ദിവ്യബലി വായനകൾ – Wednesday of the 5th week of Eastertide 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

05-May-2021, ബുധൻ

Wednesday of the 5th week of Eastertide 

Liturgical Colour: White.

____

ഒന്നാം വായന

അപ്പോ. പ്രവ. 15:1-6

ജറുസലെമില്‍ച്ചെന്ന് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.

യൂദയായില്‍ നിന്നു ചിലര്‍ അവിടെ വന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്‌ഛേദനം ചെയ്യപ്പെടാത്ത പക്ഷം രക്ഷ പ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാര്‍ണബാസും അവരോടു വിയോജിക്കുകയും വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്മൂലം, ജറുസലെമില്‍ച്ചെന്ന് അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പൗലോസും ബാര്‍ണബാസും അവരുടെ കൂട്ടത്തില്‍പ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു. സഭയുടെ നിര്‍ദ്ദേശമനുസരിച്ചു യാത്ര തിരിച്ച അവര്‍ വിജാതീയരുടെ മാനസാന്തര വാര്‍ത്ത വിവരിച്ചു കേള്‍പ്പിച്ചു കൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നു പോയി. സഹോദരന്മാര്‍ക്കെല്ലാം വലിയ സന്തോഷമുളവായി. ജറുസലെമില്‍ എത്തിയപ്പോള്‍ സഭയും അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങള്‍ മുഖാന്തരം പ്രവര്‍ത്തിച്ച കാര്യങ്ങള്‍ അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഫരിസേയരുടെ ഗണത്തില്‍ നിന്നു വിശ്വാസം സ്വീകരിച്ച ചിലര്‍ എഴുന്നേറ്റു പ്രസ്താവിച്ചു: അവരെ പരിച്‌ഛേദനം ചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന് അവരോടു നിര്‍ദേശിക്കുകയും ചെയ്യുക ആവശ്യമാണ്. ഇക്കാര്യം പരിഗണിക്കാന്‍ അപ്പോസ്തലന്മാരും ശ്രേഷ്ഠന്മാരും ഒരുമിച്ചു കൂടി.

കർത്താവിന്റെ വചനം.
____

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 122:1-2,3-4ab,4cd-5

R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ജറുസലെമേ, ഇതാ ഞങ്ങള്‍ നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം. അതിലേക്കു ഗോത്രങ്ങള്‍ വരുന്നു, കര്‍ത്താവിന്റെ ഗോത്രങ്ങള്‍.

R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

ഇസ്രായേലിനോടു കല്‍പിച്ചതു പോലെ,
കര്‍ത്താവിന്റെ നാമത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

R. കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

____

സുവിശേഷ പ്രഘോഷണവാക്യം

യോഹ 10:14

അല്ലേലൂയാ, അല്ലേലൂയാ!

ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതു പോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.

അല്ലേലൂയാ!

Or:

യോഹ 15:4,5

അല്ലേലൂയാ, അല്ലേലൂയാ!

കര്‍ത്താവ് അരുള്‍ ചെയ്യുന്നു: നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

അല്ലേലൂയാ!

____

സുവിശേഷം

യോഹ 15:1-8

ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

യേശു പറഞ്ഞു: ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, ഫലം തരുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതു പോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ച ശാഖ പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച് തീയിലിട്ടു കത്തിച്ചു കളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചു കൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയുംചെയ്യുന്നതു വഴി പിതാവ് മഹത്വപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a comment