പുലർവെട്ടം 444

{പുലർവെട്ടം 444}

 
“Happiness is holding someone in your arms and knowing you hold the whole world.”
– Orhan Pamuk, Snow
 
യേശു സ്നേഹിച്ചിരുന്ന ഒരാൾ അവന്റെ വക്ഷസ്സിനോട് ചേർന്നുകിടന്നു.
 
യേശു പേര് പറയാൻ താല്പര്യപ്പെടാത്ത അയാൾ യോഹന്നാൻ തന്നെയാണെന്നാണ് പാരമ്പര്യം പറയുന്നത്. യേശുവിന്റെ കഥയെഴുതുമ്പോൾ ഒരിടത്തുപോലും പറയാതെ ആ പേര് അയാൾ ബോധപൂർവ്വം ഒഴിവാക്കിയതാണ്. എന്നിട്ടും അനാമികയെന്ന ഭാരതീയ നാമം പോലെ അതിൽ അഴകിന്റെ ഒരു തിരി തെളിഞ്ഞു കത്തുന്നുണ്ട്.
 
St. John at Last Supper
 
അല്ലെങ്കിൽത്തന്നെ ഒരാൾക്ക് മേനി പറയാൻ മറ്റെന്തുണ്ട്? അഗാധമായി സ്നേഹിക്കപ്പെട്ടു എന്നൊരു ധൈര്യമല്ലാതെ വാഴ്വിൽ ഒരാൾക്ക് മറ്റെന്ത് മൂലധനമാണുള്ളത്!
 
പതിമൂന്നാം നൂറ്റാണ്ടിൽ നിന്നാണ്. ഫ്രാൻസിസ് എന്ന ഒരു ചെറുപ്പക്കാരനെ കുറേപ്പേർ വളഞ്ഞുചുറ്റി ആക്രമിച്ചു. അയാളുടെ നീക്കങ്ങളും ചേഷ്ടകളും അവരിൽ ചില അനിഷ്ടങ്ങൾ തീർത്തിരുന്നു. ആരാണയാൾ എന്നാണ് അവർ അതിനിടയിലും ആരാഞ്ഞത്. Herald of the most high എന്നാണ് അയാൾ അപ്പോഴും മറുപടി പറയുന്നത്. ‘അത്യുന്നതന്റെ കുഴലൂത്തുകാരൻ’ എന്നല്ലാതെ മറ്റെന്തിനെക്കുറിച്ചാണ് അയാൾ അഭിമാനിക്കേണ്ടത്?
 
The secret of loving is living loud എന്ന് Marx Lucado യുടെ കണ്ടെത്തലുണ്ട്.
 
പന്ത്രണ്ടുപേരിൽ അയാൾ ഏറ്റവും ചെറുപ്പമാണെന്നാണ് കരുതുന്നത്. എന്നാൽ, ബാക്കിയുള്ളവരുമൊക്കെ ഇളമുറക്കാരാണ്. അതങ്ങനെയല്ലെന്നൊരു തോന്നൽ ചിത്രകാരൻമാർ സൃഷ്ടിച്ചെടുത്തതാണ്. മധ്യവയസ്കരായ കുറേപ്പേരെ അവനോടൊപ്പം ശിഷ്യരായി ചേർത്ത് വരയ്ക്കാനാണ് എല്ലാ വിശ്വോത്തര ചിത്രകാരന്മാരും ശ്രദ്ധിച്ചിരുന്നത്. പതിനഞ്ചിനും ഇരുപത്തിയൊന്നിനുമിടയിൽപ്പെടുന്ന ഒരു പറ്റം ചെറുപ്പക്കാരായിരുന്നു അവന്റെ ശിഷ്യസമൂഹം. സ്നാപകയോഹന്നാൻ കണ്ടെത്തിയതുപോലെ, അവന്റെ കയ്യിൽ ഒരദൃശ്യ വീശുമുറമുണ്ടായിരുന്നു. യവനക്കാരുടെ ഉള്ളിലെ കനലിനെ ആളിക്കത്തിക്കുവാൻ അത് ധാരാളം മതിയായിരുന്നു. യുവാക്കളുടെ ഒരു സംഘമായി ശിഷ്യസമൂഹത്തെ മനസ്സിലാക്കുമ്പോൾ സുവിശേഷത്തിലെ പല പദങ്ങൾക്കും പുതിയ ഒരു ഭംഗിയുണ്ടാകുന്നു. ‘കുഞ്ഞുങ്ങളേ’, എന്ന അവന്റെ വിളി Boys എന്ന് തിരുത്തി നോക്കൂ; ‘ഗുരോ’ എന്ന വിളി Master എന്നും. ഇരിപ്പിടങ്ങൾക്കു വേണ്ടി പിടിവാശി പറയുകയും അമ്മയെ വിളിച്ചു കൊണ്ടുവന്ന് ശുപാർശകൾ ചോദിപ്പിക്കുകയും ഒക്കെ ചെയ്യുന്നവർ മധ്യവയസ്സിന്റെ സങ്കല്പവുമായി സിങ്ക് ചെയ്യില്ലെന്ന് ഒന്നോർത്താൽ സ്വയം ബോധ്യപ്പെടാവുന്നതേയുള്ളൂ. അവന്റെ കാലത്തെ രീതിയനുസരിച്ച് അവരുടെ യൗവ്വനം ഇങ്ങനെയാണ് ക്രമപ്പെടുത്തിയിരുന്നത്.
 
പന്ത്രണ്ടും പിന്നെ ഒരെഴുപതും ചേർന്ന ഒരു ശിഷ്യഗണത്തെക്കുറിച്ചാണ് സുവിശേഷം പറയുന്നത്. ഒരു ചെറിയ ഗ്രാമത്തിൽ മധ്യവയ്കരായ കുറഞ്ഞത് എൺപത്തി രണ്ടുപേർ തൊഴിലും കുടുംബവുമൊക്കെ ഉപേക്ഷിച്ച് മൂന്ന് വർഷക്കാലം അലഞ്ഞു എന്നുള്ളത് എത്ര ശക്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കണം. അതങ്ങനെയാകാൻ തരമില്ലാത്തതുകൊണ്ടുതന്നെ ഈ കുഞ്ഞുണ്ണി മാഷും കുട്യോളും എന്നൊക്കെ പറയുന്ന മാതിരി യേശുവും പിള്ളേരും എന്നൊക്കെ വായിച്ചു തുടങ്ങുമ്പോൾ സുവിശേഷത്തിൽ നിന്ന് കുറേക്കൂടി സന്തോഷം ചിതറുന്നില്ലേ?
 
സ്നേഹത്തിന്റെ ചില അടിസ്ഥാനപാഠങ്ങളിലേക്ക് പ്രവേശിക്കുകയാണ് കൂട്ടത്തിലെ ആ ചെറിയ കുട്ടി. അവനോട് ചേർന്നിരിക്കുമ്പോൾ അതൊരു പുരുഷന്റെ നെഞ്ചാണെന്നുപോലും തോന്നുന്നില്ല. മാറ് എന്ന പദമാണ് ഉപയോഗിക്കുന്നത്. ശിരസ്സിനെ ഹൃദയത്തിന് കീഴ്പ്പെടുത്തി ശുദ്ധസ്നേഹത്തിന്റെ സ്തന്യം കുടിയ്ക്കുകയാണ് അവന് പ്രിയപ്പെട്ടൊരാൾ.
 
(അവലംബം: How old were Christ’s disciples’ / Otis Cary and Frank Cary)
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment