Pularvettom / പുലർവെട്ടം

പുലർവെട്ടം 448

{പുലർവെട്ടം 448}

 
അനന്തരം അവൻ അപ്പമെടുത്ത് വാഴ്ത്തി അരുൾ ചെയ്തു: ഇതെന്റെ ശരീരമാണ്. എടുത്തുകൊള്ളുക. (മാത്യു 26: 26)
 
ഒരു പ്രണയത്തിന്റെ പ്രാരംഭകാലത്തുതന്നെ അവളുടെ ഉടലിൽ അവന്റെ കൗതുകങ്ങൾ കുരുങ്ങി. കുറച്ചുകാലമായി സുവിശേഷത്തിലെ അളവുകളായിരുന്നു അവളുടെ ഏകകം. യേശുവിന് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് അവളതിൽ തിരഞ്ഞത്. അങ്ങനെയാണ് ശരീരം ഏറ്റവും ഒടുവിലേയ്ക്ക് വേണ്ടി കരുതിവച്ച ഉപഹാരമാണെന്ന് അവൾക്ക് ബോധ്യപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ മടങ്ങിപ്പോകുന്നതിന്റെ പതിനെട്ട് മണിക്കൂർ മുമ്പ്! ഒരു വെള്ളിയാഴ്ച മൂന്ന് മണിക്കാണ് അവൻ മരിച്ചതെങ്കിൽ തലേന്ന് സന്ധ്യയ്ക്കായിരുന്നു ആ പെസഹാ അത്താഴം.
 
ശരീരത്തിനു വേണ്ടി തങ്ങളുടെ ബന്ധം ഇനിയും പാകപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് അവളുടെ മിഴികൾ സജലമായി. ഉത്തമഗീതത്തിൽ നിന്ന് ആരോ പാടുന്നുണ്ട്: സമയമാകുന്നതിന് മുൻപ് എന്റെ പ്രേമത്തെ നീയുണർത്തരുതേ. ഉടലിന്റെ ഭംഗിയിൽ ഭ്രമിച്ച് അതിനെ വലം ചുറ്റി ഒടുവിൽ അതിനപ്പുറത്തേക്ക് പോകാനാകാതെ കുഴഞ്ഞുനിന്ന എല്ലാ ബന്ധങ്ങളെയും വിചാരണ ചെയ്യുന്നുണ്ട് അവന്റെ പ്രകാശമുള്ള മൊഴികൾ.
 
ശരീരത്തിന്റെ നാഴിയിൽ ഒതുങ്ങാത്ത എന്തോ ഒന്ന് പൊങ്കൽകുടത്തിലെന്നപോലെ പതഞ്ഞുകവിയുന്നുണ്ട്. അതിന്റെ അഭാവത്തിൽ രതി കേവലം കായികചര്യയാവുന്നു. പെസഹാ മേശയിലെന്നതുപോലെ ശയ്യാഗൃഹത്തിന്റെ ജാലകങ്ങളിൽ മെഴുകുതിരികളാളുന്നില്ല. അവർക്ക് മീതേ ആദരവിന്റെ ഇളങ്കാറ്റ് വീശുന്നില്ല.
 
അപ്പം അവന്റെ കാലത്തിന് മുമ്പേ തന്നെ പല സംസ്കാരങ്ങളിലും ശരീരത്തിന്റെ ധ്വനികൾ ഉയർത്തിയിരുന്നു. അവരുടെ പദസമ്പത്തിൽ ഉർവ്വരതയെ സൂചിപ്പിക്കുവാൻ അത് ധാരാളമായി ഉപയോഗിച്ചിരുന്നു. പുരാതന റോമിന്റെ ഉത്സവദിനങ്ങളിൽ വിളമ്പിയിരുന്ന രുചികരമായ ഒരു പേസ്റ്റ്റി പ്ലാസന്റെ – മറുപിള്ള എന്നർത്ഥം വരുന്ന ലാറ്റിൻ പദം കൊണ്ടാണ് വിളിച്ചിരുന്നത്. പുളിമാവിന് അമ്മയെന്ന് അർത്ഥമുള്ള madre എന്ന വിശേഷണം കൂടിയുണ്ട് സ്പാനിഷ് ഭാഷയിൽ .ഇപ്പോഴും ‘a bun in the oven’ അവളുടെ ഗർഭകാലത്തെ സൂചിപ്പിക്കുവാനുള്ള ഒരു ശൈലിയാണ്.
 
കെട്ടുപോയ ശരീരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വേദപുസ്തകം ആരംഭിക്കുന്നത്. അത് വെളിപാടിൽ അവസാനിക്കുമ്പോൾ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയെക്കുറിച്ചാണ് പറയുന്നത്. പ്രകാശമുള്ള ശരീരബോധത്തിലേയ്ക്ക് ഇനിയും സഞ്ചാരം ആരംഭിക്കാവുന്നതേയുള്ളൂ. ഘടികാരത്തിൽ സമയം അടക്കം ചെയ്തിട്ടില്ലെങ്കിലും അതിന്റെ മിടിപ്പുകൾ കൊണ്ട് സമയത്തെ അടയാളപ്പെടുത്തുന്നതുപോലെ ഉടലിൽ സ്നേഹമില്ലെന്നും എന്നാൽ അതിന്റെ സ്പന്ദനങ്ങൾ കൊണ്ട് സ്നേഹത്തെ അളക്കാനാവുമെന്നുമുളള അർത്ഥത്തിൽ യഹൂദി അമിച്ചായുടെ ഒരു കവിത ഓർക്കുന്നുണ്ട്.
 
വാഴ്ത്തിയ ശരീരബോധത്തിന്റെ ധ്വനികൾ കൊണ്ട് ഈ അത്താഴം എത്ര സ്നേഹസാന്ദ്രമാവുന്നു.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

1 reply »

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s