള്ള ഉപവി സംഘടനകളിലൂടെ പ്രവർത്തിക്കാൻ തുടങ്ങി. ഉദാരതയുടെയും മഹാമനസ്കതയുടെയും മറുവാക്കായിരുന്ന റൂപ്പർട്ടച്ചനെ സമീപിച്ചവരാരും വെറും കൈയ്യോടെ മടങ്ങിയിട്ടില്ല. ഭൗതിക കാര്യങ്ങൾക്കു വേണ്ടി മാത്രമല്ല ആത്മീയ കാര്യങ്ങൾക്കുമായി ജനങ്ങൾ റൂപ്പർട്ടച്ചനെ സമീപിക്കുക പതിവായി. നിരവധി മണിക്കൂറുകളിൽ കുമ്പസാരക്കൂട്ടിൽ ചിലവഴിച്ചിരുന്ന ആ വൈദീകൻ അനേകരുടെ മനസ്സിനു സ്വസ്ഥത പകർന്നിരുന്നു.
 
പുരുഷൻമാർക്കു വേണ്ടിയുള്ള മരിയൻ സംഘടനയിൽ (Marianischen Männerkongregation – Men’s Congregation of Mary) ചേരാൻ അനേകരെ പ്രോത്സാഹിപ്പിച്ചിരുന്നു. 1921 ൽ മരിയൻ സംഘടനയുടെ പ്രസിഡൻ്റായി മ്യൂണിക്കിലെ ആർച്ചുബിഷപ് കർദിനാൾ മിഖായേൽ ഫോൺ ഫൗൾഹാബർ (Michael von Faulhaber )
റൂപ്പർട്ടച്ചനെ നിയമിച്ചു . അച്ചൻ്റെ കാലത്ത് അതിലെ അംഗങ്ങളുടെ എണ്ണം ഇരട്ടിയായി.
 
അജഗങ്ങൾക്കു വേണ്ടി സദാ സം ലഭ്യനായിരുന്ന അച്ചൻ്റെ അടുക്കൽ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ടവർ വന്നിരുന്നു. ഞായറാഴ്ചകളിൽ മൂണിക്കിലെ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി അതിരാവിലെ 3:10 നും 3:45 നും രണ്ടു വിശുദ്ധ കുർബാന റൂപ്പർട്ടച്ചൻ അർപ്പിച്ചിരുന്നു.
 
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം കമ്മ്യൂണിസം, നാസിസം തുടങ്ങി വെറുപ്പിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്ന എല്ലാ തത്വസംഹിതങ്ങളെയും റൂപ്പർട്ടച്ചൻ വെറുത്തിരുന്നു.
 
അഡോൾഫ് ഹിറ്റ്ലറിൻ്റെയും നാസി പാർട്ടിയുടെയും പ്രചരണ തന്ത്രങ്ങൾക്ക് എതിരെ ശബ്ദമുയർത്തിയ അച്ചനെ 1937 മെയ് മാസം മുതൽ പ്രസംഗിക്കുന്നതിൽ നിന്നു നാസി ഭരണകൂടം വിലക്കിയെങ്കിലും സഭയെയും അവളുടെ മൂല്യങ്ങളെയും ഉയിർത്തി പിടിക്കുന്നതിൽ നിന്നും അദ്ദേഹം ഒരിക്കലും പിൻവാങ്ങിയില്ല.
 
