♦️♦️♦️ January 20 ♦️♦️♦️
വിശുദ്ധ ഫാബിയാന്‍ പാപ്പ
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
സമൂഹത്തില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഊര്‍ജ്ജസ്വലനായിരുന്ന പാപ്പായായിരുന്നു റോമാക്കാരനായിരുന്ന വിശുദ്ധ ഫാബിയാന്‍. തന്റെ നീണ്ട അപ്പസ്തോലിക ജിവിതത്തിനിടക്ക് നിരവധി മഹത്തായ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ വിശുദ്ധനു കഴിഞ്ഞു. മാക്സിമസ് ത്രാക്സ് ചക്രവര്‍ത്തിയുടെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്, പിന്‍ഗാമികളായി വന്ന ചക്രവര്‍ത്തിമാരുടെ കീഴില്‍ സമാധാനപരമായൊരു സഭാജീവിതം നയിക്കുവാന്‍ സാധിച്ചു. വര്‍ദ്ധിച്ചുവരുന്ന ദൈവജനത്തെ നയിക്കുവാനായി തന്റെ പുരോഹിത വൃന്ദത്തെ പുനസംഘടിപ്പിക്കുക എന്നതായിരുന്നു വിശുദ്ധന്‍ ചെയ്ത ആദ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. കൂടാതെ സെമിത്തേരികള്‍ വിശാലമാക്കുകയും മനോഹരമാക്കുകയും ചെയ്തു.
കാലിക്സ്റ്റസ് സെമിത്തേരിയിലെ ഭിത്തികളില്‍ മനോഹരമായ ചിത്രപണികള്‍ ചെയ്യുവാനും, അതിനു മുകളിലായി ഒരു ദേവാലയം പണിയുവാനും അദ്ദേഹം മുന്‍കൈ എടുത്തു. തുടര്‍ന്നു വന്ന ചക്രവര്‍ത്തിമാര്‍ ക്രിസ്ത്യാനികളെ അവരുടെ ഹിതമനുസരിച്ചു ജീവിക്കുവാന്‍ അനുവദിച്ചിരുന്നതിനാല്‍ വിശുദ്ധന്റെ കീഴില്‍ സഭക്ക് അതിവേഗം വളര്‍ച്ച ലഭിച്ചു.
ചക്രവര്‍ത്തിയായ ഡെസിയൂസ് അധികാരത്തില്‍ വന്നതോടെ ഈ സമാധാനാന്തരീക്ഷം തകര്‍ക്കപ്പെട്ടു. ക്രൂരനായ ഡെസിയൂസ് എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചുകൊണ്ട് വിജാതീയരുടെ ദൈവങ്ങളെ ആരാധിക്കുവാന്‍ കല്‍പ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ഇത് മൂലം സഭക്ക് നിരവധി വിശ്വാസികളെ നഷ്ടമായി, എന്നിരുന്നാലും നിരവധി പേര്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ക്രൂരമായ പീഡനങ്ങള്‍ സഹിക്കുകയും മരണം വരിക്കുകയും ചെയ്തു. ശത്രുക്കള്‍ പാപ്പായെ പിടികൂടുകയും തടവിലിടുകയും ചെയ്തു. ക്രൂരരായ തന്റെ മര്‍ദ്ദകരുടെ കരങ്ങളാല്‍ പാപ്പാ വധിക്കപ്പെട്ടു. കാലിക്സ്റ്റസ് സെമിത്തേരിയിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. അന്ന് ക്രിസ്തുവിനെ പ്രതി മരണം ഏറ്റു വാങ്ങിയവരില്‍ ആദ്യത്തെ രക്തസാക്ഷി പാപ്പയായ വിശുദ്ധ ഫാബിയാനാണ്.
ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️
1. അയര്‍ലണ്ടിലെ ഫെയിഗിന്‍
2. അയര്‍ലണ്ടിലെ മൊളാഗാ
3. റോമിലെ സെസനാ ബിഷപ്പായ മൌറൂസ്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
🌻പ്രഭാത പ്രാർത്ഥന🌻
ഉറക്കത്തിലും ഉണർവ്വിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവൻ നമുക്കുവേണ്ടി മരിച്ചത്.. (1തെസലോനിക്ക :5/10)
ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും പരിപാലകനുമായ എന്റെ ദൈവമേ..
