ദിവ്യബലി വായനകൾ 1st Sunday of Lent 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________

🔵 ഞായർ, 21/2/2021

1st Sunday of Lent 

Liturgical Colour: Violet.

പ്രവേശകപ്രഭണിതം

cf. സങ്കീ 91:15-16

അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ അവനെ ശ്രവിക്കും.
ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്ത്വപ്പെടുത്തുകയും
ദീര്‍ഘായുസ്സു നല്കുകയുംചെയ്യും.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ആണ്ടുതോറുമുള്ള തപസ്സുകാലത്തിലെ
കൂദാശകളുടെ അനുഷ്ഠാനംവഴി
ക്രിസ്തുവിന്റെ രഹസ്യം ഗ്രഹിക്കാന്‍ തക്കവണ്ണം ഞങ്ങള്‍ വളരാനും
അനുയുക്തമായ ജീവിതശൈലിവഴി
അതിന്റെ ഫലങ്ങള്‍ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 9:8-15
ജലപ്രളയത്തിനു ശേഷം ദൈവം നോഹയുമായി ചെയ്ത ഉടമ്പടി.

നോഹയോടും പുത്രന്മാരോടും ദൈവം വീണ്ടും അരുളിച്ചെയ്തു: നിങ്ങളോടും നിങ്ങളുടെ സന്തതികളോടും ഞാനിതാ ഒരു ഉടമ്പടി ചെയ്യുന്നു. അതോടൊപ്പം നിന്റെ കൂടെ പെട്ടകത്തില്‍ നിന്നു പുറത്തുവന്ന ജീവനുള്ള സകലതിനോടും – പക്ഷികള്‍, കന്നുകാലികള്‍, കാട്ടുജന്തുക്കള്‍ എന്നിവയോടും – നിങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാന്‍ ഉറപ്പിക്കുന്നു. ഇനിയൊരിക്കലും വെള്ളപ്പൊക്കം കൊണ്ട് ജീവജാലങ്ങളെല്ലാം നശിക്കാന്‍ ഇടവരുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടാവില്ല. ദൈവം തുടര്‍ന്നരുളിച്ചെയ്തു: എല്ലാ തലമുറകള്‍ക്കും വേണ്ടി നിങ്ങളും സകല ജീവജാലങ്ങളുമായി ഞാന്‍ സ്ഥാപിക്കുന്ന എന്റെ ഉടമ്പടിയുടെ അടയാളം ഇതാണ്: ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ വില്ലു ഞാന്‍ സ്ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കുമേലേ മേഘത്തെ അയയ്ക്കുമ്പോള്‍ അതില്‍ മഴവില്ലു പ്രത്യക്ഷപ്പെടും. നിങ്ങളും സര്‍വജീവജാലങ്ങളുമായുള്ള എന്റെ ഉടമ്പടി ഞാനോര്‍ക്കും. സര്‍വജീവനെയും നശിപ്പിക്കാന്‍ പോരുന്ന ഒരു ജലപ്രളയം ഇനിയൊരിക്കലും ഉണ്ടാകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 25:4-5,6-7,8-9

അങ്ങേ കല്‍പ്പനകള്‍ പാലിക്കുന്നവര്‍ക്ക് അങ്ങേ പാതകള്‍ വിശ്വസ്തതയും കാരുണ്യവുമാണ്.

കര്‍ത്താവേ, അങ്ങേ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
അങ്ങേ സത്യത്തിലേക്ക് എന്നെ നയിക്കണമേ!
എന്നെ പഠിപ്പിക്കണമേ!
എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം.

അങ്ങേ കല്‍പ്പനകള്‍ പാലിക്കുന്നവര്‍ക്ക് അങ്ങേ പാതകള്‍ വിശ്വസ്തതയും കാരുണ്യവുമാണ്.

കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച
അങ്ങേ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ!
കര്‍ത്താവേ, അങ്ങേ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി
കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!

അങ്ങേ കല്‍പ്പനകള്‍ പാലിക്കുന്നവര്‍ക്ക് അങ്ങേ പാതകള്‍ വിശ്വസ്തതയും കാരുണ്യവുമാണ്.

കര്‍ത്താവു നല്ലവനും നീതിമാനുമാണ്.
പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു;
വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.

അങ്ങേ കല്‍പ്പനകള്‍ പാലിക്കുന്നവര്‍ക്ക് അങ്ങേ പാതകള്‍ വിശ്വസ്തതയും കാരുണ്യവുമാണ്.

രണ്ടാം വായന

1 പത്രോ 3:18-22b
നോഹിന്റെ കാലത്തു ജലത്തിലൂടെ രക്ഷപ്രാപിച്ചതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു.

ക്രിസ്തുതന്നെയും പാപങ്ങള്‍ക്കു വേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കു വേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയില്‍ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു അത്. ആത്മാവോടുകൂടെ ചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു. അതിന്റെ സാദൃശ്യമുള്ള ജ്ഞാനസ്‌നാനം ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു. അതു നിങ്ങളുടെ ശരീരത്തിലെ മാലിന്യത്തിന്റെ നിര്‍മാര്‍ജനമല്ല; മറിച്ച്, ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ഉത്ഥാനംവഴി ദൈവത്തോടു നടത്തുന്ന പ്രാര്‍ഥനയാണ്. യേശുക്രിസ്തുവാകട്ടെ, സ്വര്‍ഗത്തിലേക്കു പ്രവേശിച്ച് ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവിടുത്തേക്കു കീഴ്‌പ്പെട്ടുമിരിക്കുന്നു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….

സുവിശേഷം

മാര്‍ക്കോ 1:12-15
സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു, ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.

ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവന്‍ മരുഭൂമിയില്‍ വസിച്ചു. അവന്‍ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചു.
യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗലീലിയിലേക്കു വന്നു. അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, കാഴ്ചവയ്ക്കാനുള്ള ഈ യാഗദ്രവ്യങ്ങള്‍വഴി,
ധന്യമായ കൂദാശയുടെതന്നെ ആരംഭം ആഘോഷിക്കുന്ന ഞങ്ങളെ
അതിന് യഥോചിതം യോഗ്യരാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

മത്താ 4:4

മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല,
ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന
ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.
cf. സങ്കീ 90:4
കര്‍ത്താവ് നിന്നെ അവിടത്തെ ചിറകുകള്‍കൊണ്ടു മറച്ചുകൊള്ളും;
അവിടത്തെ തൂവല്‍ക്കീഴില്‍ നീ പ്രത്യാശവയ്ക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശ്വാസം പരിപോഷിപ്പിക്കുകയും
പ്രത്യാശ വര്‍ധമാനമാക്കുകയും
ഉപവി ശക്തിപ്പെടുത്തുകയും ചെയ്യുന്ന
സ്വര്‍ഗീയ അപ്പത്താല്‍ പരിപോഷിതരായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ജീവനുള്ളതും സത്യവുമായ അപ്പമാകുന്ന അവിടത്തെ
തീക്ഷ്ണമായി ആഗ്രഹിക്കാന്‍ ഞങ്ങള്‍ പഠിക്കുകയും
അങ്ങേ വായില്‍ നിന്നു പുറപ്പെടുന്ന
ഓരോ വാക്കു കൊണ്ടും ജീവിക്കാന്‍
ശക്തരാകുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ജനങ്ങളുടെ മേലുള്ള പ്രാര്‍ത്ഥന

കര്‍ത്താവേ, സമൃദ്ധമായ അനുഗ്രഹം
അങ്ങേ ജനത്തിന്റെമേല്‍ ഇറങ്ങിവരട്ടെ.
അങ്ങനെ, ക്ലേശങ്ങളില്‍ പ്രത്യാശ വളരുന്നതിനും
പ്രലോഭനങ്ങളില്‍ പുണ്യം ദൃഢീകരിക്കുന്നതിനും
നിത്യരക്ഷ പ്രാപിക്കുന്നതിനും ഞങ്ങള്‍ക്കിടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ആമേന്‍.

ആമേൻ.

🔵

Leave a comment