1937 ജൂൺ മാസത്തിൻ നാസി പട്ടാളം റൂപ്പർട്ട് അച്ചനെ അറസ്റ്റു ചെയ്യുകയും ആറു മാസത്തെ തടവിനു വിധിക്കുകയും പ്രസംഗിക്കുന്നതിൽ നിന്നു വിലക്കേർപ്പെടുത്തുകയും ചെയ്തു. തടവുശിക്ഷ റദ്ദാക്കിയെങ്കിലും സഭാധികാരികൾ പ്രസംഗിക്കുന്നതിൽ നിന്നു അദ്ദേഹത്തെ വിലക്കി. ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കാതിരിക്കുക ഫാ. റൂപ്പർട്ടിനെ സംബന്ധിച്ചടത്തോളം അതു വലിയൊരു വെല്ലുവിളിയും സഹനവുമായിരുന്നു. അധികം വൈകാതെ ഈശോ സഭാധികാരികൾ അച്ചന് പ്രസംഗിക്കാനുള്ള അനുവാദം തിരികെ നൽകി. നാസി ഭരണകൂടത്തിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിന് റൂപ്പർട്ടച്ചനെ വീണ്ടും അറസ്റ്റു ചെയ്യുകയും ലാൻസ്ബെർഗ് ജയിലിൽ അഞ്ചു മാസത്തേക്ക് അടക്കുകയും ചെയ്തു. പിന്നിടു പൊതുമാപ്പിനെ തുടർന്നു മയറച്ചൻ പുറത്തിറങ്ങി. വിമോചനത്തിനു ശേഷം മ്യൂണിക്കിൽ രഹസ്യമായി ചെറു ഗ്രൂപ്പിലായിരുന്നു അച്ചൻ്റെ പ്രവർത്തനം 1939 നവംബർ മാസത്തിൽ ഹിറ്റ്ലറിൻ്റെ രഹസ്യപ്പോലീസ് റൂപ്പർട്ട് മയറച്ചനെ അറസ്റ്റു ചെയ്യുകയും ഓറിയാനിയൻബുർഗ് സാക്സൻഹൗസിലെ തടങ്കൽ പാളയത്തിൽ ( Orianienburg-Sachsenhausen concentration camp) . ആക്കുകയും ചെയ്തു. തടങ്കൽ പാളയത്തിലെ ദുരിതവും പട്ടിണിയും അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു, തൽഫലമായി ശരീര ഭാരം വളരെയധികം നഷ്ടപ്പെട്ടു. ഒരിക്കൽ തൻ്റെ അമ്മയ്ക്ക് ഇപ്രകാരം കത്തെഴുതി. “ഞാൻ എല്ലാവരിൽനിന്നും എല്ലാത്തിൽ നിന്നും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ലോകത്തിൽ നടക്കുന്ന ഒന്നിനെക്കുറിച്ചും ഞാൻ ഇനി കേൾക്കുകയില്ല… പ്രാർത്ഥിക്കാനും എല്ലാം ബലിയായി അർപ്പിക്കാനും ഞാൻ പരിശ്രമിക്കുന്നു. ഈ നിമിഷം ദൈവം എന്നോടു മറ്റൊന്നും ആവശ്യപ്പെടുകയില്ല.”
 
1940 ആഗസ്റ്റു മാസത്തിൽ തെക്കേ ബവേറിയിലുള്ള ഏറ്റാൽ ആബിയിലേക്കു (Ettal Abbey) റൂപ്പർട്ടച്ചനെ സ്ഥലം മാറ്റി. അവിടെയും വിട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ജനങ്ങളെ ശുശ്രൂഷിക്കാൻ സാധിക്കാത്തതായിരുന്നു ഇക്കാലയളവിലെ അച്ചൻ്റെ ഏറ്റവും വലിയ സങ്കടം. എങ്കിലും പ്രാർത്ഥന വഴി തൻ്റെ പ്രിയപ്പെട്ട ജനങ്ങളെ സഹായിക്കുന്നത് അദ്ദേഹം തുടർന്നു. 1945 മെയ് മാസത്തിൽ മോചിതനായ റൂപ്പർട്ട് അച്ചൻ മ്യൂണിക്കിൽ തിരിച്ചെത്തുകയും പാവങ്ങൾക്കു വേണ്ടിയുള്ള ശുശ്രൂഷ വീണ്ടും ആരംഭിക്കുകയും ചെയ്തു. 1945 നവംബർ മാസം ഒന്നാം തീയതി മ്യൂണിക്ക് നഗരത്തിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ പള്ളിയിൽ സകല വിശുദ്ധന്മാരുടെ തിരുനാൾ ദിനത്തിൽ പ്രഭാത വിശുദ്ധ കുർബാനയുടെ മധ്യേ വചന സന്ദേശം നൽകുന്നതിനിടയിൽ റൂപ്പർട്ടച്ചനു പക്ഷാഘാതം (stroke ) വരുകയും വീഴുകയും ചെയ്തു. രണ്ടര മണിക്കൂറിനു ശേഷം മരണം സംഭവിക്കുകയും ചെയ്തു. റൂപ്പർട്ടച്ചൻ്റെ മരണവാർത്തയറിഞ്ഞ് മ്യൂണിക്ക് നഗരവാസികൾ ” ഞങ്ങളുടെ മയറച്ചൻ ഒരിക്കലും വീഴുകയില്ല – മരണത്തിനു പോലും അദ്ദേഹത്തെ വീഴിക്കാൻ കഴിയില്ല ” എന്നു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
 
