🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ, 27/1/2021
Saints Timothy and Titus, Bishops
on Wednesday of week 3 in Ordinary Time
Liturgical Colour: White.
പ്രവേശകപ്രഭണിതം
സങ്കീ 96:3-4
ജനതകളുടെ ഇടയില്‍ അവിടത്തെ മഹത്ത്വവും
ജനപദങ്ങളുടെ ഇടയില്‍ അവിടത്തെ
അദ്ഭുതപ്രവൃത്തികളും പ്രഘോഷിക്കുവിന്‍,
എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധരായ തിമോത്തിയെയും തീത്തൂസിനെയും
അപ്പസ്‌തോലിക പുണ്യങ്ങളാല്‍ അങ്ങ് അലങ്കരിച്ചുവല്ലോ.
ഇവര്‍ ഇരുവരുടെയും മധ്യസ്ഥത വഴി
ഈ കാലയളവില്‍ നീതിയോടും ഭക്തിയോടുംകൂടെ ജീവിതം നയിച്ച്,
സ്വര്‍ഗീയ പിതൃരാജ്യത്തില്‍ എത്തിച്ചേരാന്‍
ഞങ്ങള്‍ അര്‍ഹരാകുന്നതിന് അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.
2 തിമോ 1:1-8b
നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു.
യേശുക്രിസ്തുവിനോടുള്ള ഐക്യംവഴി ലഭിക്കുന്ന ജീവനെ സംബന്ധിക്കുന്ന വാഗ്ദാനമനുസരിച്ച് ദൈവഹിതത്താല്‍ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ പൗലോസ്, പ്രേഷ്ഠപുത്രനായ തിമോത്തേയോസിന് പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും കാരുണ്യവും സമാധാനവും.
രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു. നിന്റെ കണ്ണീരിനെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ നിന്നെ ഒന്നു കണ്ടു സന്തോഷഭരിതനാകാന്‍ ഞാന്‍ അതിനായി ആഗ്രഹിക്കുന്നു. നിന്റെ നിര്‍വ്യാജമായ വിശ്വാസം ഞാന്‍ അനുസ്മരിക്കുന്നു. നിന്റെ വലിയമ്മയായ ലോവീസിനും അമ്മയായ എവുനിക്കെയിക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കു ബോധ്യമുണ്ട്. എന്റെ കൈവയ്പിലൂടെ നിനക്കുലഭിച്ച ദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്‌നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്. നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. അവന്റെ തടവുകാരനായ എന്നെപ്രതിയും നീ ലജ്ജിതനാകരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.
സങ്കീ 96:1-2a,2b-3,7-8a,10
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍;
മഹത്വവും ശക്തിയും കര്‍ത്താവിന്റെതെന്ന് ഉദ്‌ഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം
അവിടുത്തെ മഹത്വപ്പെടുത്തുവിന്‍;
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍:
കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;
അതിന് ഇളക്കം തട്ടുകയില്ല;
അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
ജനതകളുടെയിടയില്‍ കര്‍ത്താവിന്റെ മഹത്വം പ്രഘോഷിക്കുവിന്‍.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മാര്‍ക്കോ 3:31-35
ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
അക്കാലത്ത്, യേശുവിന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്റെ അമ്മയും സഹോദരന്മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. അവന്‍ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ വിശുദ്ധരായ
തിമോത്തിയുടെയും തീത്തൂസിന്റെയും തിരുനാളില്‍ അര്‍പ്പിക്കുന്ന
അങ്ങേ ജനത്തിന്റെ കാണിക്കകള്‍ സ്വീകരിക്കുകയും
ആത്മാര്‍ഥഹൃദയത്തോടെ ഞങ്ങളെ അങ്ങേക്ക്
കാരുണ്യപൂര്‍വം സ്വീകാര്യരാക്കിത്തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മര്‍ക്കോ 16:15; മത്താ 28:20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ ലോകമെങ്ങുംപോയി സുവിശേഷം പ്രസംഗിക്കുവിന്‍;
എല്ലാ ദിവസവും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
അപ്പസ്‌തോലിക പ്രബോധനങ്ങള്‍ പഠിപ്പിച്ചതും
വിശുദ്ധരായ തിമോത്തിയുടെയും തീത്തോസിന്റെയും
പ്രയത്‌നത്താല്‍ സംരക്ഷിച്ചതുമായ വിശ്വാസത്തെ
ഞങ്ങള്‍ സ്വീകരിച്ച കൂദാശ ഞങ്ങളിലും പരിപോഷിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