🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

02-Feb-2021, ചൊവ്വ

The Presentation of the Lord – Feast 

Liturgical Colour: White.

EITHER: ——–

ഒന്നാം വായന

മലാ 3:1-4

നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും.

കര്‍ത്താവായ ദൈവം അരുളി ചെയ്യുന്നു: ഇതാ, എനിക്കു മുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍, അവിടുത്തെ വരവിന്റെ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന് പ്രത്യക്ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നി പോലെയും അലക്കുകാരന്റെ കാരംപോലെയുമാണ് അവിടുന്ന്. വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നവനെപ്പോലെ അവിടുന്ന് ഉപവിഷ്ടനാകും. ലേവി പുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനു വേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്ന പോലെ ശുദ്ധീകരിക്കും. അപ്പോള്‍ യൂദായുടെയും ജറുസലെമിന്റെയും ബലി പഴയകാലത്തെന്ന പോലെ കര്‍ത്താവിന് പ്രീതികരമാകും.

OR: ——–

ഒന്നാം വായന

ഹെബ്രാ 2:14-18

അവന്‍ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു.

മക്കള്‍ ഒരേ മാംസത്തിലും രക്തത്തിലും ഭാഗഭാക്കുകളാവുന്നതു പോലെ യേശുവും അവയില്‍ ഭാഗഭാക്കായി. അത് മരണത്തിന്മേല്‍ അധികാരമുള്ള പിശാചിനെ തന്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെന്നാല്‍, അവന്‍ സ്വന്തമായി എടുത്തത് ദൈവദൂതന്മാരെയല്ല, അബ്രാഹത്തിന്റെ സന്തതിയെയാണ്. ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനു വേണ്ടി ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാന്‍ അവന്‍ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു. അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതു കൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു സാധിക്കുമല്ലോ.

——–

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 24:7,8,9,10

R. മഹത്വത്തിന്റെ രാജാവ് കര്‍ത്താവു തന്നെ.

കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!

R. മഹത്വത്തിന്റെ രാജാവ് കര്‍ത്താവു തന്നെ.

ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവു തന്നെ.

R. മഹത്വത്തിന്റെ രാജാവ് കര്‍ത്താവു തന്നെ.

കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍;
പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ!

R. മഹത്വത്തിന്റെ രാജാവ് കര്‍ത്താവു തന്നെ.

ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്റെ രാജാവ്.

R. മഹത്വത്തിന്റെ രാജാവ് കര്‍ത്താവു തന്നെ.

____

സുവിശേഷ പ്രഘോഷണവാക്യം

ലൂക്കാ 2:32

അല്ലേലൂയാ, അല്ലേലൂയാ!

അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.

അല്ലേലൂയാ!

____

സുവിശേഷം

ലൂക്കാ 2:22-40

അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു.

മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടു പോയി. കടിഞ്ഞൂല്‍ പുത്രന്മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നു വിളിക്കപ്പെടണം എന്നും, ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നത് അനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതു വരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്മാര്‍ ദേവാലയത്തില്‍ കൊണ്ടു ചെന്നു. ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചു കൊണ്ട് പറഞ്ഞു: കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച്
ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ! എന്തെന്നാല്‍, സകല ജനതകള്‍ക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടു കഴിഞ്ഞു. അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.
അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അത്ഭുതപ്പെട്ടു. ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.
ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെ ഉണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു. എണ്‍പത്തിനാലു വയസ്സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചു കൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു. അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടു വന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷ പ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ച ശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി. ശിശു വളര്‍ന്നു. ജ്ഞാനം നിറഞ്ഞു ശക്തനായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Fediverse reactions
February 2021
S M T W T F S
 123456
78910111213
14151617181920
21222324252627
28  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading