ഡോ: അലക്സിസ് കാരൽ : ലൂർദ്ദു മാതാവ് വഴി നടത്തിയ വൈദ്യൻ

ഡോ: അലക്സിസ് കാരൽ : ലൂർദ്ദു മാതാവ് വഴി നടത്തിയ വൈദ്യൻ

 
എല്ലാ ഫെബ്രുവരി 11നു ലൂർദ്ദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ: അലക്സിസ് കാരൽ. ഫ്രഞ്ചു ശസ്ത്രക്രിയവിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ ദൈവവിശ്വാസത്തിലേക്കു തിരികെ വന്ന അത്ഭുത സംഭവ കഥ
 
ഫ്രാൻസിലെ ഒരു ചെറുപട്ടണത്തിൽ 1873 ജൂൺ 28 ന് ഒരു കത്തോലിക്കാ കുടുംബത്തിലാണ് അലക്സിസ് കാരൽ ജനിച്ചത്.ഈശോസഭക്കാരുടെ സ്കൂളിൽ പഠിച്ചിരുന്ന അലക്സിസ് പതിവായി വിശുദ്ധ കുർബാനയ്ക്കു പോയിരുന്നു. നിർഭാഗ്യവശാൽ കോളേജു വിദ്യാഭ്യാസം ആരംഭിച്ചതോടെ സഭാ കാര്യങ്ങളിൽ നിന്നു അകലാൻ തുടങ്ങി ഒരു അജ്ഞേയവാദിയായി. കത്തോലിക്കാ വിശ്വാസത്തെ തള്ളിപ്പറഞ്ഞ അലക്സിസ് കാരൽ ദൈവത്തെ തള്ളിപ്പറയാൻ തുടങ്ങി
എന്നിരുന്നാലും ലൂർദ്ദിലെ അസാധാരണമായ ഒരു അത്ഭുതം കാരലിനെ വിശ്വാസത്തിലേക്കു തിരികെ കൊണ്ടുവന്നു. പഠനത്തിൽ മിടുക്കനായിരുന്ന കാരൽ വൈദ്യശാസ്ത്രം പഠിച്ചു, ലോകോത്തര ശാസ്ത്രജ്ഞനായി.മനുഷ്യ ശരീരത്തിനു പുറത്തു അവയവങ്ങൾക്കു ജീവൻ നിലനിർത്താൻ കഴിയുന്ന സാങ്കേതികവിദ്യ അദ്ദേഹം വികസിപ്പിച്ചു. അവയവദാന സംസ്കാരത്തിന്റെ മേഖലയിൽ ഒരു വൻ കുതിച്ചു ചാട്ടമായിരുന്നു അത്. കൂടാതെ മുറിവുകൾ വൃത്തിയാക്കുന്നതിനു ഒരു നൂതന ചികത്സാരീതിയും അദ്ദേഹം കണ്ടെത്തി. മുറിഞ്ഞ രക്തക്കുഴലുകൾ ഒന്നിച്ചു ചേർത്തു തുന്നീകെട്ടാനുള്ള സാങ്കേതികവിദ്യ കണ്ടു പിടിച്ചതിനു കാരലിനു 1912 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം തേടിയെത്തി.
 
1858 ലാണ് പരിശുദ്ധ കന്യകാമറിയം ആദ്യമായി ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടത്, ലൂർദിലെ അത്ഭുത ജലത്താൽ ധാരാളം രോഗികൾ ഇന്നും സൗഖ്യം പ്രാപിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിൽ ഫ്രഞ്ചു മെഡിക്കൽ സംഘം വളരെ സംശയത്തോടെയാണു ലൂർദ്ദിലെ അത്ഭുതങ്ങളെ നോക്കി കണ്ടിരുന്നത്. അതിമാനുഷികമായ ശക്തികളെ അവർ ബോധപൂർവ്വം നിഷേധിച്ചു. മാരിയാ ബെയ്ലി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നതു വരെ കാരലും തികഞ്ഞ അവജ്ഞയോടെയാണ് ലൂർദ്ദിലെ അത്ഭുതങ്ങളെ കണ്ടിരുന്നത്.
 
ലൂർദ്ദിലെ അത്ഭുതങ്ങളുടെ പൊള്ളത്തരം പുറത്തു കാണിക്കണം എന്ന ഏക ലക്ഷ്യത്തോടെ ലൂർദ്ദിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു ഡോ: കാരലും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും. ക്ഷയരോഗത്തെ തുടർന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്ന മാരിയാ ബയ്ലിയെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്നോണം ലൂർദ്ദിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അടുക്കൽ കൊണ്ടുപോവുകയായിരുന്നു മാതാപിതാക്കളും സുഹൃത്തുക്കളും. യാത്രാമധ്യേ അവളുടെ രോഗം മൂർച്ഛിച്ചു. അവൾ അർദ്ധബോധാവസ്ഥയിലായി. രോഗ കാഠിന്യത്താൽ അവളുടെ വയർ വീർത്തിരുന്നു. . അവരുടെ ലൂർദ്ദു യാത്രയെ അപലപിച്ചങ്കിലും താൽകാലികാശ്വാസത്തിനായി ഡോ: കാരൽ അവൾക്കു മോർഫിൻ നൽകി. ലൂർദ്ദിൽ മാരിയ ജീവനോടെ എത്തുമെന്നു ഡോ: കാരലിനു പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ വൈദ്യശാസ്ത്രത്തിന്റെ നിഗമനം ആയിരുന്നില്ല ദൈവീക പദ്ധതി. അവർ ലൂർദ്ദിലെത്തി മാരിയാ ബയ്ലിയുടെ കൂട്ടുകാർ അവളെ വേഗം മാതാവിന്റെ ഗ്രോട്ടോയിലേക്കു കൊണ്ടുപോയി, മൂന്നു പാത്രം വെള്ളം അവർ മാരിയായുടെ ശരീരത്തിലൊഴിച്ചു. സൂചി കുത്തുന്ന വേദനയായിരുന്നു അവൾക്ക് .പൊടുന്നനെ അവളുടെ വയറും രക്തസമ്മർദ്ദവും സാധാരണ സ്ഥിതിയിലായി, വൈകുന്നേരത്തെ ഡിന്നറിനു ആരോഗ്യവാനായ വ്യക്തി കഴിക്കുന്ന ഭക്ഷണം അവൾ കഴിച്ചു.
 
ശാസ്ത്രജ്ഞനായ കാരലിനു എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. മാരിയായുടെ അത്ഭുതമായിരുന്നു എന്നു ഡോക്ടറിനറിയാം പക്ഷേ പരസ്യമായി അതു പ്രഖ്യാപിച്ചാൽ അതു തന്റെ മെഡിക്കൽ കരിയറിനെ സാരമായി ബാധിക്കുമെന്നു കാരൽ കരുതി. അതിനാൽ ലൂർദ്ദു യാത്ര പരസ്യമാക്കാൻ ഡോ: കാരൽ തുനിഞ്ഞില്ല.
 
പക്ഷേ ബയ്ലിയുടെ രോഗശാന്തി ഫ്രാൻസിൽ മുഴുവൻ വൻ വാർത്തയായി, ഡോ: അലക്സിസ് കാരൽ ഈ അത്ഭുതത്തിനു ദൃക്സാസാക്ഷിയാണന്നു വാർത്ത കാട്ടുതീ പോലെ ഫ്രാൻസിൽ പരന്നു. പൊതുവായി മത വിശ്വാസങ്ങളെ പരിഹസിച്ചും ഒരു അത്ഭുതത്തിന്റെ സാധ്യത തള്ളിക്കളയാതെയും, പറയുന്നതെല്ലാം അതുപോലെ ശരിയല്ല എന്ന ഒരു പൊതു പ്രസ്താവന പുറത്തിറക്കി ഡോ: കാരൽ രക്ഷപ്പെടാൻ നോക്കി. അത്ഭുഭുതങ്ങളുടെ സാധ്യതകളെ തള്ളിക്കളയുന്ന മെഡിക്കൽ മേഖലയെയും കാരൽ വിമർശിച്ചു.
 
ആതുര മേഖലയിൽ ഇതു വലിയ ഒരു വിവാദത്തിനു വഴിമരിന്നിട്ടു. ഇത്രമാത്രം പ്രശസ്തനായ ഒരു ശാസ്ത്രജ്ഞൻ എങ്ങനെയാണു അത്ഭുതങ്ങളുടെ സാധ്യതകളെപ്പറ്റി സംസാരിക്കാൻ കഴിയുക? ഫ്രാൻസിൽ ഡോ: കാരലിന്റ മെഡിക്കൽ കരിയറിനു മരണമണി മുഴങ്ങി. അതിനാൽ കാനഡയിലേക്കും പിന്നീടു അമേരിക്കയിലേക്കു പോയ ഡോ: കാരൽ അവസാനം ന്യൂയോർക്കിലുള്ള റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച്ചിൽ (Rockefeller Institute of Medical Research ) ശുശ്രൂഷ ചെയ്തു.
 
മാരിയേ ബായ്ലി ഇതിനിടയിൽ ഒരു സന്യാസസഭയിൽ ചേർന്നു. ലൂർദ്ദിൽ താൻ സാക്ഷ്യം വഹിച്ച അത്ഭുതം പരസ്യമായി പ്രഖ്യാപിക്കാൻ അതിനായി മനസ്സു ഹൃദയവുമൊരുക്കാൻ ഡോ. കാരലിനു 25 വർഷം വേണ്ടിവന്നു. അവസാനം 1939 ൽ കത്തോലിക്കാ സഭയിലേക്കു തിരികെ വരുന്നതിനായി കാരൽ ഒരു കത്തോലിക്കാ വൈദീകനെ സമീപിച്ചു. അവർ സുഹൃത്തുക്കളായി മൂന്നു വർഷങ്ങൾക്കു ശേഷം ഡോ: കാരൽ ഒരു വിശ്വാസ പ്രഖ്യാപനം നടത്തി: ” ദൈവം ഉണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ആത്മാവിന്റെ അമർത്യതയിലും, വെളിപാടിലും കത്തോലിക്കാ സഭ പഠിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു.” മറ്റൊരിക്കൽ പ്രാർത്ഥനയെപ്പറ്റി അദ്ദേഹം പറഞ്ഞു: “ഒരുവനു സൃഷ്ടിക്കാൻ കഴിയുന്ന ഏറ്റവും വലിയ ഊർജ്ഞം പ്രാർത്ഥനയാണ്… അനുദിന ജീവിതം നിലനിർത്തുന്നതിനാവശ്യമായ ശക്തി പ്രാർത്ഥന നൽകുന്നു.”
 
1944 നവംബർ 5നു ഡോ: കാരൽ നിത്യസമ്മാനത്തിനായി യാത്രയായി.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/

Leave a comment