ഈശോസഭാംഗങ്ങളെ സംസ്കരിക്കുന്ന മ്യൂണിക്കു നഗരത്തിനു സമീപമുള്ള പുള്ളാഹിലെ സിമിത്തേരിയിലാണ് (Ordensfriedhof in Pullach) റൂപ്പർട്ടച്ചനെ ആദ്യം സംസ്കരിച്ചത്. പിന്നീട് അദേഹത്തിൻ്റെ ഭൗതികാവശിഷ്ടം 1948 മെയ് മാസം ഇരുപത്തിമൂന്നാം തീയതി മ്യൂണിക്കിലെ ബുർഗർസാർ പള്ളിയുടെ താഴത്തെ പള്ളിയിലേക്കു
(Unterkirche des Münchner Bürgersaals). മാറ്റി. 1950 ൽ നാമകരണ നടപടികൾക്കു തുടക്കം കുറിച്ചു. റൂപ്പർട്ടച്ചനെ, ജർമ്മനിയിലെ വത്തിക്കാൻ സ്ഥാനപതിയായിരിക്കുമ്പോൾ വ്യക്തിപരമായി അറിയാമായിരുന്ന പീയൂസ് പന്ത്രണ്ടാമൻ പാപ്പ 1956 ൽ ദൈവദാസനായി പ്രഖ്യാപിച്ചു. 1987 മെയ് മാസം മൂന്നാം തീയതി മ്യൂണിക്കിലെ ഒളിമ്പിക്സ് സ്‌റ്റേഡിയത്തിൽ വച്ചു നടന്ന തിരുകർമ്മ മധ്യേ ജോൺ പോൾ രണ്ടാമൻ പാപ്പ, ഫാ. റൂപ്പർട്ട് മയറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
 
വാഴ്ത്തപ്പെട്ട റൂപ്പർട്ട് മയറിൻ്റെ പ്രാർത്ഥന
 
ദൈവമേ, നീ ആഗ്രഹിക്കുന്നതു പോലെ സംഭവിക്കട്ടെ.
നീ ആഗ്രഹിക്കുന്നിടത്തേക്കു ഞങ്ങൾ പോകും.
നിൻ്റെ ഹിതം എന്താണന്നറിയാൻ ഞങ്ങളെ സഹായിക്കണമേ.
ദൈവമേ, നീ ആഗ്രഹിക്കുന്ന സമയമാണ് ശരിയായ സമയം
നിന്നിലായിരിക്കുമ്പോൾ പിണക്കത്തിൽ പോലും ആനന്ദമുണ്ട്.
നിൻ്റെ ഹിതത്തിനായി ഞാൻ എൻ്റെ ജീവൻ നൽകും.
ഞാൻ നിന്നിൽ ആയിരിക്കുന്നിടത്തോളം
നിൻ്റെ ഭാരം ലഘൂകരിക്കുന്നതിൽ എനിക്കു വേദനയില്ല
നിനക്കായി എല്ലാം ഉപേക്ഷിക്കുക എന്നത് എൻ്റെ നേട്ടമാണ്.
ദൈവമേ, നീ ആഗ്രഹിക്കുന്നതിനാൽ അതു നല്ലതാണ്.
നീ ആഗ്രഹിക്കുന്നതിനാൽ എനിക്കു ധൈര്യമുണ്ട്.
എൻ്റെ ഹൃദയം നിൻ്റെ കരങ്ങളിൽ വിശ്രമിക്കട്ടെ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
02/11/2020

Author of the Content: Fr. Jison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s