ദിവ്യബലി വായനകൾ Tuesday of week 2 in Ordinary Time 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ചൊവ്വ, 19/1/2021

Tuesday of week 2 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

സങ്കീ 66:4

അത്യുന്നതനായ ദൈവമേ,
ഭൂമി മുഴുവനും അങ്ങയെ ആരാധിക്കുകയും
അങ്ങയെ പാടിപ്പുകഴ്ത്തുകയും
അങ്ങേ നാമത്തിന് സ്‌തോത്രമാലപിക്കുകയും ചെയ്യുന്നു.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍
ദയാപൂര്‍വം ശ്രവിക്കുകയും
ഞങ്ങളുടെ കാലയളവില്‍
അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 6:10-20
പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരം പോലെയാണ്.

പ്രിയപ്പെട്ടവരേ, നിങ്ങളുടെ പ്രവൃത്തികളും, വിശുദ്ധര്‍ക്കു നിങ്ങള്‍ ചെയ്തതും ചെയ്യുന്നതുമായ ശുശ്രൂഷയിലൂടെ തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും വിസ്മരിക്കാന്‍ മാത്രം നീതിരഹിതനല്ലല്ലോ ദൈവം. നിങ്ങളില്‍ ഓരോരുത്തരും നിങ്ങളുടെ പ്രത്യാശയുടെ പൂര്‍ത്തീകരണത്തിനായി അവസാനം വരെ ഇതേ ഉത്സാഹം തന്നെ കാണിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. അങ്ങനെ, നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍.
ദൈവം അബ്രാഹത്തിനു വാഗ്ദാനം നല്‍കിയപ്പോള്‍, തന്നെക്കാള്‍ വലിയവനെക്കൊണ്ടു ശപഥം ചെയ്യാന്‍ ആരുമില്ലാതിരുന്നതിനാല്‍, തന്നെക്കൊണ്ടു തന്നെ ശപഥം ചെയ്തു പറഞ്ഞു: നിശ്ചയമായും നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന് ഈ വാഗ്ദാനം പ്രാപിച്ചു. മനുഷ്യര്‍ തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടാണല്ലോ ശപഥം ചെയ്യുന്നത്. ശപഥമാണ് അവരുടെ എല്ലാ തര്‍ക്കങ്ങളും തീരുമാനിക്കുന്നതില്‍ അവസാനവാക്ക്. ദൈവം തന്റെ തീരുമാനത്തിന്റെ അചഞ്ചലത വാഗ്ദാനത്തിന്റെ അവകാശികള്‍ക്കു കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കാന്‍ നിശ്ചയിച്ചപ്പോള്‍ ഒരു ശപഥത്താല്‍ ഈ തീരുമാനം ഉറപ്പിച്ചു. മാറ്റമില്ലാത്തതും ദൈവത്തെ സംബന്ധിച്ചു വ്യാജമാകാത്തതുമായ ഈ രണ്ടു കാര്യങ്ങളിലൂടെ നമ്മുടെ മുന്‍പില്‍ വയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുന്നതിനു യത്‌നിക്കുന്ന നമുക്കു വലിയ പ്രോത്സാഹനം ലഭിക്കുന്നു. ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരംപോലെയാണ്. നമ്മുടെ മുന്നോടിയായി യേശു മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായിക്കൊണ്ട്, ഏതു വിരിക്കുള്ളില്‍ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക് ഈ പ്രത്യാശ കടന്നുചെല്ലുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 111:1-2,4-5,9,10c

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍!
നീതിമാന്മാരുടെ സംഘത്തിലും സഭയിലും
പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും.
കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;
അവയില്‍ ആനന്ദിക്കുന്നവര്‍ അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു.

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി;
കര്‍ത്താവു കൃപാലുവും വാത്സല്യനിധിയുമാണ്.
തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു;
അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു;
വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെ നാമം.
അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും!

കര്‍ത്താവ് തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 2:23-28
സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല.

ഒരു സാബത്തു ദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോവുകയായിരുന്നു. പോകുമ്പോള്‍, ശിഷ്യന്മാര്‍ കതിരുകള്‍ പറിക്കാന്‍ തുടങ്ങി. ഫരിസേയര്‍ അവനോടു പറഞ്ഞു: സാബത്തില്‍ നിഷിദ്ധമായത് അവര്‍ ചെയ്യുന്നത് എന്തുകൊണ്ട്? അവന്‍ ചോദിച്ചു: ദാവീദും അനുചരന്മാരും കൈവശം ഒന്നുമില്ലാതെ വിശന്നുവലഞ്ഞപ്പോള്‍ എന്തുചെയ്തുവെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ? അബിയാഥാര്‍ പ്രധാനപുരോഹിതനായിരിക്കെ ദാവീദ് ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്കു കൊടുക്കുകയും ചെയ്തില്ലേ? അവന്‍ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനു വേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല. മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ ബലിയുടെ ഓര്‍മ ആഘോഷിക്കുമ്പോഴെല്ലാം
ഞങ്ങളുടെ പരിത്രാണ കര്‍മമാണല്ലോ നിവര്‍ത്തിക്കപ്പെടുന്നത്.
അതിനാല്‍ ഈ ദിവ്യരഹസ്യങ്ങളില്‍
യഥായോഗ്യം പങ്കെടുക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 23:5

എന്റെ മുമ്പില്‍ അങ്ങ് വിരുന്നൊരുക്കി;
എന്റെ അമൂല്യമായ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Or:
1 യോഹ 4:16

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും
അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സ്‌നേഹത്തിന്റെ ചൈതന്യം
ഞങ്ങളില്‍ നിറയ്ക്കണമേ.
ഒരേ സ്വര്‍ഗീയ അപ്പത്താല്‍ അങ്ങ് പരിപോഷിതരാക്കിയ ഇവരെ
ഒരേ ഭക്താനുഷ്ഠാനത്താല്‍ ഒരുമയുള്ളവരാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🔵

Leave a comment