ഈ പ്രഭാതത്തിൽ പ്രാർത്ഥനയോടെ അങ്ങയെ തേടാനും, പ്രാർത്ഥനയിലൂടെ അങ്ങയെ കണ്ടെത്താനും, പ്രാർത്ഥനാവരത്തിൽ അങ്ങയോടൊത്തു വസിക്കാനും ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. ഈ ലോകത്തിൽ വളരെ ചെറിയ ഒരു ജീവിതകാലഘട്ടമാണ് ഞങ്ങൾക്കുള്ളതെങ്കിലും സ്നേഹിതരാൽ എന്നും നിറയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കാറുണ്ട്.ബാല്യത്തിന്റെ നിഷ്കളങ്കതയിലും, കൗമാരത്തിന്റെയും യൗവനത്തിന്റെയും ആഘോഷങ്ങളിലും, വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലുകളിലുമൊക്കെ സ്നേഹിതരെ അന്വേഷിക്കുകയും, ആഗ്രഹിക്കുകയുമൊക്കെ ചെയ്യുന്ന മനസ്സാണ് ഞങ്ങൾക്കുള്ളത്. പക്ഷേ എത്രയൊക്കെ സ്നേഹിതരാൽ വലയം ചെയ്യപ്പെട്ടാലും ഞാൻ തനിച്ചായി പോയി എന്നു തോന്നുന്ന ഒരു സമയം എന്റെ ജീവിതത്തിൽ വന്നു ചേരും. അത്രയേറെ പ്രിയപ്പെട്ടവരുടെ സാമിപ്യത്താൽ പോലും ആശ്വസിപ്പിക്കപ്പെടാത്ത ഒരു സാഹചര്യം എന്റെ ജീവിതത്തിലും വന്നു ചേരും. എന്റെ ഈശോയേ.. ചുറ്റിലും ശൂന്യത മാത്രമാണെന്ന തിരിച്ചറിവിന്റെ അവസാന നിമിഷത്തിലായിരിക്കും ഞാൻ നിന്നിലേക്ക് മിഴികൾ ഉയർത്തുന്നതും, നിന്റെ ആണിപ്പഴുതുകളിൽ അഭയം തേടുന്നതും..
ഈശോയേ.. അപ്പോൾ ഞാൻ കാണുന്ന നിന്റെ മിഴികൾക്ക് എന്റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്ന, ഒരിക്കലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആശ്വാസത്തിന്റെ കുളിരനുഭവം പകർന്നു നൽകുന്ന അലിവിന്റെ ആർദ്ര ഭാവമായിരിക്കും. എന്റെ ലോകം എന്നും വ്യർത്ഥമായ സ്നേഹവ്യഗ്രതകളുടെ നിമിഷസുഖങ്ങൾ മാത്രം തിരയുകയായിരുന്നു എന്നു ഞാൻ അറിയുന്നു ഈശോയേ.. അപ്പോഴൊക്കെയും എനിക്ക് നഷ്ടപ്പെട്ടത് നിന്റെ സ്നേഹത്തിന്റെ ഹൃദയഭാവത്തിലേക്കുള്ള ചേർത്തുപിടിക്കലുകൾ ആയിരുന്നു. ഉറക്കത്തിലും ഉണർവ്വിലും എന്നോടൊന്നിച്ചു ജീവിക്കേണ്ടതിനു വേണ്ടി സ്വന്തം മരണത്തിലൂടെ നീ സ്വന്തമാക്കിയ എന്റെ ജീവന്റെ വിലയുള്ള സ്നേഹം ഇനിയെങ്കിലും എന്റെ ഹൃദയത്തിലും അനുഭവവേദ്യമാകട്ടെ നാഥാ.. അപ്പോൾ മരണത്തിന്റെ നിഴൽ വീണ താഴ് വരയിലൂടെ നടക്കുമ്പോഴും എന്റെ പാദങ്ങൾ അങ്ങയുടെ സ്നേഹമാർഗത്തിൽ നിന്നും ഒരിക്കലും വ്യതിചലിക്കുകയില്ല..
വിശുദ്ധഅന്തോണീസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ
കര്‍ത്താവു നല്ലവനാണ്, അവിടുത്തെകാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്‌തത തലമുറകളോളം നിലനില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 100 : 5